വ്യാജ ഫേസ്ക്രീം: കസ്റ്റമർ കെയർ നമ്പർ കാസർകോട്; തടയിടാനാവാതെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ വിൽപ്പനയും

Share our post

കാസർകോട്: എഫ് ട്യൂൺ ഫേസ്ക്രീം കേസിൽ പുതിയ വഴിത്തിരിവ്. മെർക്കുറി കലർന്ന എഫ് ട്യൂൺ ഫേസ്ക്രീമിൻ്റെ കസ്റ്റമർ കെയർ നമ്പർ കാസർകോട് എന്നാണ് പുറത്തുവരുന്ന വിവരം. ഒരു സ്ത്രീയുടെ പേരിലുള്ളതാണ് നമ്പർ. വൃക്കരോഗം ബാധിച്ച മലപ്പുറത്തെ പെൺകുട്ടിയുമായി ബന്ധപ്പെട്ടത് കാസർകോട്ടെ ഈ നമ്പറിൽ നിന്നാണ്. നമ്പർ ഉടമക്ക് ഇന്ന് പൊലീസ് നോട്ടിസ് നൽകും.

അതേസമയം വിവാദങ്ങൾക്കിടയിലും നിയന്ത്രണങ്ങളില്ലാതെ വ്യാജ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ വിൽപ്പന തുടരുകയാണ്. ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളിലുടെ വ്യാപക വിൽപ്പനയാണ് എഫ് ട്യൂൺ അടക്കമുള്ള ഫെയർനെസ് ക്രീം കമ്പനികൾ. ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളായ ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ സൈറ്റുകളിൽ ഇവ ലഭ്യമാണ്.

ഓൺലൈൻ വില്പനകൾക്ക് തടയിടാനാകാതെ സർക്കാർ സംവിധാനങ്ങൾ വഴിമുട്ടിയിരിക്കുകയാണ്. നിലവിൽ കൊറിയർ വഴിയാണ് ഉത്പന്നങ്ങൾ നേരിട്ട് വീടുകളിലേക്ക് എത്തുന്നത്. ഓൺലൈൻ വഴി നടത്തുന്ന ഈ വില്പനകൾ നിരീക്ഷിക്കാനോ പരിശോധിക്കാനോ സംവിധാനങ്ങൾ ഇല്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. നിലവിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിൻ്റെ പരിശോധന കടകൾ കേന്ദ്രീകരിച്ച് മാത്രമാണ് നടക്കുന്നത്.

സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെയും ഇൻഫ്ലുവൻസർമാരിലൂടെയുമാണ് കമ്പനികൾ ഉപഭോക്താക്കളെ കണ്ടെത്തുന്നത്. എന്നാൽ ഇവരുടെ വ്യക്തമായ വിലാസവും ലൈസൻസുമില്ലാത്ത വിൽപ്പനക്കാരെ കണ്ടെത്താനാകാതെ ഉദ്യോഗസ്ഥർ വട്ടംചുറ്റുകയാണ്. പരാതി ഉയരുന്ന ക്രീമുകൾ പേരുകൾ മാറ്റി വീണ്ടും വിൽക്കുന്നുവെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി നടത്തിയ പരിശോധനകളില്‍ ആണ് മെര്‍ക്കുറി അടക്കം ശരീരത്തിന് ഹാനികരമായ പദാര്‍ത്ഥങ്ങളുടെ അംശം കണ്ടെത്തിയത്. കോസ്‌മെറ്റിക്‌സ് റൂള്‍സ് 2020 പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന വ്ലോഗർമാക്കെതിരെയും കർശന നടപടിയെടുക്കാനും നിർദ്ദേശമുണ്ട്. ഇത്തരം വസ്തുക്കൾ അംഗീകൃത ഡോക്ടർമാരുടെ നിർദ്ദേശാനുസരണം മാത്രമേ വാങ്ങി ഉപയോഗിക്കാവൂയെന്നും മന്ത്രി കെ.മുരളീധരൻ പറഞ്ഞു.

കഴിഞ്ഞ ആഴ്ച്ചയാണ് തുടര്‍ച്ചയായ ഫെയര്‍നെസ് ക്രീം ഉപയോഗത്തിലൂടെ പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ചതായി പരാതി ഉയര്‍ന്നത്. ക്രീമിലെ അമിത മെര്‍ക്കുറി കാരണം ശരീരത്തില്‍ നിന്ന് പ്രോട്ടീന്‍ നഷ്ടമാകുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗമാണ് ബാധിച്ചത്. മലപ്പുറം അരീക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാരുടേത് ആയിരുന്നു കണ്ടെത്തല്‍. വിദഗ്ധ ചികിത്സയില്‍ പെണ്‍കുട്ടി അപകടനില തരണം ചെയ്തുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!