ബില്ല് കണ്ട് ഷോക്കടിച്ച് ഉപഭോക്താക്കൾ; ഉപയോഗിക്കാത്ത വൈദ്യുതിക്കും അധിക തുക, ഒടുവിൽ കാരണം കണ്ടെത്തി

Share our post

കുണ്ടംകുഴി (കാസർകോട്): വൈദ്യുതിബിൽ തുകയിലെ അവ്യക്തത പിടികിട്ടാതെ ഒരുവിഭാഗം ഉപഭോക്താക്കൾ. ഒക്ടോബറിൽ ലഭിച്ച ബില്ലിൽ മുൻ മാസങ്ങളിലെ ബില്ലിനേക്കാൾ ഉയർന്ന തുകയായതാണ് കാരണം. ഉപഭോക്താക്കൾ കഴിഞ്ഞ വർഷം ഒക്ടോബറിലെ ബിൽ തുകയുമായി ഒത്തുനോക്കുമ്പോഴാണ് കാര്യമായ വ്യതിയാനം കാണുന്നത്.

‘രണ്ടുപേർ മാത്രമുള്ള വീട്ടിൽ ഉപഭോഗം പരമാവധി കുറച്ചിട്ടും ബില്ലിൽ തുക കഴിഞ്ഞ തവണത്തേക്കാളും കൂടുതൽ. എന്നാൽ വേനൽക്കാലത്ത് തോട്ടത്തിൽ ജലസേചനം നടത്താൻ മാത്രം പ്രവർത്തിപ്പിക്കുന്ന വൈദ്യുതി മോട്ടോറിനും മഴക്കാലത്ത് ബിൽ തുക ഇരട്ടി മടങ്ങ് അധികമായായതോടെയാണ് ശരിക്കും ഞെട്ടിയത്. മഴക്കാലത്ത് വൈദ്യുതി മോട്ടോർ പ്രവർത്തിപ്പിച്ചിട്ടില്ല എന്നിട്ടും കഴിഞ്ഞ വർഷം ഒക്ടോടോബറിൽ ലഭിച്ച ബിൽ തുകയുടെ ഇരട്ടിയിലധികമാണ് ഇക്കുറി തുക.’ -കെ.എസ്.ഇ.ബി. ചട്ടഞ്ചാൽ സെക്ഷൻ പരിധിയിലെ ഗാർഹിക, കാർഷിക ഉപഭോക്താക്കൾ പരാതിപ്പെടുന്നു.

ബിൽ തുക ഉടൻ അടക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. ഓഫീസിൽ നിന്നും വിളിച്ചിരുന്നു. മീറ്റർ റീഡിങ്ങിനും വന്നില്ല, ബില്ലും തന്നില്ല, എത്രയാണ് തുകയെന്നും അറിയില്ല. പിന്നെങ്ങനെ അടയ്ക്കുമെന്ന് കുറ്റിക്കോൽ സെക്ഷൻ പരിധിയിലെ വീട്ടമ്മ ചോദിക്കുന്നു.

യു.പി.ഐ. സംവിധാനം വഴി ബിൽ അടയ്ക്കുന്നവർക്ക് മൊബൈൽ ഫോണിലെ ആപ്പിൽ ബിൽ തുക അറിയാമെന്നതിനാൽ അത്തരത്തിൽ മനസ്സിലാക്കിയവർക്കും, മൊബൈൽ ഫോൺ സന്ദേശം വഴി അറിഞ്ഞവർക്കും തുകയിലെ പൊരുത്തക്കേട് ആശയകുഴപ്പമുണ്ടാക്കുന്നു.

