ഭൂമി ഡിജിറ്റൽ സർവേ ; കണിച്ചാറിൽ ക്യാമ്പ് ഓഫീസ് തുടങ്ങി
കണിച്ചാർ: കേരളത്തിലെ മുഴുവൻ കൈവശ ഭൂമിയും ഡിജിറ്റൽ രൂപത്തിൽ റെക്കോർഡ് ചെയ്യുന്നതിന്റെ ഭാഗമായി കണിച്ചാറിൽ ഭൂസർവേ വിഭാഗം ക്യാമ്പ് പ്രവർത്തനം തുടങ്ങി.
പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സുരേഖ സജി അധ്യക്ഷയായി.വൈസ് പ്രസിഡന്റ് ഷാന്റി തോമസ്,സർവേ വിഭാഗം ഉത്തര മേഖല ജോയിന്റ് ഡയറക്ടർ സി.മോഹൻ ദേവ്,അസിസ്റ്റന്റ് ഡയറക്ടർ രാജീവൻ പട്ടത്താനി, തോമസ് വടശേരി തുടങ്ങിയവർ സംസാരിച്ചു.
കേരളത്തിലെ 200 വില്ലേജുകളാണ് ആദ്യഘട്ടത്തിൽ കൈവശഭൂമി ഡിജിറ്റൽ രൂപത്തിലാക്കുന്നതിന് തിരഞ്ഞെടുത്തത്,ജില്ലയിൽ 20 എണ്ണവും. ഇരിട്ടി താലൂക്കിൽ കണിച്ചാറിനെ കൂടാതെ ആറളം,വിളമന, കരിക്കോട്ടക്കരി,ചാവശ്ശേരി വില്ലേജുകളുമാണ് ആദ്യഘട്ടത്തിൽ സർവേ ചെയ്യുക.സർവേക്കിടയിലുണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ എല്ലാ ബുധനാഴ്ചയും ക്യാമ്പ് ഓഫീസിൽ പൊതുജനങ്ങളുടെ അപേക്ഷയും പരാതികളും സ്വീകരിക്കും.
ശ്രീകണ്ഠപുരം ഭൂസർവേ വിഭാഗം സൂപ്രണ്ട് പി.കെ. പ്രകാശിനാണ് കണിച്ചാർ വില്ലേജ് ഡിജിറ്റൽ ഭൂസർവേയുടെ മേൽനോട്ട ചുമതല. ഹെഡ് സർവേയർമാരായ ടി. പി. മുഹമ്മദ് ഷെരീഫ്, എ.പി. രാജീവൻ എന്നിവർ ക്യാമ്പ് ഓഫീസ് ചുമതലയും ഫീൽഡ് ചുമതലയും നിർവഹിക്കും.
