വിരമിച്ചിട്ടും ‘വിരമിക്കാത്തവർ’ പുറത്തേക്ക്
തിരുവനന്തപുരം ∙ പിണറായി സർക്കാരിന്റെ കാലത്ത് പ്രത്യേക താൽപര്യമെടുത്തു പ്രമുഖ പദവികളിൽ നിയമിച്ച, വിരമിച്ച ഐഎഎസ്– ഐപിഎസ് ഉദ്യോഗസ്ഥരെ യുഡിഎഫ് സർക്കാർ ഒന്നൊന്നായി ഒഴിവാക്കുന്നു. ഇവർക്കു പകരം സർവീസിലുള്ള ഐഎഎസ് ഉദ്യോഗസ്ഥർക്കു ചുമതല നൽകിത്തുടങ്ങി. അതേസമയം, വിരമിച്ച മറ്റു ചില ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ ഈ ചുമതലകളിൽ കയറിപ്പറ്റാൻ ചരടുവലി നടത്തുന്നതായും വിവരമുണ്ട്.
കിഫ്ബിയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ വൻ ശമ്പളത്തോടെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരുന്ന ഒരോരുത്തരെയായി നീക്കിത്തുടങ്ങി. കിഫ്ബി അഡിഷനൽ സിഇഒ മിനി ആന്റണി കഴിഞ്ഞദിവസം സ്ഥാനമൊഴിഞ്ഞു. റവന്യു വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായിരുന്ന മുഹമ്മദ് ഷഫീഖിനെ കിഫ്ബി അഡിഷനൽ സിഇഒ ആയി നിയമിച്ചതോടെയാണ് ഇവർ ഒഴിഞ്ഞത്. കിഫ്ബി സിഇഒ ആയിരുന്ന കെ.എം.ഏബ്രഹാം തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ രാജിവച്ചിരുന്നു. എം.കെ.മുനീർ ചെയർമാനായ ഭരണപരിഷ്കാര കമ്മിഷന്റെ സെക്രട്ടറിയായി മിനി ആന്റണിയെ നിയമിക്കണമെന്ന ശുപാർശ സർക്കാരിനുമുന്നിൽ എത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേരള ഫിനാൻഷ്യൽ കോർപറേഷൻ ചെയർമാനായി നിയമിതനായ മുൻ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, വിരമിച്ചിട്ടും ഈ സ്ഥാനത്തു തുടരുകയായിരുന്നു. കഴിഞ്ഞയാഴ്ച ഇൗ ചുമതലയിൽനിന്ന് അദ്ദേഹത്തെ നീക്കി. പകരം ചുമതല ധനസെക്രട്ടറിയായ മിൻഹാജ് ആലത്തിനു കൈമാറി.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ചീഫ് സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥനെ, സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റി ചെയർമാനായി നിയമിക്കാൻ സർക്കാർ പരിഗണിക്കുന്നുണ്ട്. ചെയർമാനായിരുന്ന പി.എച്ച്.കുര്യൻ കഴിഞ്ഞ ഓഗസ്റ്റിൽ അന്തരിച്ചു.
കെഎസ്ഇബി റഗുലേറ്ററി കമ്മിഷൻ ചെയർമാൻ സ്ഥാനത്തുനിന്നു മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ടി.കെ.ജോസ് അടുത്ത വർഷം വിരമിക്കും. ഈ തസ്തിക ഉന്നമിട്ടും ചിലർ ശ്രമം തുടങ്ങി. കേരള പബ്ലിക് സെക്ടർ എന്റർപ്രൈസസ് സിലക്ഷൻ ആൻഡ് റിക്രൂട്മെന്റ് ബോർഡിന്റെയും ശമ്പള കമ്മിഷന്റെയും ചെയർമാൻ സ്ഥാനം വഹിക്കുന്ന മുൻ ചീഫ് സെക്രട്ടറി വി.പി.ജോയിയെ ഏതെങ്കിലും ഒരു ചുമതലയിൽനിന്ന് ഒഴിവാക്കിയേക്കും. പൊളിറ്റിക്കൽ സെക്രട്ടറി പദവിയിൽ തൽക്കാലം ആരെയും നിയമിക്കേണ്ട എന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം.
കൊച്ചി മെട്രോ റെയിൽ കോർപറേഷൻ മാനേജിങ് ഡയറക്ടർ സ്ഥാനത്തു തുടരാൻ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയെ അനുവദിക്കണമെന്ന് സർക്കാരിനു മേൽ സമ്മർദമുണ്ടായിരുന്നെങ്കിലും വഴങ്ങിയില്ല. കാലാവധി അവസാനിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും പകരം ചുമതല എറണാകുളം കലക്ടർ ജി.പ്രിയങ്കയ്ക്ക് കൈമാറുകയും ചെയ്തു. ശുചിത്വ മിഷനിൽനിന്ന് യു.വി.ജോസിനെ നേരത്തേ നീക്കി. പിണറായി സർക്കാരിന്റെ കാലത്ത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്തുനിന്നു വിരമിച്ച ഉഷാ ടൈറ്റസിനെ അസാപ് സിഎംഡിയായി നിയമിച്ചിരുന്നെങ്കിലും ഈ സർക്കാർ അവരെ നീക്കിയിരുന്നു.
