പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിനെതിരെ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി

Share our post

കാസർകോട്: ജില്ലയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തെ ചൊല്ലി കാസർകോട് യൂത്ത് കോൺഗ്രസിൽ വൻ പൊട്ടിത്തെറി. സിപിഎം അനുകൂല സംഘടനയായ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ അംഗമായ അഭിഭാഷകനെ ഈ പദവിയിലേക്ക് നിയമിച്ചതാണ് നേതാക്കളുടെ കടുത്ത അമർഷത്തിന് കാരണമായത്. പാർട്ടിക്ക് വേണ്ടി അധ്വാനിച്ച വിറകുവെട്ടിയവനും വെള്ളം കോരിയവനും പുറത്തായെന്ന രൂക്ഷമായ വിമർശനവുമായി യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഉനൈസ് രംഗത്തെത്തി. കോൺഗ്രസ് ജില്ലാ കമ്മിറ്റി നൽകിയ പട്ടിക അപ്പാടെ തള്ളിക്കളഞ്ഞാണ് നിയമനം നടത്തിയതെന്നാണ് ആക്ഷേപം.

സർക്കാർ അഭിഭാഷക തസ്തികയിലേക്ക് ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ അംഗമായ വിദ്യാധരൻ നമ്പ്യാരെയാണ് പുതിയതായി നിയമിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കായി കേസുകൾ കോടതികളിൽ വാദിച്ചിരുന്ന അഭിഭാഷകൻ ശ്രീജിത്ത് മാളവനയ്ക്ക് ഈ സ്ഥാനം ലഭിക്കുമെന്നായിരുന്നു പ്രവർത്തകരുടെയും നേതാക്കളുടെയും പ്രതീക്ഷ. എന്നാൽ അതിനെ തകിടം മറിച്ചുകൊണ്ടാണ് വിദ്യാധരൻ നമ്പ്യാരുടെ നിയമന ഉത്തരവ് പുറത്തുവന്നത്. പുതിയതായി നിയമിക്കപ്പെട്ട വ്യക്തി ലോയേഴ്‌സ് യൂണിയനിൽ അംഗത്വമെടുത്തതിന്റെ മെമ്പർഷിപ്പ് കാർഡുകൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ തങ്ങളുടെ പ്രതിഷേധം പരസ്യമായി രേഖപ്പെടുത്തുന്നത്.

യൂത്ത് കോൺഗ്രസിന് പാർട്ടി കാര്യങ്ങളിൽ ധൈര്യമായി വിമർശനം ഉന്നയിക്കാമെന്ന് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് ജാഥയുടെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞിരുന്നു. ഈ വാക്കുകൾ ചൂണ്ടിക്കാട്ടിയാണ് ഉനൈസ് അടക്കമുള്ള നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. വ്യക്തിപരമായ താത്പര്യങ്ങൾ മാത്രമാണ് നിലവിൽ പാർട്ടിയിൽ നടപ്പിലാകുന്നതെന്നും പാർട്ടി എന്നത് ഏതെങ്കിലും പ്രത്യേക വ്യക്തികളുടെ സ്വന്തമല്ലെന്നും നേതാക്കൾ തുറന്നടിച്ചു.

പാർട്ടിക്ക് വേണ്ടി രാത്രിയും പകലും അധ്വാനിച്ചവർ അധികാരം വന്നപ്പോൾ പടിക്ക് പുറത്താകുകയും നോക്കിനിന്നവർ പടിക്ക് അകത്തേക്ക് കയറുകയും ചെയ്യുന്ന അവസ്ഥയാണെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തുന്നു. കാസർകോട് എം.പി. രാജ്‌മോഹൻ ഉണ്ണിത്താനും ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസലും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾ വി.ഡി. സതീശൻ നേരിട്ടെത്തി ഭാഗികമായി പരിഹരിച്ച് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് യൂത്ത് കോൺഗ്രസിൽ പുതിയ വിവാദം പുകയുന്നത്.

മുൻപ് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറുമായി ബന്ധപ്പെട്ട സമാനമായ നിയമന തർക്കം ഉയർന്നുവന്ന പശ്ചാത്തലവും ജില്ലയിൽ ഉണ്ടായിരുന്നു. പാർട്ടിയിൽ കഴിവുള്ള ആളുകൾ ഇല്ലാത്തതുകൊണ്ടാണോ പുറത്തുനിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നതെന്ന കടുത്ത ചോദ്യമാണ് പ്രവർത്തകർ ഇപ്പോൾ നേതൃത്വത്തിന് നേരെ ഉയർത്തുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!