സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി വിശദീകരിച്ച് വനംവകുപ്പ്: വരുമാനം നിലയ്ക്കും; ആശങ്കയൊഴിയാതെ മലയോര കർഷകർ

Share our post

സമ്മിശ്ര പ്രതികരണവുമായി കർഷകർ, 1 സെന്റിനും 5 ഏക്കറിനും ഒരേ നഷ്ടപരിഹാരം അന്യായമെന്നും കർഷകർ

കണ്ണൂർ:  വന്യജീവി പ്രശ്നം കുറയ്ക്കാനായി വനംവകുപ്പു നടപ്പാക്കുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയെ (നോൺ ട്രൈബൽ സെറ്റിൽമെന്റ് ) സംബന്ധിച്ചു വിശദാംശങ്ങൾ നൽകാനും സംശയങ്ങളകറ്റാനുമായി സംഘടിപ്പിച്ച പരിപാടിയിൽ സമ്മിശ്ര പ്രതികരണവുമായി കർഷകർ. കൃഷിഭൂമി കർഷകരുടെ പക്കൽനിന്നു പിടിച്ചെടുക്കാനുള്ള ശ്രമമാണെന്നും ഇതു മറ്റൊരുതരത്തിലുള്ള കുടിയൊഴിപ്പിക്കലാ ണെന്നും ഒരു വിഭാഗം കർഷകർ ആരോപിച്ചപ്പോൾ, വന്യജീവി ശല്യം മൂലം പൊറുതിമുട്ടിയതിനാൽ പണം നൽകിയില്ലെങ്കിലും കൃഷിഭൂമിയിൽ നിന്ന് ഇറങ്ങിപ്പോകാൻ തയാറാണെന്നായിരുന്നു മറ്റൊരു വിഭാഗം കർഷകർ പറഞ്ഞത്.

ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ സാബി വർഗീസ് പദ്ധതി വിശദീകരിക്കുകയും ഉദ്യോഗസ്ഥരുടെയും കർഷകരുടെയും സംശയങ്ങൾക്കു മറുപടി നൽകുകയും ചെയ്തു. ഡിഎഫ്ഒ പി.കാർത്തിക്, കാസർകോട് ഡിഎഫ്ഒ പി.ബിജു, കെ.അഷ്റഫ്, പ്രോജക്ട് മാനേജർ ശ്രീഹരി എന്നിവർ പ്രസംഗിച്ചു. കണ്ണൂർ ഫോറസ്റ്റ് റേഞ്ചിനു കീഴിലുള്ള കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള കർഷകർ പങ്കെടുത്തു. ചപ്പമല പ്രദേശത്തുനിന്നുള്ളവർക്ക് തുകയുടെ ആദ്യ ഗഡു ഉടൻ വിതരണം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നവകേരള കർമ പദ്ധതിയുടെ ഭാഗമായാണ് ഇതു നടപ്പാക്കുന്നത്.

ജീവനിൽ കൊതിയുണ്ട്, സ്ഥലം ഉപേക്ഷിക്കും

കൊട്ടിയൂർ സ്വദേശിയായ മറ്റൊരു കർഷകൻ പറയുന്നതിങ്ങനെ– സർക്കാർ പണം തന്നില്ലെങ്കിലും ഇറങ്ങിപ്പോകാൻ തയാറാണ്. വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതു മാത്രമല്ല, പലപ്പോഴും കാട്ടുപന്നിയുടെയും കാട്ടാനയുടെയും കാട്ടുപോത്തിന്റെയും മുന്നിൽനിന്നു രക്ഷപ്പെട്ടത് ആയുസ്സിന്റെ ബലംകൊണ്ടുമാത്രമാണ്. ജീവനിൽ കൊതിയുള്ളതു കൊണ്ടാണ് സ്ഥലം ഉപേക്ഷിക്കുന്നത്.

വരുമാന മാർഗം നിലയ്ക്കും

കേളകത്ത് വനാതിർത്തിയോടു ചേർന്ന പ്രദേശത്തു താമസ്സിക്കുന്ന കർഷകന് മൂന്നരയേക്കർ കൃഷിഭൂമിയുണ്ട്. ഏക്കറിന് 4 ലക്ഷം രൂപ നൽകി വാങ്ങിയതാണ്. മൂന്നുമക്കളുണ്ട്. ആർക്കും പ്രായപൂർത്തിയായിട്ടില്ല. കൃഷിഭൂമിയാണ് ഏക വരുമാനമാർഗം. 15 ലക്ഷം രൂപയാണ് പദ്ധതി വഴി നഷ്ടപരിഹാരമായി ലഭിക്കുക.

