‘ഇന്‍ജക്ഷന്‍ മാറി കുത്തുന്ന നഴ്‌സുമാര്‍ പഠിച്ചത് വേറെ സംസ്ഥാനങ്ങളില്‍ നിന്ന്’; കെ. മുരളീധരന്‍

Share our post

തിരുവനന്തപുരം: ഇന്‍ജക്ഷന്‍ മാറി കുത്തുന്ന നഴ്‌സുമാര്‍ പഠിക്കുന്നത് വേറെ സംസ്ഥാനങ്ങളില്‍ നിന്നെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. അവിടങ്ങളില്‍ ഇവിടെ ഉള്ളത് പോലെയുള്ള പഠനം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ നഴ്‌സിംഗ് സീറ്റുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. നിലവില്‍ 100 സീറ്റ് എന്നത് 200 ആക്കും. കെഎംഎസ്‌സിയലില്‍ ഉദ്യോഗസ്ഥര്‍ വരാത്തത് എന്ത് കൊണ്ടെന്ന് ചോദിച്ച മന്ത്രി മരുന്ന് കമ്പനിക്കാരെ തന്റെ അടുത്ത് കൊണ്ട് വരരുത് എന്ന് കര്‍ശനമായി താന്‍ പറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കി. മരുന്നിന്റെ ഗുണമേന്മ പരിശോധിക്കേണ്ടത് ഉദ്യോഗസ്ഥരാണ്. അതിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടി വരും. അത് കൊണ്ടാണ് ഉദ്യോഗസ്ഥര്‍ വരാത്തതെന്ന് മുരളീധരന്‍ പറഞ്ഞു. 50/50 എന്ന് പറഞ്ഞാല്‍ ഇഷ്ടം പോലെ ഉദ്യോഗസ്ഥര്‍ വരും. അങ്ങനെ പറയാത്തത് കൊണ്ടാണ് ആരും വരാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്എംഎ മരുന്ന് വിവാദത്തില്‍ പ്രതികരിച്ച അദ്ദേഹം പ്രതിപക്ഷ നേതാവ് അയച്ച കത്തില്‍ പറഞ്ഞത് വിലകൂടിയ മരുന്ന് കൊടുക്കാനാണെന്നും അല്ലാതെ ആശങ്കയല്ല പ്രകടിപ്പിച്ചതെന്നും പറഞ്ഞു. പിണറായി ചെയ്തത് പോലെ എല്ലാവര്‍ക്കും അമേരിക്കയില്‍ പോയി ചികിത്സിക്കാന്‍ പറ്റുമോ എന്നും അദ്ദേഹം പരിഹസിച്ചു. യുഡിഎഫില്‍ ഒരു പ്രശ്‌നവുമില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിസഭയില്‍ എല്ലാവരും ഒരുമിച്ച് ഒരു ടീം ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത്. തന്റെ വകുപ്പില്‍ വകുപ്പ് മന്ത്രി എന്ന നിലയില്‍ താനുമായി മുഖ്യമന്ത്രി ആലോചന നടത്താറുണ്ട്. അതാത് വകുപ്പ് മന്ത്രിമാരുമായി ആലോചിച്ചിട്ടാണ് മുഖ്യമന്ത്രി തീരുമാനം എടുക്കുന്നത്. ഇപ്പോള്‍ വൈദ്യുതിയുടെ ആവശ്യമില്ല എന്ന കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഭാവിയില്‍ വേണ്ടി വന്നേക്കാം. പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാറുണ്ടെന്നും മുരളീധരന്‍ വിശദീകരിച്ചു. അടൂര്‍ പ്രകാശ് പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം എല്ലാ കാര്യങ്ങളും ഭംഗിയായി മുന്നോട്ടു പോകുമെന്നും ചര്‍ച്ചകളും കൂടിയാലോചനകളും ഒക്കെ നടക്കുന്നുണ്ടെന്നും വ്യക്തമാക്കി.

അതേസമയം ഡിവൈഎഫ്‌ഐയെ പരിഹസിച്ചും മന്ത്രി രംഗത്തെത്തിയിട്ടുണ്ട്. ആരെങ്കിലും എവിടെയെങ്കിലും മരിച്ചിട്ടുണ്ടോ എന്ന് നോക്കി നടക്കുകയാണ് ഡിവൈഎഫ്‌ഐ. ചികിത്സ പിഴവുണ്ടോ എന്ന് ഭൂതക്കണ്ണാടി വെച്ച് നോക്കുകയാണ്. ഏതെങ്കിലും ചാനലിലെ ബ്രേക്കിംഗ് ന്യൂസ് കണ്ട് സര്‍ക്കാര്‍ നടപടി എടുക്കില്ല. തെറ്റ് ചെയ്തവരെ സര്‍ക്കാര്‍ വെറുതെ വിടില്ലെന്നും തെറ്റ് ചെയ്യാത്തവര്‍ക്ക് സര്‍ക്കാറിന്റെ സംരക്ഷണം ഉണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!