ഹൃദയത്തിലേക്ക് എത്തും മുമ്പ് ശരീരത്തിൽ കൊളസ്ട്രോൾ ചില സൂചനകൾ നൽകും; അവഗണിക്കരുത് ഈ ഏഴ് മാറ്റങ്ങൾ
ഉയർന്ന കൊളസ്ട്രോൾ പലപ്പോഴും ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത ആരോഗ്യപ്രശ്നമാണ്. വർഷങ്ങളോളം യാതൊരു അസ്വസ്ഥതയും അനുഭവപ്പെടാതെ തന്നെ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടാം. എന്നാൽ ചിലരിൽ കണ്ണുകൾക്ക് ചുറ്റും, ചർമ്മത്തിൽ, സന്ധികളിൽ, കാലുകളിലും പാദങ്ങളിലുമൊക്കെ ചില മാറ്റങ്ങൾ പ്രകടമാകാറുണ്ട്. ഇവയെല്ലാം കൊളസ്ട്രോളിന്റെ ലക്ഷണമാണെന്ന് കരുതാനാകില്ലെങ്കിലും, പ്രത്യേകിച്ച് ചെറുപ്പത്തിൽ ഇത്തരം മാറ്റങ്ങൾ കാണുകയോ കുടുംബത്തിൽ നേരത്തേ ഹൃദ്രോഗചരിത്രം ഉണ്ടാകുകയോ ചെയ്താൽ പരിശോധന നടത്തേണ്ടതുണ്ട്.
ഉയർന്ന കൊളസ്ട്രോൾ ഉള്ളവരിൽ മിക്കവർക്കും ലക്ഷണങ്ങളൊന്നും ഉണ്ടാകില്ലെന്ന് മുംബൈയിലെ കാർഡിയാക് സർജനായ ഡോ. ബിപിൻചന്ദ്ര ഭാംറെ ചൂണ്ടിക്കാട്ടുന്നു. രക്തക്കുഴലുകൾക്ക് കാര്യമായ തകരാറുണ്ടാകുന്നതുവരെ പലപ്പോഴും ഈ അവസ്ഥ തിരിച്ചറിയപ്പെടാറില്ല. അതിനാൽ ശരീരത്തിലെ ചില അസാധാരണ മാറ്റങ്ങൾ ശ്രദ്ധിക്കുകയും ആവശ്യമായാൽ ഡോക്ടറെ സമീപിക്കുകയും വേണം.
കൊളസ്ട്രോൾ ഉയർന്നാൽ ശരീരത്തിൽ കാണാവുന്ന ഏഴ് മാറ്റങ്ങൾ
1. കണ്ണിന് ചുറ്റും മഞ്ഞനിറത്തിലുള്ള പാടുകൾ
കൺപോളകൾക്ക് ചുറ്റും കാണപ്പെടുന്ന മൃദുവായ മഞ്ഞനിറത്തിലുള്ള പാടുകളാണ് സാന്തെലാസ്മ (Xanthelasma). ചർമ്മത്തിനടിയിലെ കലകളിൽ കൊളസ്ട്രോൾ ഉൾപ്പെടെയുള്ള കൊഴുപ്പുകൾ അടിഞ്ഞുകൂടുമ്പോഴാണ് ഇവ രൂപപ്പെടുന്നത്. തുടക്കത്തിൽ ചെറിയ പാടുകളായിരിക്കാമെങ്കിലും പിന്നീട് വലുതാകാം.
എന്നാൽ ഇത്തരം പാടുകൾ കണ്ടതുകൊണ്ടുമാത്രം കൊളസ്ട്രോൾ കൂടുതലാണെന്ന് ഉറപ്പിക്കാനാകില്ല. സാധാരണ കൊളസ്ട്രോൾ നിലയുള്ളവരിലും ഇവ ഉണ്ടാകാം. ചെറുപ്പത്തിൽ ഇത്തരം പാടുകൾ പ്രത്യക്ഷപ്പെടുകയോ മറ്റ് ഹൃദ്രോഗസാധ്യതകൾ ഉണ്ടാകുകയോ ചെയ്താൽ ലിപിഡ് പ്രൊഫൈൽ പരിശോധന നടത്താൻ ഡോക്ടർ നിർദേശിച്ചേക്കാം.
