മധു കേസ്: ‘തെളിഞ്ഞത് മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം’, നീതിപൂര്‍വമായ വിധിയെന്ന് പ്രതിഭാഗം

Share our post

മണ്ണാര്‍ക്കാട് (പാലക്കാട്): മധുവധക്കേസില്‍ മണ്ണാര്‍ക്കാട് പട്ടിക ജാതി-പട്ടികവര്‍ഗ പ്രത്യേക കോടതിയില്‍ നിന്നുണ്ടായത് നീതി പൂര്‍വ്വമായ വിധിയാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ സിദ്ദിഖ്.

മനപ്പൂര്‍വ്വം മധുവിനെ കൊല്ലണമെന്ന് പ്രതികള്‍ക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. ഇക്കാര്യം കണ്ടെത്തിയാണ് പ്രതികള്‍ക്കെതിരേ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയതെന്നും അഭിഭാഷകന്‍ പറഞ്ഞു. കോടതി വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മനപൂര്‍വ്വം കൊല്ലണമെന്ന ഉദ്ദേശം പ്രതികള്‍ക്കില്ലെന്നാണ് കോടതി കണ്ടെത്തിയത്. അതുകൊണ്ടാണ് 302 വകുപ്പ് ഒഴിവാക്കി മനപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം 304 (2) ചേര്‍ത്തത്.

ഈ വകുപ്പില്‍ പരമാവധി 10 വര്‍ഷം വരെയാണ് ശിക്ഷ ലഭിക്കുക. കൃത്യത്തില്‍ വലിയ പങ്കില്ലെന്ന് കണ്ടെത്തിയാണ് രണ്ടു പ്രതികളെ കോടതി വെറുതെവിട്ടത്. മറ്റു പ്രതികള്‍ക്കെതിരായ കോടതി വിധിക്കെതിരേ അപ്പീല്‍ പോകുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം, കോടതി വിധി അനുകൂലമാണെന്നും ശാസ്ത്രീയ തെളിവുകളും ഡിജിറ്റല്‍ തെളിവുകളും കേസില്‍ വളരെ നിര്‍ണായകമായിരുന്നുവെന്നും പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍ പ്രതികരിച്ചു.

പ്രതികള്‍ക്കെതിരേ മനപൂര്‍വ്വമായ നരഹത്യാക്കുറ്റം ഒഴിവാക്കിയ കാര്യത്തില്‍ വിധിയുടെ പകര്‍പ്പ് കിട്ടിയ ശേഷം പ്രതികരിക്കാമെന്നും അഭിഭാഷകന്‍ പറഞ്ഞു.

കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. നാലും 11-ഉം പ്രതികള്‍ ഒഴികെ മറ്റു പ്രതികളായ ഹുസൈന്‍, ഷംസുദീന്‍, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോന്‍, അബ്ദുള്‍കരീം, സജീവ്, സതീഷ്, ഹരീഷ്, ബൈജു, മുനീര്‍ എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുള്ളത്.

നാലാം പ്രതി അനീഷ്, 11-ാം പ്രതി മരയ്ക്കാര്‍ എന്നിവരെ കോടതി വെറുതെവിട്ടു. മധുവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്ന കുറ്റമാണ് നാലാം പ്രതി അനീഷിനെതിരെ ചുമത്തിയിരുന്നത്.

11-ാം പ്രതി മരയ്ക്കാര്‍ക്കെതിരെ ചുമത്തിയിരുന്നത് മധുവിനെ കള്ളനെന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന കുറ്റമാണ്. 16-ാം പ്രതിക്കെതിരേ മൂന്ന് മാസത്തില്‍ കുറഞ്ഞ ശിക്ഷ ലഭിക്കുന്ന കുറ്റം മാത്രമാണ് ചുമത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!