എന്നാൽ ഈ തുകകൊണ്ട് വീടുവയ്ക്കാനുള്ള ഏതാനും സെന്റ് ഭൂമി വാങ്ങാൻ മാത്രമേ തികയൂ. വരുമാനമാർഗങ്ങളും നിലയ്ക്കും. പദ്ധതിയിൽ ചേർന്നില്ലെങ്കിൽ ചുറ്റുപാടും വനമായി മാറുമ്പോൾ വന്യമൃഗങ്ങൾ ജീവിക്കാൻ അനുവദിക്കില്ല….എന്തു ചെയ്യണമെന്ന് അധികൃതരോട് ചോദിക്കുകയാണ് ഈ കർഷകൻ…

പദ്ധതി ഇങ്ങനെ

പദ്ധതി, വനത്തിലോ, വനാതിർത്തിയിലോ താമസിക്കുന്ന ആദിവാസികളല്ലാത്ത സ്വകാര്യ വ്യക്തികൾക്കു വേണ്ടി.

വിൽക്കാൻ കഴിയുന്ന രേഖകളുള്ള ഭൂവുടമകൾക്ക് അപേക്ഷ നൽകാം.

രേഖകളുള്ള സ്ഥലമുള്ളവവർക്കും സ്ഥിരതാമസമാക്കിയവർക്കും അപേക്ഷിക്കാം.

2 ഹെക്ടർ വരെയുള്ള (1 സെന്റ് മുതൽ 4.94 ഏക്കർ) ഭൂമിക്ക് 15 ലക്ഷം രൂപ വില ലഭിക്കും.

2 ഹെക്ടർ മുതൽ 4 ഹെക്ടർ വരെ സ്ഥലമുള്ളവർക്ക് 30 ലക്ഷം രൂപ

4 മുതൽ 6 ഹെക്ടർ വരെ 45 ലക്ഷം രൂപ.

സ്ഥിരതാമസമില്ലാത്തയാൾക്ക്, സ്ഥലത്തിന്റെ അളവു മാത്രം കണക്കാക്കിയാകും തുക നൽകുക.

സ്ഥിരതാമസ്സമുള്ള സ്ഥലത്തെ കുടുംബങ്ങളിലെ പ്രായപൂർത്തിയായ ഓരോ മക്കളെയും ഓരോ യൂണിറ്റായി പരിഗണിക്കും. ഓരോ യൂണിറ്റിനും 15 ലക്ഷം രൂപ ലഭിക്കും. ഇവർക്ക് കുടുംബനാഥനുമായുള്ള ആശ്രിതത്വം തെളിയിച്ചാൽ മതി. ഉദാഹരണത്തിന് 18 വയസ്സിനു മുകളിലുള്ള മൂന്നു മക്കളുള്ള കുടുംബനാഥന് 4 ഏക്കർ ഭൂമിയുണ്ടെങ്കിൽ 60 ലക്ഷം രൂപ ലഭിക്കും.

ആശ്രിത സഹോദരങ്ങളെയും ഒരു യൂണിറ്റായി കണക്കാക്കും.

പ്രകൃതിദുരന്തത്തിലോ അല്ലാതെയോ അനാഥരായ കുട്ടികൾ ആശ്രിതരായുണ്ടെങ്കിൽ ഇവരെയും (18 വയസ്സ് നിർബന്ധമല്ല) 15 ലക്ഷം രൂപ ലഭിക്കാൻ അർഹതയുള്ള യൂണിറ്റായി കണക്കാക്കും.

40 ശതമാനത്തിനു മുകളിൽ ഭിന്നശേഷി, മാനസിക വെല്ലുവിളി എന്നിവ നേരിടുന്നവർ കുടുംബത്തിലുണ്ടെങ്കിലും പ്രായപരിധി നോക്കാതെ ഒരു യൂണിറ്റായി പരിഗണിക്കും.