2. കൈമുട്ടുകളിലും കാൽമുട്ടുകളിലും മഞ്ഞനിറത്തിലുള്ള മുഴകൾ
സാന്തോമ (Xanthoma) എന്നറിയപ്പെടുന്ന കൊഴുപ്പ് നിക്ഷേപങ്ങൾ ചർമ്മത്തിൽ മഞ്ഞനിറത്തിലുള്ള ചെറിയ മുഴകളായോ തടിപ്പുകളായോ പ്രത്യക്ഷപ്പെടാം. കൈമുട്ടുകൾ, കാൽമുട്ടുകൾ, കൈകൾ, കണങ്കാൽ തുടങ്ങിയ ഭാഗങ്ങളിലും അക്കിലീസ് ടെൻഡൺ ഉൾപ്പെടെയുള്ള ടെൻഡണുകളിലും ഇവ കാണപ്പെടാം.
കുടുംബപരമായി പാരമ്പര്യമായി ലഭിക്കുന്ന ഫാമിലിയൽ ഹൈപ്പർകൊളസ്ട്രോളീമിയ (FH) എന്ന അവസ്ഥയുള്ളവരിൽ ഇത്തരം നിക്ഷേപങ്ങൾ കാണാനുള്ള സാധ്യത കൂടുതലാണ്. ഇവരിൽ ചെറുപ്പം മുതലേ LDL കൊളസ്ട്രോൾ വളരെ ഉയർന്ന നിലയിൽ തുടരാം. ഇത് കാലക്രമേണ ഹൃദയസംബന്ധമായ രോഗസാധ്യത വർധിപ്പിക്കും. അതിനാൽ പുതിയതായി കാണപ്പെടുന്ന ഇത്തരം മുഴകൾ സ്വയം വിലയിരുത്താതെ ഡോക്ടറെ കാണണം.
3. കണ്ണിലെ കൃഷ്ണമണിക്ക് ചുറ്റും ചാരനിറത്തിലുള്ള വളയം
കണ്ണിലെ കോർണിയയുടെ പുറംഭാഗത്ത് ചാരനിറത്തിലോ വെളുത്ത നിറത്തിലോ വളയം കാണപ്പെടുന്ന അവസ്ഥയാണ് കോർണിയൽ ആർകസ് (Corneal Arcus). കോർണിയയുടെ അരികിൽ കൊഴുപ്പ് നിക്ഷേപങ്ങൾ അടിഞ്ഞുകൂടുന്നതാണ് ഇതിന് കാരണം.
പ്രായം കൂടുന്നതിനനുസരിച്ച് ഈ വളയം സാധാരണയായി കണ്ടുവരാം. അതിനാൽ പ്രായമായവരിൽ ഇത് കാണുന്നത് ഉയർന്ന കൊളസ്ട്രോളിന്റെ സൂചനയാകണമെന്നില്ല. എന്നാൽ ചെറുപ്പക്കാരിൽ, പ്രത്യേകിച്ച് കുടുംബത്തിൽ ഉയർന്ന കൊളസ്ട്രോളോ ചെറുപ്പത്തിലേ ഹൃദ്രോഗമോ ഉണ്ടായിട്ടുണ്ടെങ്കിൽ, ഇത് ശ്രദ്ധിക്കേണ്ടതാണ്.
4. നടക്കുമ്പോൾ കാൽവണ്ണയിൽ വേദന
കൊളസ്ട്രോൾ അടിഞ്ഞുകൂടി കാലുകളിലേക്കുള്ള രക്തക്കുഴലുകൾ ഇടുങ്ങുമ്പോൾ പെരിഫറൽ ആർട്ടറി ഡിസീസ് (PAD) എന്ന അവസ്ഥ ഉണ്ടാകാം. നടക്കുമ്പോഴോ പടികൾ കയറുമ്പോഴോ കാൽവണ്ണയിൽ വേദന, വലിച്ചിൽ, മുറുക്കം എന്നിവ അനുഭവപ്പെടുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന്.
വിശ്രമിക്കുമ്പോൾ വേദന കുറയുകയും വീണ്ടും നടക്കുമ്പോൾ തിരിച്ചുവരികയും ചെയ്യാം. ഇന്റർമിറ്റന്റ് ക്ലോഡിക്കേഷൻ (Intermittent Claudication) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. നടക്കുമ്പോൾ പേശികൾക്ക് കൂടുതൽ ഓക്സിജൻ ആവശ്യമായി വരും. എന്നാൽ രക്തക്കുഴലുകൾ ഇടുങ്ങിയതിനാൽ ആവശ്യത്തിന് രക്തം എത്താതെ വരുമ്പോഴാണ് വേദന അനുഭവപ്പെടുന്നത്.
