പ്രവാസി പുനരധിവാസ വായ്പ: അപേക്ഷ ക്ഷണിച്ചു

Share our post

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നോര്‍ക്ക റൂട്ട്സുമായി ചേര്‍ന്ന് നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പ പദ്ധതിയായ പ്രവാസി പുനരധിവാസ വായ്പ പദ്ധതിക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സംരംഭകത്വ ഗുണമുള്ള യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ തൊഴില്‍ രഹിതരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം. ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങി വരുന്ന പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് പരമാവധി 20 ലക്ഷം രൂപ വരെ ഈ വായ്പ അനുവദിക്കുന്നത്.

നല്‍കുന്ന വായ്പയുടെ 15 ശതമാനം ബാക്ക് എന്‍ഡഡ് സബ്സിഡിയായും, തിരിച്ചടവ് വീഴ്ച കൂടാതെ നടത്തുന്ന സംരംഭകര്‍ക്ക് ആദ്യത്തെ നാല് വര്‍ഷ കാലത്തേക്ക് മൂന്ന് ശതമാനം പലിശ സബ്സിഡിയായും നോര്‍ക്ക റൂട്ട്സ് അനുവദിക്കും. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനമനുസരിച്ചാണ് വായ്പ നല്‍കുക.

3.50 ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള അപേക്ഷകര്‍ക്ക് അഞ്ച് ലക്ഷം രൂപയും, അതിനു മുകളില്‍ 10 ലക്ഷം രൂപ വരെ വരുമാനമുള്ള അപേക്ഷകര്‍ക്ക് 10 ലക്ഷം രൂപയും, 10 മുതല്‍ 15 ലക്ഷം രൂപ വരെ വരുമാനമുള്ള അപേക്ഷകര്‍ക്ക് 20 ലക്ഷം രൂപയുമാണ് പരമാവധി വായ്പ നല്‍കുക. കൃത്യമായി തവണ സംഖ്യകള്‍ തിരിച്ചടക്കുന്നവര്‍ക്ക് നോര്‍ക്ക സബ്സിഡി പരിഗണിക്കുമ്പോള്‍ വായ്പയുടെ പലിശ നിരക്ക് നാല് മുതല്‍ ആറ് ശതമാനം വരെയും, തിരിച്ചടവ് കാലയളവ് അഞ്ച് വര്‍ഷവുമാണ്.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും. അപേക്ഷയോടൊപ്പം ജാതി, കുടുംബ വാര്‍ഷിക വരുമാനം, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പ് കൂടി ഉള്ളടക്കം ചെയ്യണം.

അപേക്ഷയും അനുബന്ധ രേഖകളും നോര്‍ക്ക റൂട്സിന്റെ വെബ് സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിച്ച് അപേക്ഷകര്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടതിനാല്‍ ജില്ലാ ഓഫീസില്‍ നിന്നും പിന്നീട് ആവശ്യപ്പെടുന്ന സമയത്ത് മറ്റ് വിവരങ്ങള്‍ ഹാജരാക്കേണ്ടതാണ്. ഫോണ്‍: 0497 2705036, 9400068513.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!