തുടക്കം പനി, നാലാഴ്ച നീളുന്ന ശ്വാസംമുട്ടല്‍; സംസ്ഥാനത്ത് ചികിത്സ തേടിയെത്തുന്നത് ആയിരങ്ങള്‍
കണ്ണൂര്‍: നാലുദിവസത്തെ പനി,തുടര്‍ന്ന് നാലാഴ്ച നീണ്ടുനില്‍ക്കുന്ന ശ്വാസംമുട്ടലും വലിവും. സംസ്ഥാനത്ത് വൈറല്‍ പനിയും ആസ്ത്മയുടെ സമാന ലക്ഷണങ്ങളുമായി ആയിരങ്ങളാണ് ചികിത്സയില്‍. ഇതില്‍ കുട്ടികളുമുള്‍പ്പെടുന്നു
രോഗം അപകടാവസ്ഥ ഉണ്ടാക്കുന്ന ഘട്ടത്തിലേക്ക് എത്തുന്നില്ലെങ്കിലും ജീവിതച്ചെലവ് ഉയരുന്ന സാഹചര്യത്തില്‍ ചികിത്സയ്ക്കും കൂടുതല്‍ പണം കണ്ടെത്തേണ്ടിവരുന്നു. പതിനോരായിരത്തോളം പേരാണ് പനിയും ശ്വാസംമുട്ടലുമായി കഴിഞ്ഞദിവസം സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സ തേടിയത്. സ്വകാര്യ ആസ്പത്രികളില്‍ ഇതിന്റെ ഇരട്ടിയോളം രോഗികളെത്തുന്നുണ്ട്. കൂടുതല്‍ പേര് കിടത്തിച്ചികിത്സയ്ക്ക് എത്തുന്നതും സ്വകാര്യ ആസ്പത്രികളിലാണ്.
ഇന്‍ഫ്ളുവന്‍സ വൈറസ്, റെസ്പിേററ്ററി സിന്‍സീഷ്യല്‍ വൈറസ് പോലുള്ള പലതരം വൈറസുകള്‍ അസുഖത്തിന് കാരണമാകുന്നുണ്ട്. അതില്‍ പലതും ശ്വാസനാളികളുടെ നീര്‍ക്കെട്ടിന് കാരണമാകുന്നു.
ബാധിച്ചത് മൂന്നു തരത്തില്‍
ആസ്ത്മയുടെ സമാനലക്ഷണങ്ങള്‍ ഇതുവരെ വന്നിട്ടില്ലാത്തവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ, നെഞ്ചില്‍ മുറുക്കം, കുറുകല്‍, വലിവ്.
ആസ്ത്മ നിയന്ത്രണത്തിലായിരുന്നവരില് അസുഖം തിരിച്ചുവന്നു. മരുന്ന് ആവശ്യമില്ലാതിരുന്നവര്‍ ഇന്‍ഹേലര്‍/ഗുളിക ഉപയോഗിക്കേണ്ടി വരുന്നു.
ഇന്‍ഹേലര്‍ ഉപയോഗിച്ച് ആസ്ത്മ നിയന്ത്രിച്ചിരുന്നവരില്‍ രോഗാവസ്ഥ വല്ലാതെ വഷളായി. രോഗികള്‍ ഇന്‍ഹേലറിനു പുറമെ മറ്റു മരുന്നുകളും ഉപയോഗിക്കേണ്ടിവരുന്നു.
വേണം ചികിത്സ
ആസ്ത്മ വഷളായി ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. രോഗികളില്‍ ഇന്‍ഹേലറിന് പുറമെ ശ്വാസനാളികളുടെ വികാസത്തിനുള്ള മരുന്നുകളും ചിലര്‍ക്ക് ഹ്രസ്വകാലത്തേക്ക് സ്റ്റിറോയ്ഡുകളും വേണ്ടിവരും. ആസ്ത്മ ഇതുവരെ ഇല്ലാതിരുന്നവരിലും ചുമയും കുറുകലുമൊക്കെ മാറാന്‍ കാലതാമസം വരുന്നുണ്ട്.
-ഡോ.പി.എസ്.ഷാജഹാന്,
പ്രൊഫസര്‍, പള്‍മണറി മെഡിസിന്, ഗവ. ടി.ഡി. മെഡിക്കല്‍ കോളേജ്, ആലപ്പുഴ
ലീവാണ് പലരും, ചെലവും കൂടി
ആസ്ത്മ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും വഷളാകുകയും ചെയ്യുന്നത് ഒട്ടേറെ ആളുകളുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്. പലരും ദിവസങ്ങളോളം ജോലിയില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവരുന്നു. നിത്യവരുമാനക്കാരെ ഇത് വലിയ പ്രതിസന്ധിയിലാക്കുന്നു. ശ്വാസംമുട്ടലും വലിവും കൂടുന്നവരിലും മറ്റ് ജീവിതശൈലീരോഗങ്ങള്‍ ഉള്ളവരിലും കിടത്തിച്ചികിത്സ വേണ്ടിവരുന്നു.
