കോഴിക്കോട് മെഡി. കോളേജിൽ ജീപ്പിന് നേരേ പെട്രോള്‍ ബോംബേറ്; ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലെന്ന് പോലീസ്

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിന് മുന്നില്‍ നിര്‍ത്തിയിട്ട ജീപ്പിന് നേരേ പെട്രോള്‍ ബോംബേറ്.

ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ഓടെയാണ് സംഭവം. ജീപ്പില്‍ ആളില്ലാതിരുന്നതിനാല്‍ ആര്‍ക്കും പരിക്കില്ല. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായാണ് പെട്രോള്‍ ബോംബേറുണ്ടായതെന്നാണ് പ്രാഥമികവിവരം.

കഴിഞ്ഞദിവസം പൂവാട്ടുപറമ്പില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഈ സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്നുപേരെയാണ് ജീപ്പില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

പരിക്കേറ്റവരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ശേഷം വാഹനം സമീപത്തുനിര്‍ത്തിയിട്ടു. ഇതിനുപിന്നാലെയാണ് പുലര്‍ച്ചെ ബൈക്കിലെത്തിയ രണ്ടംഗസംഘം ജീപ്പിന് നേരേ പെട്രോള്‍ ബോംബെറിഞ്ഞത്.

ആക്രമണത്തില്‍ ജീപ്പിന് കേടുപാടുകളുണ്ടായി. സംഭവത്തിന് പിന്നാലെ സമീപത്തുണ്ടായിരുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ ഇടപെട്ട് തീയണച്ചതിനാല്‍ വലിയ നാശനഷ്ടങ്ങളുണ്ടായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!