റാസൽഖൈമ വാഹനാപകടത്തിൽ മരിച്ച മലയാളികൾ നാലായി; 13-ൽ 11 പേരും ഇന്ത്യക്കാർ, മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി
റാസൽഖൈമ: യു.എ.ഇ.യിലെ റാസൽഖൈമയിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം. കാസർകോട് അട്ടേങ്ങാനം സ്വദേശി അഷ്‌റഫ് (53), കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ (29), തലശ്ശേരി പന്ന്യന്നൂർ സ്വദേശിനി സങ്കീർത്ത സുരേഷ് (26), പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി മുഹമ്മദ് ആഷിഖ് (29) എന്നിവർ മരിച്ചതായി സ്ഥിരീകരിച്ചു.
അപകടത്തിൽ മരിച്ചവരുടെ മൃതദേങ്ങൾ നാട്ടിലേയ്ക്ക് കൊണ്ടുവരാനുള്ള നടപടികളാരംഭിച്ചു. അപകടത്തിൽ മരിച്ച 13 പേരിൽ 11 പേരും ഇന്ത്യക്കാരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. കേരളത്തിനു പുറമേ ആന്ധ്രാ സ്വദേശി വിനോദ്കുമാർ, പഞ്ചാബ് സ്വദേശികളായ രാജ്കുമാർ, രമൺകുമാർ, യു.പി. സ്വദേശി റാശിദ് അലി, രാജസ്ഥാൻ സ്വദേശിനി മഹിമ സോണി, തമിഴ്‌നാട് സ്വദേശി ഗോവിന്ദരാജ്, ഗുജറാത്ത് സ്വദേശി ജിഗ്‌നേഷ് എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാർ.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ റാസൽഖൈമ ഇന്ത്യൻ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്ന് സാമൂഹികപ്രവർത്തകൻ ഫൈസൽ പുറത്തൂർ പറഞ്ഞു.
റാസൽഖൈമയിലെ അൽ വത്താൻ റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ബസ്സിടിച്ചാണ് കഴിഞ്ഞദിവസം അപകടമുണ്ടായത്. 41 പേരാണ് ബസ്സിലുണ്ടായിരുന്നത്. അപകടത്തിൽ 26 പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ 12 പേർക്ക് പ്രാഥമിക ചികിത്സനൽകി വിട്ടയച്ചു.
