തിരുനെല്ലി ഗവ.ആശ്രമം സ്കൂൾ വിദ്യാർഥികൾ പേരാവൂർ അഗ്നിരക്ഷാ നിലയത്തിൽ
പേരാവൂർ: ആറളത്ത് പ്രവർത്തിക്കുന്ന തിരുനെല്ലി ഗവ.ആശ്രമം സ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് അംഗങ്ങൾ പേരാവൂർ അഗ്നിരക്ഷാനിലയം സന്ദർശിച്ചു. അടിയന്തര ഘട്ടങ്ങളിൽ നടത്തേണ്ട രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് സ്കൂൾ അധികൃതർ കുട്ടികളെ അഗ്നിരക്ഷാ നിലയത്തിലെത്തിച്ചത്. വിവിധതരം അഗ്നിശമന ഉപകരണങ്ങളുടെ ഉപയോഗം, അപകടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, പ്രഥമ ശുശ്രൂഷാ രീതികൾ, എമർജൻസി വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും പ്രവർത്തന രീതികൾ തുടങ്ങിയവയെ കുറിച്ച് കേഡറ്റുകൾ ചോദിച്ചറിഞ്ഞു. അസി. സ്റ്റേഷൻ ഓഫീസർ ബാബു ആയോടാൻ, സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർ ടി.കെ. വിനു എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കേഡറ്റുകൾക്ക് രക്ഷാ പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞുകൊടുത്തു. സ്കൂൾ മാനേജർ ഒ.നൗഷാദ്, അധ്യാപകരായ അമൃത ദേവസ്യ, എം.ആർ. പാർവതി, കമ്യൂണിറ്റി പോലീസ് ഓഫീസർ മണികണ്ഠൻ പിലാത്തറ എന്നിവർ നേതൃത്വം നൽകി.
