കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതി;സൗജന്യചികിത്സയ്ക്ക് ആധാര്‍ നിര്‍ബന്ധം,ലക്ഷ്യം ചികിത്സാത്തട്ടിപ്പ് തടയല്‍

Share our post

ആലപ്പുഴ: കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതിയില്‍ (കാസ്പ്) സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ആസ്പത്രികളില്‍നിന്നുള്ള സൗജന്യചികിത്സയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കി. കാസ്പ് ഹെല്‍ത്ത് കാര്‍ഡും ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കേ ഇനി സൗജന്യചികിത്സ ലഭിക്കൂ. തട്ടിപ്പ് തടയാന്‍ ലക്ഷ്യമിട്ടാണു നടപടി.

കിടത്തിച്ചികിത്സയ്ക്കു പ്രവേശിപ്പിക്കുമ്പോള്‍ വിരലടയാളം സ്വീകരിച്ച് ഉറപ്പാക്കും. അടിയന്തര ചികിത്സയുമായി ബന്ധപ്പെട്ട് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നവര്‍ക്കു മാത്രമാകും ഇളവ്. അവരുടെ രോഗം ഭേദമായശേഷം ആധാര്‍ പരിശോധന നടത്തും.

ആദ്യഘട്ടത്തില്‍ കാര്‍ഡ് നേടിയവരുടെ ആധാര്‍ നേരത്തേ ബന്ധിപ്പിച്ചിരുന്നു. ഇതുവരെ കാര്‍ഡ് പുതുക്കാത്തവര്‍ ചികിത്സ തേടുമ്പോള്‍ ആധാറും ഹെല്‍ത്ത് കാര്‍ഡുമായി ബന്ധിപ്പിക്കണം. ഇല്ലെങ്കില്‍ ചികിത്സ കിട്ടില്ല. പദ്ധതിയുടെ നടത്തിപ്പു ചുമതലയുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (എസ്.എച്ച്.എ.) മെഡിക്കല്‍ കോളേജുള്‍പ്പെടെയുള്ള ആസ്പത്രികളില്‍ അതിനുള്ള സൗകര്യം ഒരുക്കിത്തുടങ്ങിയിട്ടുണ്ട്.

വ്യാജ കാര്‍ഡുപയോഗിച്ച് ആളുകള്‍ ചികിത്സ തേടിയതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. സൗജന്യചികിത്സ വാഗ്ദാനംചെയ്ത് ചില സ്വകാര്യ സേവനകേന്ദ്രങ്ങള്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കിയിരുന്നു. ആലപ്പുഴ ജില്ലയിലെ കരുവാറ്റയില്‍ അത്തരത്തില്‍ നല്‍കിയ 40 ഹെല്‍ത്ത് കാര്‍ഡുകള്‍ വ്യാജമാണെന്നു കണ്ടെത്തി എസ്.എച്ച്.എ. റദ്ദാക്കിയിരുന്നു.

സംസ്ഥാനത്ത് 42 ലക്ഷം കുടുംബങ്ങളിലായി 64 ലക്ഷം ഗുണഭോക്താക്കളാണ് കാസ്പ് പദ്ധതിയിലുള്ളത്. വര്‍ഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണു ലഭിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യപദ്ധതികളും കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയും സംയോജിപ്പിച്ചാണ് കാസ്പ് തുടങ്ങിയത്.

കുട്ടികള്‍ക്കു ചികിത്സ മുടങ്ങാതിരിക്കാന്‍ ഉടന്‍ സംവിധാനം

ആധാര്‍ നിര്‍ബന്ധമാക്കിയതോടെ അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ സൗജന്യചികിത്സ പ്രതിസന്ധിയിലാണ്. ആധാര്‍ ലഭ്യമാകുംവരെ കുട്ടികള്‍ക്ക് ആധാര്‍ എന്റോള്‍മെന്റ് സ്ലിപ്പ് ഉപയോഗിച്ച് ചികിത്സ നല്‍കും. അതിനുള്ള സംവിധാനമൊരുക്കാനായി സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി തീവ്രശ്രമത്തിലാണ്. ഒന്നോരണ്ടോ ദിവസത്തിനകം അതു നിലവില്‍ വരും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!