‘കുഴപ്പം’ വന്ന വഴി

ഓൾ കേരള മീറ്റർ റീഡേഴ്‌സ് കൂട്ടായ്മ, വേതന വർധന ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനതലത്തിൽ ഒക്ടോബർ ഒന്ന് മുതൽ 10 വരെ നടത്തിയ പണിമുടക്കിനെ തുടർന്നാണ് ഉപഭോക്താതാക്കളും കെ.എസ്.ഇ.ബി. യും ഒരുപോലെ ബുദ്ധിമുട്ടിലായത്. ഒക്ടോബറിൽ ഈ ദിവസങ്ങളിൽ മീറ്റർ റീഡിങ് നടത്തേണ്ടിയിരുന്ന ഉപഭോക്താതാക്കൾക്കാണ് ആശയകുഴപ്പം ഉണ്ടായത്.

പണിമുടക്ക് കാരണം റീഡിങ് നടത്താതെയാണ് കെ.എസ്.ഇ.ബി. ഈ ഉപഭോക്താക്കളുടെ ബിൽ തുക നിശ്ചയിച്ചത്. ആറുമാസത്തെ ഉപഭോഗ യൂണിറ്റിന്റെ ശരാശരി തുകയാണ് ബില്ലിനത്തിൽ വന്നത്. എന്നാൽ ഭൂരിഭാഗം ഉപഭോക്താക്കളും ഇത് കഴിഞ്ഞ ആറ് മാസത്തെ യൂണിറ്റിന്റെ ശരാശരിക്കുപകരം ബിൽ തുകയുടെ ശരാശരിയാണെന്നാണ് കരുതിയിരിക്കുന്നത്. ഇതാണ് ആശയകുഴപ്പത്തിനിടയാക്കുന്നത്. ദ്വൈമാസ ബിൽ സമ്പ്രദായമാണെന്നതിനാൽ ആറുമാസത്തെ ബിൽ തുക അറിയാൻ മുൻപത്തെ മൂന്ന് ബില്ലുകളുടെ തുകയാണ് പരിഗണിക്കേണ്ടത്. മറിച്ച് ആറ് ബില്ലുകൾ അഥവാ 12 മാസത്തെ ബിൽ പരിഗണിച്ചവരിലും അവ്യക്തതയുണ്ടാക്കുന്നു.

ബില്ലടച്ചില്ലെങ്കിൽ ഇന്നുതന്നെ കണക്ഷൻ വിഛേദിക്കുമെന്ന് ഓഫീസിൽനിന്നും നിരന്തരം ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ബിൽ അടക്കാൻ സാധിക്കാത്തവരും വയോജനങ്ങൾ മാത്രവുമുള്ള വീടുകളിലേയും ബില്ലടയ്ക്കാൻ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. മീറ്റർ റീഡർമാരുടെ സമരം കാരണമാണ് ഒക്ടോബർ ഒന്ന് മുതൽ 10 വരെ റീഡിങ് നടക്കാതായത്. അതിനാൽ ഉപഭോഗത്തിന് നിശ്ചിത തുക ഓഫീസിൽ നിന്നും തയ്യാറാക്കി അയക്കുകയായിരുന്നു. ഇത് യഥാർഥ റീഡിങ് തുകയെക്കാൾ അധികമാണെന്നുണ്ടെങ്കിലും ഉപഭോക്താക്കൾ ഒടുക്കണം. ഇക്കുറി അടക്കുന്നതിൽ അധിക തുകയുണ്ടാവുകയാണെങ്കിൽ അടുത്ത തവണ റീഡിങ് നടത്തി തയ്യാറാക്കുന്ന ബില്ലിൽ ഈ തുക കുറവ് വരുത്തും.

ഉപയോഗിക്കാത്ത വൈദ്യുതിക്ക് അധികതുക ഒടുക്കാൻ എതിർപ്പുള്ളവർ സ്വമേധയാ മീറ്റർ റീഡിങ് നടത്തി തെളിവോടെ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസുകളിലെത്തി ബോധ്യപ്പെടുത്തിയാൽ അതിനനുസരിച്ച് തുക നിശ്ചയിക്കുകയും ഒടുക്കാവുന്നതുമാണെന്ന് അധികൃതർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!