മോട്ടർ മോഷ്ടിച്ച കേസ്: രണ്ട് പേർ അറസ്റ്റിൽ
ഇരിക്കൂർ : ക്വാർട്ടേഴ്സിലെ കിണറ്റിൽ നിന്നു മോട്ടർ മോഷ്ടിച്ച കേസിൽ 2 പേർ അറസ്റ്റിൽ. ഇരിക്കൂർ ടൗൺ സ്വദേശികളായ പി.പി.മുഹമ്മദ് ഹുസൈൻ (30), കെ.പി.അസീസ് (28) എന്നിവരെയാണ് ഇരിക്കൂർ പ്രിൻസിപ്പൽ എസ്ഐ കെ.ദിനേശനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വണ്ടിത്താവളത്തിലെ ക്വാർട്ടേഴ്സിലെ കിണറ്റിൽ നിന്നു മോട്ടർ മോഷണം പോയത്.
ക്വാർട്ടേഴ്സ് വാടകയ്ക്ക് എടുത്തിരുന്ന തൊഴിലുടമ കെ.പി.റാഷിദ് തുടർന്നു പൊലീസിൽ പരാതി നൽകി. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഓട്ടോറിക്ഷയിൽ മോട്ടർ കൊണ്ടുപോകുന്നതായും ആയിപ്പുഴയിലെ ആക്രിക്കടയിൽ വിറ്റതായും കണ്ടെത്തി.
ഓട്ടോറിക്ഷ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് പ്രതികളെ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് കല്യാട് റോഡ് ജംക്‌ഷനിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.
1000 രൂപയ്ക്ക് ആക്രിക്കടയിൽ വിറ്റ മോട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