5. ഒരു പാദത്തിന് മറ്റേതിനേക്കാൾ തണുപ്പ് അനുഭവപ്പെടുക
ഒരു പാദത്തിന് സ്ഥിരമായി മറ്റേ പാദത്തേക്കാൾ തണുപ്പ് അനുഭവപ്പെടുന്നത് രക്തയോട്ടത്തിലെ പ്രശ്നങ്ങളുടെ സൂചനയായിരിക്കാം. പ്രത്യേകിച്ച് വേദന, മരവിപ്പ്, ചർമ്മത്തിന്റെ നിറവ്യത്യാസം തുടങ്ങിയവയും ഒപ്പമുണ്ടെങ്കിൽ ശ്രദ്ധിക്കണം.
കാലുകളിലേക്കുള്ള രക്തക്കുഴലുകൾ ഇടുങ്ങുമ്പോൾ താഴേക്കുള്ള രക്തയോട്ടം കുറയാം. ഇതുമൂലം പാദങ്ങൾ തണുത്തതായി അനുഭവപ്പെടാം. എന്നാൽ തണുത്ത കാലാവസ്ഥ, നാഡീസംബന്ധമായ പ്രശ്നങ്ങൾ, മറ്റ് രക്തചംക്രമണ തകരാറുകൾ എന്നിവയും ഇതിന് കാരണമാകാം. ഒരു വശത്ത് മാത്രം തുടർച്ചയായി ഇത്തരം മാറ്റങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ പരിശോധന നടത്തണം.
6. കാലുകളിൽ രോമവളർച്ച കുറയുക, കാൽവിരലിലെ നഖങ്ങൾ സാവധാനം വളരുക
കാലുകളിലെ രക്തയോട്ടം കുറയുമ്പോൾ താഴത്തെ കാലുകളിലെ രോമവളർച്ച കുറയുകയോ കാൽവിരലുകളിലെ നഖങ്ങൾ സാധാരണയേക്കാൾ പതുക്കെ വളരുകയോ ചെയ്യാം. രക്തത്തിലൂടെ ലഭിക്കുന്ന ഓക്സിജനും പോഷകങ്ങളും കുറയുന്നത് ടിഷ്യൂകളുടെ സ്വാഭാവിക വളർച്ചയെ ബാധിക്കാം.
എന്നാൽ പ്രായം, ഹോർമോൺ വ്യതിയാനങ്ങൾ, ജനിതക ഘടകങ്ങൾ തുടങ്ങിയവയും രോമവളർച്ചയെയും നഖങ്ങളുടെ വളർച്ചയെയും സ്വാധീനിക്കും. നടക്കുമ്പോഴുള്ള കാൽവണ്ണ വേദന, പാദങ്ങളിലെ തണുപ്പ്, ചർമ്മത്തിന്റെ നിറവ്യത്യാസം എന്നിവയ്ക്കൊപ്പം ഈ മാറ്റങ്ങൾ കാണുകയാണെങ്കിൽ കൂടുതൽ ശ്രദ്ധിക്കണം.
7. കാലിലെ മുറിവുകൾ ഉണങ്ങാൻ വൈകുക
കാലിലോ പാദങ്ങളിലോ ഉണ്ടാകുന്ന ചെറിയ മുറിവുകൾ പോലും ഉണങ്ങാൻ അസാധാരണമായി കൂടുതൽ സമയം എടുക്കുന്നുണ്ടോ? കാലുകളിലേക്കുള്ള രക്തയോട്ടം വളരെ കുറയുമ്പോൾ മുറിവുകൾ ഉണങ്ങാനുള്ള പ്രക്രിയ തടസ്സപ്പെടാം. ആവശ്യത്തിന് ഓക്സിജനും പോഷകങ്ങളും ലഭിക്കാത്തതിനാൽ ടിഷ്യൂകൾക്ക് സ്വയം നന്നാകാൻ ബുദ്ധിമുട്ടുണ്ടാകുന്നു.
പാദങ്ങളിലും വിരലുകളിലും ഉണ്ടാകുന്ന മുറിവുകൾ ഉണങ്ങാതെ തുടരുകയോ ചർമ്മത്തിന് വിളറിയതോ നീലനിറത്തിലോ മാറ്റം വരികയോ ചെയ്യാം. പ്രമേഹമുള്ളവരും പുകവലിക്കുന്നവരും ഇത്തരം ലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. മുറിവ് ഉണങ്ങാൻ വൈകുന്നത് കൊളസ്ട്രോൾ മൂലമാണെന്ന് ഉറപ്പിക്കാനാകില്ലെങ്കിലും രക്തചംക്രമണ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള കാരണങ്ങൾ പരിശോധിക്കേണ്ടതുണ്ട്.
