നേന്ത്രക്കായ വില കുതിച്ചുയരുന്നു

ഇരിട്ടി: നേന്ത്രക്കായയുടെ വില അമ്പതും കടന്ന് 60ലേക്ക് കുതിക്കുന്നു. നേന്ത്രക്കായക്ക് അടുത്ത കാലത്തൊന്നും കിട്ടാത്ത വിലയാണിത്. നേന്ത്രപ്പഴത്തിനും 65 കടന്നു. തിങ്കളാഴ്ച കൂത്തുപറമ്പിൽനിന്നും വാഹനവുമായെത്തിയ വ്യാപാരികൾ ഇരിട്ടിയിലെ വാഴകർഷകനായ പരുത്തിവേലിൽ ജോണിയിൽനിന്നും 150 കുലകളാണ് കിലോക്ക് 56 രൂപ നിരക്കിൽ കൃഷിയിടത്തിലെത്തി എടുത്തത്. വേനൽ മഴയിൽ മൂപ്പെത്താതെ തകർന്നുവീണ കുലകളും ഇതോടൊപ്പം മോശമല്ലാത്ത വിലക്ക് വില്ക്കാൻ കഴിഞ്ഞു. വയനാട്ടിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കായയുടെ വരവ് കുറഞ്ഞതും റമദാൻ കാലമായതും വിലവർധനവിനിടയാക്കി. കർണാടകത്തിൽനിന്നും വ്യാപകമായി എത്തിക്കൊണ്ടിരുന്ന നേന്ത്രക്കായ ഇപ്പോൾ തീരെ എത്തുന്നില്ല.