സ്കൂൾ ബസിലെ ഫയർ എക്സ്റ്റിങ്ഗ്യൂഷർ ചോർന്ന് വിദ്യാർഥികൾക്ക് അസ്വാസ്ഥ്യം
കൂത്തുപറമ്പ് ∙ സ്കൂൾ ബസിൽ സൂക്ഷിച്ചിരുന്ന അഗ്നിശമന ഉപകരണമായ ഫയർ എക്സ്റ്റിങ്ഗ്യൂഷർ ചോർന്ന് ആയിത്തറ മമ്പറം ഗാമ ഇന്റർനാഷനൽ സ്കൂളിലെ വിദ്യാർഥികൾക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. 39 വിദ്യാർഥികളെയും ബസിൽ ഉണ്ടായിരുന്ന ആയയെയും ശ്വാസ തടസ്സവും ചുമയും അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ചു. 35 വിദ്യാർഥികൾ കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിയിലും 4 വിദ്യാർഥികൾ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ഇൻഷ(6), ആശ് ലിൻ(7), ജീവ(12), അഞ്ജൽ(12) എന്നിവർ തലശ്ശേരിയിൽ ചികിത്സയിലാണ്.
ആരുടെയും നില ഗുരുതരമല്ല. രാവിലെ 9തോടെ ചെറുവാഞ്ചേരി ഭാഗത്ത് നിന്ന് വിദ്യാർഥികളുമായി മൂര്യാട് വഴി സ്കൂളിലെത്തിയ ബസിലായിരുന്നു അപകടം. ബാഗുമായി ഇറങ്ങുമ്പോൾ ഒരു വിദ്യാർഥി ബാഗ് കുടുങ്ങി അഗ്നിശമന ഉപകരണത്തിനു മേൽ ഇരുന്ന് പോയപ്പോഴാണു ചോർച്ചയുണ്ടായതെന്നു സ്കൂൾ അധികൃതർ പറഞ്ഞു.
ശരീരത്തിൽ വെളുത്ത പൊടി പടർന്ന് ഇറങ്ങിയ കുട്ടികളെ സഹായിക്കാൻ ബസിന് പുറത്തുണ്ടായിരുന്ന വിദ്യാർഥികൾ ചെന്നപ്പോൾ അവർക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. ബസിൽ ഉണ്ടായിരുന്ന ആയ ചെറുവാഞ്ചേരിയിലെ പ്രസീനയ്ക്കും തലകറക്കവും ക്ഷീണവും അനുഭവപ്പെട്ടു. കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിയിൽ നിന്ന് എക്സ്റേ എടുത്ത് തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്ത സുശ്രിത്(12), തമീം(13), പാർവതി(13) എന്നിവരും ഡിസ്ചാർജായി വീട്ടിലെത്തി.
ബസിൽ നിന്ന് ഇറങ്ങിയ കുട്ടികളെ സഹായിക്കാൻ എത്തിയപ്പോഴാണ് ഇവർക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആദ്യം മാനന്തേരി സത്രത്തിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ച ശേഷമാണ് കുട്ടികളെ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞ് രക്ഷിതാക്കളും നാട്ടുകാരും പൊതു പ്രവർത്തകരുമായി ഒട്ടേറെപ്പേർ ആശുപത്രിയിൽ എത്തിയിരുന്നു.
