കരിവെള്ളൂരിലെ ബീഡിക്കമ്പനിയിൽ ഓർമകൾ പുതുക്കി പന്ന്യൻ രവീന്ദ്രൻ
പയ്യന്നൂർ: ജീവിതത്തിലേക്കു കൈപിടിച്ചുയർത്തിയ ബീഡിക്കമ്പനിയുടെ ഗൃഹാതുരത്വ സ്മരണകളുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ കരിവെള്ളൂരിലെ ബീഡിക്കമ്പനിയിൽ എത്തി. കരിവെള്ളൂർ സമരത്തിന്റെ 75ാം വാർഷിക ഭാഗമായി യുവകലാസാഹിതി നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കരിവെള്ളൂരിൽ എത്തിയതായിരുന്നു പന്ന്യൻ രവീന്ദ്രൻ.
പാർട്ടി പ്രവർത്തകരുമായി കരിവെള്ളൂർ സമരം ചർച്ച ചെയ്തപ്പോൾ കരിവെള്ളൂരിലെ ബീഡിക്കമ്പനികളും ചർച്ചാ വിഷയമായി. തന്റെ ജീവിതം ആരംഭിച്ചത് ബീഡി കമ്പനിയിലൂടെയാണെന്ന് പറഞ്ഞ പന്ന്യൻ രവീന്ദ്രന് കരിവെള്ളൂരിലെ ബീഡിക്കമ്പനിയിൽ കയറാൻ താൽപര്യം പ്രകടിപ്പിച്ചു. സിപിഐ പ്രവർത്തകർക്കൊപ്പം ദിനേശ് ബീഡി കമ്പനിയിൽ കയറിയ പന്ന്യൻ
തന്റെ 3 വർഷത്തെ ബീഡിത്തൊഴിലിനെ കുറിച്ച് വാചാലനായി. ബീഡി തൊഴിലാളിയായിരുന്ന അച്ഛൻ മരിച്ചപ്പോൾ ദാരിദ്ര്യമകറ്റാൻ ബീഡി തൊഴിലിൽ ഇറങ്ങി. രാവിലെയും വൈകിട്ടും നൂൽ കെട്ടും. 3 വർഷം ബീഡി തെറുത്തു. 50 പൈസ കൂലി. അദ്ദേഹം പറഞ്ഞു. മണ്ഡലം സെക്രട്ടറി എം.രാമകൃഷ്ണൻ, ബ്രാഞ്ച് സെക്രട്ടറി കെ.വിനോദ് കുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
