സ്വർണക്കടകളിൽ മോഷണം നടത്തുന്ന രണ്ട് സ്ത്രീകൾ പിടിയിൽ
കൊയിലാണ്ടി: സ്വർണക്കടകളിൽ മോഷണംനടത്തുന്ന മൂന്നംഗസംഘത്തിലെ രണ്ട് സ്ത്രീകൾ കൊയിലാണ്ടിയിൽ പിടിയിലായി. കഴിഞ്ഞദിവസം കണ്ണൂരിലെ ജൂവലറിയിൽനിന്ന് മോഷണംനടത്തിയ സ്ത്രീകളെയാണ് കൊയിലാണ്ടിയിൽനിന്ന് മോഷണശ്രമത്തിനിടെ പിടികൂടിയത്. കൊയിലാണ്ടിയിലെ സന്തോഷ് ജൂവലറിയിൽ സ്വർണംവാങ്ങാനെന്ന വ്യാജേനെ എത്തിയതായിരുന്നു ഇവർ.
ജൂവലറി ഉടമ ഉമ്മത്ത് സേട്ടുവിന്റെ മകൻ ഇവർ കടയിലേക്ക് കയറിയപ്പോൾത്തന്നെ തിരിച്ചറിയുകയായിരുന്നു. മൂന്നുപേരെയും കടയിൽ തടഞ്ഞുവെക്കാൻ ശ്രമിച്ചെങ്കിലും ഒരാൾ ഓടിരക്ഷപ്പെട്ടു. കൊയിലാണ്ടി പിങ്ക് പോലീസെത്തി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ആന്ധ്ര കടപ്പ ജില്ലയിലെ സഹോദരിമാരായ കനിമൊഴി (38), ആനന്ദി (40) എന്നിവരാണ് കസ്റ്റഡിയിലായത്.
കണ്ണൂർ തളിപ്പറമ്പിൽ ജൂവലറിയിൽ മോഷണംനടത്തുന്ന വീഡിയോ സംസ്ഥാനവ്യാപകമായി ജൂവലറിഗ്രൂപ്പുകളിൽ ഷെയർചെയ്തിരുന്നു. ഇതാണ് ഇവരെ പെട്ടെന്ന് മനസ്സിലാക്കാൻ ഇടയാക്കിയത്.
കൊയിലാണ്ടി പോലീസ് ഇവരെ മെഡിക്കൽ പരിശോധനയ്ക്കുശേഷം തളിപ്പറമ്പ് പോലീസിന് കൈമാറി. രാത്രികാലങ്ങളിൽ ലോറികളിൽ സഞ്ചരിച്ചാണ് സ്ഥലങ്ങൾ മനസ്സിലാക്കുന്നത്. ഇവർക്കുപിന്നിൽ ഏജൻറുമാരുണ്ടെന്ന് പോലീസ് പറഞ്ഞു.