കൊളസ്ട്രോൾ ശരീരത്തിൽ ഇത്തരം മാറ്റങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെ?
രക്തത്തിലൂടെയാണ് കൊളസ്ട്രോൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്നത്. LDL കൊളസ്ട്രോൾ ദീർഘകാലം ഉയർന്ന നിലയിൽ തുടരുമ്പോൾ രക്തക്കുഴലുകളുടെ ഭിത്തികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്ന അഥിറോസ്ക്ലീറോസിസ് (Atherosclerosis) എന്ന അവസ്ഥയ്ക്ക് കാരണമാകാം. ഇത് രക്തക്കുഴലുകൾ ഇടുങ്ങുന്നതിനും രക്തയോട്ടം കുറയുന്നതിനും ഇടയാക്കും.
കണ്ണിന് ചുറ്റുമുള്ള സാന്തെലാസ്മ, ചർമ്മത്തിലെയും ടെൻഡണുകളിലെയും സാന്തോമ എന്നിവയിലെ കൊഴുപ്പ് നിക്ഷേപങ്ങൾ രക്തക്കുഴലുകളിലെ പ്ലാക്കിൽനിന്ന് വ്യത്യസ്തമാണ്. അതേസമയം നടക്കുമ്പോഴുള്ള കാൽവേദന, പാദങ്ങളിലെ തണുപ്പ്, ഉണങ്ങാത്ത മുറിവുകൾ തുടങ്ങിയവ രക്തക്കുഴലുകൾ ഇടുങ്ങി രക്തയോട്ടം കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കാം.
ഏറ്റവും പ്രധാനപ്പെട്ട മുന്നറിയിപ്പ് ലക്ഷണങ്ങളൊന്നും ഇല്ലാത്തതാകാം!
ഉയർന്ന കൊളസ്ട്രോൾ ഉള്ളവരിൽ ഭൂരിഭാഗം പേർക്കും കണ്ണിന് ചുറ്റുമുള്ള മഞ്ഞപ്പാടുകളോ ചർമ്മത്തിലെ മുഴകളോ കാലുകളിലെ അസ്വസ്ഥതകളോ ഉണ്ടാകണമെന്നില്ല. രക്തക്കുഴലുകളിൽ പ്ലാക്ക് അടിഞ്ഞുകൂടിക്കൊണ്ടിരിക്കുമ്പോഴും ഒരാൾക്ക് സാധാരണ ജീവിതം നയിക്കാൻ കഴിഞ്ഞേക്കാം. പിന്നീട് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതര പ്രശ്നങ്ങളിലേക്കും ഇത് നയിക്കാം.
അതുകൊണ്ട് കണ്ണാടിയിൽ നോക്കി കൊളസ്ട്രോൾ നില വിലയിരുത്തുന്നതിനേക്കാൾ ഫലപ്രദമാണ് രക്തപരിശോധന. പ്രമേഹം, ഉയർന്ന രക്തസമ്മർദം, അമിതവണ്ണം, പുകയില ഉപയോഗം, കുടുംബത്തിൽ ചെറുപ്പത്തിലേ ഹൃദ്രോഗം ഉണ്ടായിട്ടുള്ള ചരിത്രം എന്നിവയുള്ളവർ ഹൃദയസംബന്ധമായ അപകടസാധ്യതകൾ പ്രത്യേകം വിലയിരുത്തണം.
ലിപിഡ് പ്രൊഫൈൽ പരിശോധനയിലൂടെ കൊളസ്ട്രോൾ നില അറിയാൻ കഴിയും. പരിശോധനാഫലവും മറ്റ് ആരോഗ്യസാധ്യതകളും പരിഗണിച്ച് തുടർപരിശോധനയോ ചികിത്സയോ ആവശ്യമാണോ എന്ന് ഡോക്ടർ തീരുമാനിക്കും. ഹൃദയാരോഗ്യത്തിന് അനുയോജ്യമായ ഭക്ഷണരീതി, പതിവായ ശാരീരിക പ്രവർത്തനങ്ങൾ, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തൽ, പുകയില ഒഴിവാക്കൽ എന്നിവയും പ്രധാനമാണ്. ചിലർക്ക് കൊളസ്ട്രോൾ കുറയ്ക്കാനുള്ള മരുന്നുകളും ആവശ്യമായി വരാം.
ശരീരം ചില സൂചനകൾ നൽകാറുണ്ട്. എന്നാൽ ഉയർന്ന കൊളസ്ട്രോളിന്റെ കാര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം, പലപ്പോഴും അത്തരം സൂചനകളൊന്നും ഉണ്ടാകില്ല എന്നതാണ്.
