പ്രിയദർശിനി സർവീസ്: എല്ലാ വിഭാഗം സ്ത്രീകളെയും ഉൾപ്പെടുത്തുന്നത് നിർത്തണം, ഗതാഗത വകുപ്പ് ഹിയറിങ് നടത്തി
കണ്ണൂർ : കെഎസ്ആർടിസി പ്രിയദർശിനി സർവീസ്മൂലം ഉണ്ടായ നഷ്ടങ്ങളും ബുദ്ധിമുട്ടുകളും അവയ്ക്കുള്ള പരിഹാര നിർദേശങ്ങളും സ്വീകരിക്കാൻ ഗതാഗത വകുപ്പ് ഹിയറിങ് നടത്തി. ജില്ലയിലെ സ്വകാര്യ ബസ് ഉടമകളുടെ സംഘടനാ നേതാക്കളും ഉടമകളും തൊഴിലാളികളും ഹിയറിങ്ങിനെത്തി പരാതി ബോധിപ്പിച്ചു. പല റൂട്ടുകളിലും കെഎസ്ആർടിസി ബസുകൾ പെർമിറ്റ് ഇല്ലാതെയാണ് സർവീസ് നടത്തുന്നതെന്നും ചില ബസുകൾ ആളുകൾ കൂടുതൽ സഞ്ചരിക്കുന്ന അവധി ദിവസങ്ങളിൽ മാത്രം സർവീസ് നടത്തുന്നതായും സ്വകാര്യ ബസ് ഉടമകൾ പരാതി പറഞ്ഞു. പറശ്ശിനിക്കടവു പോലെയുള്ള ഇത്തരം റൂട്ടുകളിൽ സന്ദർശകർ ഏറെയെത്തുന്ന ശനി, ഞായർ ദിവസങ്ങളിൽ മാത്രം കെഎസ്ആർടിസി ബസ് സർവീസ് നടത്തുന്നത് നിത്യേന നഷ്ടത്തിലോടുന്ന തങ്ങൾക്ക് പിന്നെയും നഷ്ടമുണ്ടാക്കുന്നതായി അവർ ചൂണ്ടിക്കാട്ടി.
പ്രിയദർശിനി വന്നതോടെ സ്ത്രീകൾ സ്വകാര്യ ബസുകളിൽ നിന്ന് അകന്നെന്നും കുട്ടികൾക്കുള്ള ഡിജിറ്റൽ പാസ് സംവിധാനം വന്നതോടെ വിദ്യാർഥികളും സ്വകാര്യ ബസുകളെ ആശ്രയിക്കാതായെന്നും യോഗത്തിനെത്തിയവർ പറഞ്ഞു. മലയോര മേഖലകളിൽ സർവീസ് നടത്തുന്ന ബസുകളടക്കം പല റൂട്ടിലെയും ബസുകളുടെ സമയക്ക്രമത്തെ കെഎസ്ആർടിസി മറികടക്കുന്നതായും സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നതിനു തൊട്ടു മുൻപായി വന്നു യാത്രക്കാരെ കയറ്റി പോകുന്നതായും ആരോപണമുയർന്നു. ഒരേ കെഎസ്ആർടിസി ബസ് തന്നെ വ്യത്യസ്ത ദിവസങ്ങളിൽ ഒരേ ലക്ഷ്യസ്ഥാനത്തേക്ക് വ്യത്യസ്ത റൂട്ടിൽ ഓടുന്നതായും പെർമിറ്റ് തീർന്ന ബസുകൾ അടക്കം സർവീസ് നടത്തുന്നതായും പരാതി ഉയർന്നു.
കെഎസ്ആർടിസി ബസുകളുടെ സമയം വ്യക്തമാക്കണമെന്നും പ്രിയദർശിനി പദ്ധതിക്ക് കൃത്യമായ മാനദണ്ഡങ്ങൾ വയ്ക്കണമെന്നും എല്ലാ വിഭാഗം സ്ത്രീകളെയും ഉൾപ്പെടുത്തുന്നത് നിർത്തലാക്കണമെന്നും പ്രിയദർശിനി മൂലം സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രശ്നങ്ങളും സാമൂഹികാഘാതവും പഠിക്കണമെന്നും ആവശ്യമുയർന്നു.
കെഎസ്ആർടിസി ബസുകളുടെ സമയം നേരത്തേ നിശ്ചയിച്ചതാണെന്നും ചലോ ആപ് വഴി ഇത് അറിയാമെന്നും സ്വകാര്യ ബസുകളുടെ സമയക്രമം കൂടി ഇത്തരത്തിൽ രേഖപ്പെടുത്തി ബസുകൾ തമ്മിലുള്ള സമയക്രമത്തിലെ പ്രശ്നങ്ങളും പ്രായോഗിക പ്രശ്നങ്ങളും പരിഹരിക്കുമെന്നും കെഎസ്ആർടിസി എക്സിക്യൂട്ടിവ് ഡയറക്ടർ ജി.പി.പ്രദീപ് കുമാർ പറഞ്ഞു. സമയക്രമം പാലിക്കാത്ത ബസുകൾക്ക് കൃത്യസമയം നൽകുമെന്നും ഇതുമൂലം ഏതെങ്കിലും സ്വകാര്യബസുകളുടെ ഓട്ടത്തെ ബാധിക്കുന്നെങ്കിൽ അതിനു പരിഹാരമുണ്ടാക്കുമെന്നും പുതിയ സർവീസുകൾ ആരംഭിക്കുന്നത് പൂർണമായി നിർത്തിവച്ചതായും അദ്ദേഹം പറഞ്ഞു. പ്രിയദർശിനി സർവീസുകൾ തോന്നിയ പോലെ ഓടുന്ന സമീപനം സ്വീകരിക്കില്ലെന്നും എംപാനൽ, താൽക്കാലിക ജീവനക്കാരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടുമെന്നും സ്വകാര്യ ബസുകൾ കെഎസ്ആർടിസി സർവീസ് നടത്തുന്നതിനായി ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാറ്റ്പാക് ടെക്നിക്കൽ ഓഫിസർ ആർ.ജെ.സഞ്ജയ്, ജോയിന്റ് ആർടിഒ വിനോദ് കുമാർ തുടങ്ങിയവരും ഹിയറിങ്ങിന് എത്തിയ സംഘത്തിലുണ്ടായിരുന്നു.
