കാലത്തിന് മുന്നേ നടന്ന് ചെറുപുഴ ഗ്രാമീണ ഗ്രന്ഥാലയം
ചെറുപുഴ:ലഹരിയുടെ വിപത്ത് നേരത്തെ തിരിച്ചറിഞ്ഞ സാംസ്‌കാരിക സ്ഥാപനമാണ് ചെറുപുഴയിലെ ഗ്രാമീണ വായനശാല. മദ്യപാനം നിർത്തിയവരുടെ കൂട്ടായ്മയായ ആൽക്കഹോളിക് അനോനിമസ് എല്ലാ ഞായറാഴ്ചയും വൈകിട്ട് ആറുമുതൽ ഒമ്പതു വരെ ഇവിടെ ഒത്തുചേർന്ന് ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുന്നു. അടുത്തിടെ പലരും തുടങ്ങിയ ലഹരിക്കെതിരെയുള്ള പോരാട്ടം വളരെ നേരത്തെ ഏറ്റെടുത്തിരുന്നു ഗ്രാമീണ വായനശാല.
മലയോരത്തിന്റെ കായികതലസ്ഥാനമായ ചെറുപുഴയിൽ നവോത്ഥാനത്തിന് തുടക്കമിട്ടതും ഈ വായനശാലയാണ്. ആറ് പതിറ്റാണ്ടോളമായി കഥകളും കവിതകളും വിരിയിച്ചു.1964ലാണ് ചെറുപുഴയുടെ സാംസ്കാരികരംഗത്തെ ഉന്നമനത്തിനായി ഗ്രാമീണ വായനശാല സ്ഥാപിച്ചത്. 1970ൽ ലൈബ്രറി കൗൺസിൽ അംഗീകാരം നേടി. പിന്നീടുണ്ടായ ജൈത്രയാത്രയ്‌ക്ക് എ. പ്ലസ് ഗ്രേഡിന്റെ തിളക്കവുമുണ്ട്. സമൂഹത്തിന്റെ സർവകാര്യങ്ങളും ചർച്ചചെയ്യുന്ന തുറന്ന ഇടവുമാണ്.
വായനശാലയിൽ പ്രവർത്തിക്കുന്ന ജനസേവനകേന്ദ്രം പൊതുജനങ്ങൾക്ക് പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, റവന്യു, വിദ്യാഭ്യാസ വകുപ്പ്, സപ്ലൈ ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ ചെയ്തുകൊടുക്കുന്നു. എല്ലാ വ്യാഴാഴ്ചയും രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറു വരെ പ്രത്യേക കൗൺസലിങ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. പിഎസ്‌സി പരിശീലനം, സാന്ത്വന പരിചരണം തുടങ്ങിയവ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. രണ്ട് പതിറ്റാണ്ടായുള്ള യോഗാ പരിശീലനവും അക്ഷരസേനാ പ്രവർത്തനങ്ങളും ടൗണിൽ സ്ഥാപിച്ച പുസ്തകക്കൂടും സാംസ്‌കാരിക സ്ഥാപനങ്ങൾക്ക് മാതൃകയാണ്.
ചെറുപുഴ ടൗണിൽ നാല് നില കെട്ടിടം സ്വന്തമായുണ്ട്. ഇവിടെ 19,000 പുസ്തകങ്ങളും 936 അംഗങ്ങളുമുണ്ട്. റിട്ട. അധ്യാപകരായ വി കൃഷ്ണൻ പ്രസിഡന്റും കെ ദാമോദരൻ സെക്രട്ടറിയുമായ ഭരണസമിതിയാണ് നിലവിലുള്ളത്. കണ്ണൂരിൽ നടക്കുന്ന അന്താരാഷ്ട്ര ലൈബ്രറി കോൺഗ്രസിൽ പ്രദർശിപ്പിക്കാൻ ഡോക്യുമെന്ററി തയ്യാറാക്കുന്ന തിരക്കിലാണിപ്പോൾ ഗ്രാമീണ വായനശാലയെന്ന് ഇരുവരും പറഞ്ഞു. രാജ്യത്തെയും സംസ്ഥാനത്തെയും ലൈബ്രറികളുടെ പ്രവർത്തനം മനസ്സിലാക്കാനും പഠിക്കാനും ലൈബ്രറി കോൺഗ്രസ് ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.
