പാതിവഴിയിൽ കണ്ണീരണിയിച്ച്…
തളിപ്പറമ്പ്: ‘ആദ്യം ശരിക്കും പേടിച്ചു പോയി. രാത്രി ഡി1 കംപാർട്മെന്റിൽ ഞാനിരുന്ന സീറ്റിന് 4 സീറ്റുകൾക്കു പിറകിൽ നിന്നായി അഗ്നിഗോളങ്ങൾ ഉരുണ്ടു വരുന്നു. അലറിക്കരച്ചിലും ബഹളവും പരക്കം പാച്ചിലും. എന്താണു സംഭവിച്ചതെന്നു മനസ്സിലാക്കാൻ അൽപസമയം വേണ്ടി വന്നു.
ആരോ തീ കൊളുത്തിയതാണെന്ന് മനസ്സിലായി. ഓടിച്ചെന്നു നോക്കിയപ്പോൾ കുടുംബസുഹൃത്തും കണ്ണൂർ സർവകലാശാല ജീവനക്കാരിയുമായ റൂബി ചേച്ചി ഉൾപ്പെടെ ഒട്ടേറെപ്പേർക്കു പൊള്ളലേറ്റിരിക്കുന്നു.
ഉടൻതന്നെ ഞങ്ങൾ ചെയിൻ വലിച്ചു. എന്നാൽ നല്ല വേഗത്തിലുള്ള വണ്ടി 2–3 മിനിറ്റുകൾ കഴിഞ്ഞാണു പാലത്തിനു മുകളിൽ നിന്നത്. അപ്പോഴേക്കും 2 പേർ പുറത്തേക്ക് ചാടിയെന്നു യാത്രക്കാർ പറഞ്ഞു. ട്രെയിൻ പുഴയുടെ മുകളിൽ ആയതിനാൽ ആരെയും പുറത്തിറക്കാൻ സാധിക്കാത്ത അവസ്ഥ.
പൊള്ളലേറ്റവരെ പതിയെ നടത്തിച്ച് അടുത്ത കംപാർട്മെന്റ് വഴിയാണ് പുറത്തേക്കു കൊണ്ടുപോയത്. സാരമായി പൊള്ളലേറ്റ ഒരാളെ തുണിയിൽ കിടത്തി മറ്റുള്ളവരുടെ സഹായത്തോടെ പതിയെ അടുത്ത കംപാർട്മെന്റുകൾ വഴി പുറത്തെത്തിച്ചു.
വണ്ടി നിന്ന് മിനിറ്റുകൾ കഴിഞ്ഞിട്ടും റിസർവേഷൻ കംപാർട്മെന്റ് ആയിട്ടും ടിടിഇയോ ആർപിഎഫോ പൊലീസോ എത്തിയിരുന്നില്ല. അൽപസമയം കൂടി കഴിഞ്ഞാണ് ടിടിഇ എത്തിയത്. 20 മിനിറ്റു കഴിഞ്ഞാണ് പട്രോളിങ് സംഘമെന്ന് കരുതുന്ന ഒരു പൊലീസ് വാഹനം എത്തിയത്. സാരമായി പൊള്ളലേറ്റയാളെ ഈ വാഹനത്തിൽ കയറ്റി വിട്ടു. ട്രെയിൻ യാത്ര തുടർന്ന് തലശ്ശേരി എത്തിയപ്പോഴാണ് അഗ്നിരക്ഷാ വിഭാഗം എത്തിയത്.
തലയിൽ പെട്രോൾ വീണതും ഓടി
അക്രമി പെട്രോൾ കുപ്പിയുടെ മൂടി അഴിക്കുമ്പോൾ ആത്മഹത്യക്കു ശ്രമിക്കുകയാണെന്നാണു കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.വി.ലതീഷ് (50) വിചാരിച്ചത്. പെട്രോൾ തന്റെ തലയിൽ ഒഴിച്ചപ്പോൾ അപകടം മനസ്സിലാക്ക അടുത്ത കോച്ചിലേക്ക് ഓടി. അപ്പോഴേക്കും തലയ്ക്ക് തീ പിടിക്കുകയും കയ്യിലുള്ള ഫോണിന്റെ സ്ക്രീൻ ഗാർഡ് കത്തുകയും ചെയ്തിരുന്നു. കൂടെയുണ്ടായിരന്ന ജോതീന്ദ്രനാഥിനു കൂടുതൽ പൊള്ളലേറ്റിരുന്നു. ജോതീന്ദ്രനാഥിനെ ട്രെയിനിലെ ശുചിമുറിയിൽ കൊണ്ടു പോയി തീയണച്ചു.
കാറ്റിൽ കത്തിപ്പടർന്നു
അക്രമം ഭീകരമായ അനുഭവമായിരുന്നെന്നു കണ്ണൂർ ഗവ.എൻജിനീയറിങ് കോളജ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് പഠന വിഭാഗം മേധാവി വി.വിനോദ് കുമാർ. കോളജിലെ 93 ബാച്ച് പൂർവ വിദ്യാർഥികളുടെ മീറ്റിനുള്ള ആലോചനയ്ക്കായി കൂട്ടായ്മയിലെ 6 പേർക്കൊപ്പം അങ്കമാലിയിലേക്ക് പോയി മടങ്ങുകയായിരുന്നു. ഇവരിൽ 4 പേർക്കു പൊള്ളലേറ്റു.
കെഎസ്ഇബി എക്സി. എൻജിനീയർ ജ്യോതീന്ദ്രനാഥ്, കെഎസ്ഇബി കണ്ണൂർ ഐടി വിഭാഗം എൻജിനീയർ പി.സി.ലതീഷ്, തളിപ്പറമ്പ് സ്വദേശിയും പാപ്പിനിശ്ശേരി കെഎസ്ഇബി എക്സി. എൻജിനീയർ പ്രകാശൻ, കണ്ണൂർ സർവകലാശാല ജീവനക്കാരി എ.വി.റൂബി എന്നിവർക്കാണ് പൊള്ളലേറ്റത്.
കോഴിക്കോട് കഴിഞ്ഞതോടെ ട്രെയിനിൽ തിരക്ക് കുറഞ്ഞിരുന്നു. എല്ലാവരും കോറിഡോറിനു സമീപത്തെ സീറ്റിലേക്ക് മാറിയിരുന്നു വിശ്രമിക്കുന്നതിനിടെയാണ് അക്രമം. പ്രകോപനമൊന്നുമില്ലാതെ പെട്ടെന്നൊരാൾ യാത്രക്കാരുടെ ഇടയിലേക്ക് കുപ്പിയിൽ കരുതിയ പെട്രോൾ തെറിപ്പിച്ചു തീകൊടുത്തു. രണ്ടാമത്തെ കുപ്പിയിലുള്ള പെട്രോൾ കൂടി പടരുന്ന തീയിലേക്ക് ഒഴിച്ചു.
വേഗത്തിൽ കടന്നുപോകുന്ന ട്രെയിനുള്ളിലേക്ക് നല്ല കാറ്റ് വീശുന്നതിനാൽ തീ പ്രത്യേക രീതിയിൽ രൂപപ്പെട്ടു കംപാർട്മെന്റിനുള്ളിൽ തന്നെ ആളിപ്പടർന്നു. മിക്കവരുടെയും വസ്ത്രം, മുടി എന്നിവയ്ക്കാണ് തീപിടിച്ചത്.