അപേക്ഷകരുടെ ആശ്രിതരായ മകളോ മരുമകളോ സഹോദരിയോ വിവാഹബന്ധം വേർപ്പെടുത്തിയതോ, വിധവയോ ആയുണ്ടെങ്കിൽ ഇവരെയും ഒരു യൂണിറ്റായി കണക്കാക്കും.

ആശ്രിതത്വം തെളിയിച്ചാൽ തുക ലഭിക്കുന്നതിന് അംഗങ്ങളുടെ ജോലി തടസ്സമാകില്ല, വില്ലേജ് ഓഫിസിൽ നിന്ന് ആശ്രിതത്വ സർട്ടിഫിക്കറ്റ് ലഭിക്കും.

2019 നവംബർ 14 നു ശേഷം റജിസ്റ്റർ ചെയ്ത ഭൂമി പരിഗണിക്കില്ല.

സ്ഥലമൊഴിഞ്ഞുപോകാൻ ആരെയും നിർബന്ധിക്കില്ല.

മേഖലയിൽ വനംവകുപ്പിന്റെ സംരക്ഷണ പദ്ധതികൾ അതേരീതിയിൽ തുടരും

വന്യമൃഗശല്യം മൂലം ഉപേക്ഷിച്ചുപോയ ഭൂമിക്കും രേഖയുണ്ടെങ്കിൽ നഷ്ടപരിഹാരം ലഭിക്കും.

കർഷകർ പങ്കുവച്ച ആശങ്കകൾ

കർഷകരുടെ ഭൂമി കർഷകരിൽ നിന്നു പിടിച്ചെടുക്കുന്ന പദ്ധതിയാണിത്. കൃഷിയില്ലാതാകാനേ പദ്ധതി ഉപകരിക്കൂ.

നഷ്ടപരിഹാരത്തുകയുടെ മാനദണ്ഡം നീതീകരിക്കാനാവില്ല.

വലിയ തുക മുടക്കി കൃഷിചെയ്തവർക്കു വലിയ നഷ്ടം സംഭവിക്കും

കൃഷിഭൂമിയെല്ലാം കാടാക്കി മാറ്റാനുള്ള പദ്ധതിയാണോ എന്നു സംശയിക്കുന്നു.

കൃഷിഭൂമി വനമായി മാറുന്നതോടെ ഭക്ഷ്യോൽപന്നങ്ങൾ കിട്ടാനില്ലാത്ത സ്ഥിതി വരും, വലിയ വിലക്കയറ്റമായിരിക്കും ഫലം

വന്യമൃഗങ്ങളുടെ എണ്ണം വനവിസ്തൃതിക്ക് അനുസരിച്ച് നിയന്ത്രിച്ച് കർഷകരെ കൃഷി ചെയ്യാൻ അനുവദിക്കുകയാണു വേണ്ടത്.

വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണണം.

കൃഷിഭൂമിയിലേക്കുള്ള കടന്നുകയറ്റമാണിത്. ജനവാസമേഖലകളും കൃഷിഭൂമിയും വനമാക്കി മാറ്റാനുള്ള ലക്ഷ്യമുണ്ടെന്നു സംശയിക്കുന്നു. ഭാവിയിൽ നഗരങ്ങളിലേക്കു പോലും ഈ പദ്ധതി വ്യാപിപ്പിച്ചേക്കാം

പദ്ധതിയിൽ പ്രയോജനം ലഭിക്കുന്നവർ ഒഴിഞ്ഞുപോയാൽ ഒഴിഞ്ഞുപോകാത്തവർക്കു നേരെയുള്ള വന്യമൃഗശല്യം പതിൻമടങ്ങ് വർധിക്കും.

പേരിയ മുതൽ കൊട്ടിയൂർ, കേളകം പഞ്ചായത്ത് ഉൾപ്പെടെ ആറളം വരെ ഒറ്റ വനമാക്കി മാറ്റാനുള്ള പദ്ധതിയാണോ എന്നും ആശങ്ക

പാവപ്പെട്ട കർഷകർക്ക് വീടുവയ്ക്കാനുള്ള ഏതാനും സെന്റ് ഭൂമി വാങ്ങാൻ മാത്രമേ നഷ്ടപരിഹാരം തികയൂ

കർഷകർക്ക് ഉപജീവനമാർഗം നഷ്ടമാകും


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!