ഇ.എം.എസിന്റെ മകള്‍ ഇ.എം. രാധ അന്തരിച്ചു
തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഇളയ മകൾ ഇ.എം രാധ (68) അന്തരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കേരള സംസ്ഥാന വനിതാ കമ്മീഷൻ മുൻ അംഗവും നിലവിൽ സംസ്ഥാന വയോജന കമ്മീഷൻ അംഗവുമായിരുന്നു.
രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന രാധ എഴുത്തിലൂടെയും പൊതുപ്രവർത്തനത്തിലൂടെയും ശ്രദ്ധേയയായി. ഇ.എം.എസിനെക്കുറിച്ചുള്ള ഓർമകളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന ‘ഇ.എം.എസ്–മകളുടെ ഓർമകൾ’ എന്ന പുസ്തകം രചിച്ചു. ഭർത്താവ്: സി.കെ.ഗുപ്തൻ. മകൻ: സിദ്ധാർഥ് ഗുപ്തൻ.
