പമ്പയിൽ വസ്ത്രങ്ങളും മാലിന്യങ്ങളും ഉപേക്ഷിച്ചാൽ 5000 രൂപ പിഴ; ഉത്തരവിറക്കി എ.ഡി.എം
ശബരിമല: മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് പമ്പാ നദിയുടെ മലിനീകരണം തടയുന്നതിനും തീർത്ഥാടകരുടെയും പൊതുജനങ്ങളുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി പമ്പാ നദിയിലും പരിസരങ്ങളിലും വസ്ത്രങ്ങളും മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് നിരോധിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിറക്കി. പമ്പാ നദിയിലും അനുബന്ധ കടവുകളിലും ഉപയോഗിച്ച വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും നദിയിലോ നദീതീരങ്ങളിലോ പൊതുസ്ഥലങ്ങളിലോ നിക്ഷേപിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്.
നിരോധനം ലംഘിച്ച് നദിയിലോ പരിസരങ്ങളിലോ മാലിന്യം നിക്ഷേപിക്കുന്നവരിൽ നിന്ന് 5,000 രൂപ പിഴ ഈടാക്കും. പിഴ 15 ദിവസത്തിനകം അടയ്ക്കാത്തപക്ഷം മറ്റ് നിയമനടപടികൾക്ക് പുറമേ പ്രോസിക്യൂഷൻ നടപടികളും സ്വീകരിക്കും. ഭാരതീയ ന്യായ സംഹിത, കേരള പഞ്ചായത്ത് രാജ് നിയമം, ജലമലിനീകരണ നിയന്ത്രണ നിയമം എന്നിവ പ്രകാരമുള്ള തുടർനടപടികളും സ്വീകരിക്കുന്നതാണെന്നും ശബരിമല എഡിഎം ദിലീപ് കെ കൈനിക്കര ഐഎഎസ് അറിയിച്ചു.
പമ്പയിലെ ഡ്യൂട്ടി മജിസ്ട്രേറ്റിനെയും പൊലീസ് സ്പെഷ്യൽ ഓഫീസറെയും ഉത്തരവ് നടപ്പാക്കുന്നതിനും നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിനും ചുമതലപ്പെടുത്തിയിട്ടുണ്ട്.
തീർത്ഥാടകർ ഉപയോഗിച്ച വസ്ത്രങ്ങൾ നിശ്ചിത ശേഖരണ കേന്ദ്രങ്ങളിൽ കൈമാറണം. മറ്റ് മാലിന്യങ്ങൾ അതിനായി സ്ഥാപിച്ചിട്ടുള്ള ബിന്നുകളിൽ നിക്ഷേപിക്കണം. ശേഖരിക്കുന്ന പിഴത്തുക പമ്പയിലെയും ശബരിമലയിലെയും ശുചീകരണം, മാലിന്യസംസ്കരണം, നദീതീര ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 163-ാം വകുപ്പ് പ്രകാരം പുറപ്പെടുവിച്ച ഉത്തരവ് 2026 നവംബർ 22 മുതൽ രണ്ട് മാസത്തേക്ക് പ്രാബല്യത്തിലുണ്ടാകും.
