ഭാര്യയുമായുള്ള സൗഹൃദം എതിർത്തയാളെ വെടിവച്ചുകൊന്ന കേസ്; പ്രതി ജീവനൊടുക്കിയ നിലയിൽ

Share our post

കണ്ണൂർ: മാതാമംഗലം രാധാകൃഷ്ണൻ വധക്കേസിലെ പ്രതി ജീവനൊടുക്കിയ നിലയിൽ. മാതാമംഗലം പെരുമ്പടവ് അടുക്കം സ്വദേശി നെല്ലൂര് കോരച്ചം വീട്ടിൽ എൻ.കെ.സന്തോഷിനെ (40) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിലെ മൂന്നാം പ്രതിയും രാധാകൃഷ്ണന്റെ ഭാര്യയുമായ മിനി നമ്പ്യാർ താമസിക്കുന്ന മാതമംഗലം പുനിയംകോട് മണിയറ റോഡിന് സമീപത്തെ വീടിനു സമീപമുള്ള റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

2025 മാർച്ച് 20 നാണ് കെ.കെ.രാധാകൃഷ്ണൻ കൈതപ്രത്ത് താൻ നിർമിക്കുന്ന വീട്ടിൽവച്ച് സന്തോഷിന്റെ വെടിയേറ്റു കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തുനിന്നു തന്നെ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ കൊലപാതകത്തിനു പ്രേരണ നല്‍കിയെന്ന കുറ്റത്തിന് രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരെയും പരിയാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറു മാസം മുൻപാണ് സന്തോഷിന് ജാമ്യം കിട്ടിയത്.

മിനി നമ്പ്യാരുമായുള്ള സന്തോഷിന്റെ സൗഹൃദം എതിർത്തതിന്റെ പകമൂലമാണ് സന്തോഷ് രാധാകൃഷ്ണനെ കൊലപ്പെടുത്തിയത്.‌‌‌‌‌‌‌ സഹപാഠികളായിരുന്ന സന്തോഷും മിനി നമ്പ്യാരും പൂർവവിദ്യാർഥി സംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയത്. പിന്നീട് രാധാകൃഷ്ണന്റെ വീട് നിർമാണത്തിന് സന്തോഷ് സഹായിയായി എത്തി. ഭാര്യയുടെ കാര്യത്തിൽ സന്തോഷ് കൂടുതൽ ഇടപെടാൻ തുടങ്ങിയപ്പോൾ രാധാകൃഷ്ണൻ എതിർത്തു. ‌ഇതോടെ സന്തോഷ് രാധാകൃഷ്ണനെ ഭീഷണിപ്പെടുത്താൻ തുടങ്ങി. രാധാകൃഷ്ണൻ നൽകിയ പരാതിയെത്തുടർന്ന് ഇവരെ പരിയാരം പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് സംസാരിച്ചിരുന്നു. ഇതോടെ സന്തോഷിന്റെ ഭീഷണി കൂടിയെന്ന് രാധാകൃഷ്ണൻ പറഞ്ഞതായി നാട്ടുകാർ പറഞ്ഞിരുന്നു. രാധാകൃഷ്ണനെ കൊല്ലുന്ന ദിവസം ‘നിനക്കു മാപ്പില്ല’ എന്ന് സന്തോഷ് സമൂഹമാധ്യമത്തിൽ കുറിച്ചു. അന്നു രാത്രിയാണ് കൈതപ്രം പൊതുജന വായനശാലയ്ക്കു സമീപം നിർമാണത്തിലുള്ള വീട്ടിൽ രാധാകൃഷ്ണൻ വെടിയേറ്റു മരിച്ചത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!