സൂക്ഷിക്കുക: വെള്ളം കുടി മുടങ്ങും; കണ്ണൂര്‍ ജില്ലയിലെ ശുദ്ധജല ലഭ്യത കുറയുന്നു

Share our post

കണ്ണൂര്‍: ജില്ലയിലെ ശുദ്ധജല ലഭ്യത കുറയുന്നതായി പഠന റിപ്പോര്‍ട്ട്. സമ്പൂര്‍ണ മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ഹരിത മിഷന്റെ നേതൃത്വത്തിലുള്ള പരിശോധന ഫലത്തിലാണ് ശുദ്ധജല പ്രശ്നങ്ങള്‍ രൂക്ഷമാകുന്നതായി കണ്ടെത്തിയത്. ജില്ലയില്‍ 18ഓളം പഞ്ചായത്തുകളിലായി ഹരിത മിഷന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.

തോട്, നീര്‍ത്തടം, കിണര്‍ തുടങ്ങിയ എല്ലാ കുടിവെള്ള സ്രോതസ്സുകളും പരിശോധന വിധേയമാക്കുന്നുണ്ട്. പ്രധാനമായും തോടുകളെയും നീരുറവകളെയും കേന്ദ്രീകരിച്ചാണ് പരിശോധന. കര്‍മസേനാംഗങ്ങള്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്. പരിശോധിച്ചവയില്‍ ഏറെ ആശങ്കയുണ്ടാക്കുന്ന രീതിയിലാണ് ഫലം കാണുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. തോടുകളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണ്. 

തോടുകള്‍ക്ക് സമീപത്തെ വീട്ടുകാര്‍ വിസര്‍ജ്യ മാലിന്യങ്ങള്‍ ഒഴുക്കുന്നത് ഇപ്പോഴും ജലസ്രോതസ്സുകളിലേക്കാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. രാസപദാര്‍ഥങ്ങളുടെ അംശവും കൂടിയിട്ടുണ്ട്.

മെഡിക്കല്‍ മാലിന്യം കൂടിയതിലൂടെയാണ് വെള്ളത്തില്‍ അടുത്തകാലത്തായി രാസപദാര്‍ഥങ്ങള്‍ കണ്ടെത്തിയത്. ഉപ്പിന്റെ അംശവും വര്‍ക്ക് ഷോപ്, ബാര്‍ബര്‍ ഷോപ് എന്നിവിടങ്ങളിലെ മാലിന്യവും വെള്ളത്തില്‍ ഒഴുക്കുന്ന മനോഭാവത്തിന് മാറ്റമില്ലാതെ തുടരുകയാണ്.

എന്നാല്‍, ശുദ്ധജല സ്രോതസ്സുകളില്‍ അറവുമാലിന്യങ്ങളും കോഴിമാലിന്യങ്ങളും തള്ളുന്നത് കുറഞ്ഞിട്ടുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ശുദ്ധജല സ്രോതസ്സുകളില്‍ പി.എച്ച് മൂല്യം കുറയുന്നതായും കണ്ടെത്തി. വെള്ളത്തില്‍ ഓക്സിജന്റെ അളവ് കുറയുകയെന്നതാണ് പി.എച്ച് മൂല്യം. ഇത് അതിരൂക്ഷമായ പ്രശ്നങ്ങളിലേക്ക് വഴിതെളിക്കും.

കുടിവെള്ളക്ഷാമം രൂക്ഷം

വേനൽ കനത്തതോടെ ജില്ലയിൽ മിക്കയിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി. പതിവിന് വിപരീതമായി മലയോര മേഖലകളിലടക്കം ഇക്കുറി കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. സംസ്ഥാനത്ത് ഈ വേനൽക്കാലത്ത് കൂടുതൽ ചൂട് റിപ്പോർട്ട് ചെയ്ത ജില്ലകളിലൊന്നാണ് കണ്ണൂർ. അതിനാൽ പുഴകളും തോടുകളുമടക്കമുള്ള ജലസ്രോതസ്സുകൾ നേരത്തെ വറ്റിവരണ്ടു.

കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലകളിൽ അതത് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. കണ്ണൂർ കോർപറേഷനിലും കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും ടാങ്കറിൽ കുടിള്ളെമെത്തിക്കുന്നതിനുള്ള നടപടി ദ്രുതഗതിയിൽ നടക്കുകയാണെന്നും മേയർ ടി.ഒ. മോഹനൻ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!