പോർക്കലി ഭഗവതി ക്ഷേത്രത്തിൽ തിറ ഉത്സവത്തിനു തുടക്കം
മാഹി : മനസ്സ് അറിഞ്ഞു പ്രാർഥിച്ചാൽ വിളിപ്പുറത്ത് അമ്മ മഹാമായ പോർക്കലി ഭഗവതിയുടെ അനുഗ്രഹം ലഭിക്കും എന്ന് ഭക്തർ സാക്ഷ്യപ്പെടുത്തുന്ന പള്ളൂർ ചിരുകണ്ടോത്ത് പോർക്കലി ഭഗവതി ക്ഷേത്രത്തിൽ തിറ ഉത്സവത്തിന്റെ ദിനരാത്രങ്ങൾ തുടങ്ങി.
മാഹി ബൈപാസിൽ നിന്നും വിളിപ്പാട് അകലെയാണ് ക്ഷേത്രം. പോർക്കലി ഭഗവതിയുടെ അത്ഭുതകരമായ അനുഭവസാക്ഷ്യം ചിരുകണ്ടോത്ത് ദേവസ്ഥാനം പ്രതീക്ഷയറ്റവർക്കും ദുരിതത്തിൽ മനസ്സ് തളരുന്നവർക്കും ആശ്രയമായി മാറ്റിക്കഴിഞ്ഞു.
ഐശ്വര്യവും സമാധാനവും അമ്മയുടെ മുൻപിൽ പ്രാർഥിച്ചാൽ ലഭിക്കും എന്നത് ചിരുകണ്ടോത്ത് ക്ഷേത്ര മഹത്വം ആയി മാറി. 400ൽ പരം വർഷം പഴക്കമുള്ള പുരാതനവും അതിപ്രശസ്തവുമായ ഒരു നമ്പ്യാർ തറവാടാണ് ചിരുകണ്ടോത്ത്.
ശ്രീകണ്ഠാപുരത്ത് നിന്നും വന്നവരാണ് പൂർവികർ. ആദ്യ പേര് ശ്രീകണ്ഠത്ത് എന്നാണെന്നും ലോപിച്ച് ചിരുകണ്ടോത്ത് ആയതാണെന്നും പറയപ്പെടുന്നു. വാരന്തയിൽ നിന്നും മൂന്ന് അടി ഉയരത്തിൽ കെട്ടിപ്പൊക്കി മരം കൊണ്ട് തീർത്ത കൂടാണ് കരണവർ സങ്കൽപം. കുടുംബ പാരമ്പര്യ ആചാര പ്രകാരമാണ് ചടങ്ങുകൾ.
തറവാട്ട് ഭവനത്തിൽ തെക്കിനിയിൽ കാരണവരും മച്ചകത്തമ്മയും അങ്കക്കാരൻ, ബപ്പൂരൻ, ഗുളികൻ, ഘണ്ടാകർണൻ, ഇളയിടത്ത് ഭഗവതി, നാഗങ്ങൾക്ക് ചിത്രകൂട സങ്കൽപം നൽകി ആരാധിക്കുന്നു.
85 വർഷങ്ങൾക്ക് മുൻപ് മുടങ്ങിപ്പോയ തിറ ഉത്സവം 2007 മുതൽ ആചാരപൂർവം നടത്തിവരുന്നു. വെസ്റ്റ് പള്ളൂരിലെ ചുമട് താങ്ങിയും കിണറും തറവാട്ടിലെ പൂർവികരുടെ സംഭാവനയാണ്.
പള്ളൂർ കോയ്യോട്ടുതെരു മഹാഗണപതി ക്ഷേത്രത്തിലെ മേലായിമാരാണ് ചിരുകണ്ടോത്ത് തറവാട്ടുകാർ എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
ഗണപതി ഭഗവാന്റെ അന്തിയുറക്കത്തിനായി തറവാട്ടിലെ തെക്കിനിയിൽ എത്താറുണ്ടെന്ന് ഐതിഹ്യം. ഇന്ന് രാവിലെ 10നു തന്ത്രിയുടെ സാന്നിധ്യത്തിൽ തറവാട്ട് കാരണവർ ഏറ്റുവാങ്ങി സമർപ്പിക്കും.
