ത്രോബോൾ മുൻ സംസ്ഥാന താരത്തിനും കുടുംബത്തിനും ഒറ്റമുറിയിൽ ദുരിതജീവിതം

Share our post

തളിപ്പറമ്പ് : ത്രോബോൾ കോർട്ടിൽ കേരളത്തിന്റെ കരുത്തായിരുന്ന അശ്വതി ഇന്ന് കാറ്റും മഴയും മാറാനായി കാത്തിരിക്കുകയാണ്. മഴയൊഴിഞ്ഞ് കാറ്റടങ്ങിയാലേ പുളിമ്പറമ്പ് തോട്ടാറമ്പിലെ വീട്ടിൽ അടുപ്പുപുകയൂ. കാരണം, മുറ്റത്തു വലിച്ചുകെട്ടിയ പ്ലാസ്റ്റിക് ഷീറ്റിനടിയിലെ അടുപ്പിലാണ് ഇവർ പാചകം ചെയ്യുന്നത്

4 മാസം മുൻപ് വീടു ജപ്തിചെയ്ത് ബാങ്ക് സീൽ ചെയ്തതിനാൽ, പണിപൂർത്തിയാകാത്ത വീടിന്റെ വർക്ക് ഏരിയയിലാണ് അശ്വതി, ഭർത്താവ് നിധിൻ, മക്കളായ ഒന്നാം ക്ലാസ് വിദ്യാർഥി ആകൃത, ആമിയ (രണ്ടര), ഭർതൃമാതാവ് ആരംഭൻ സുനില (51), ഭർതൃപിതാവ് തോമസ് (56) എന്നിവർ താമസിക്കുന്നത്. മഴ കനക്കുമ്പോൾ വെള്ളം അകത്തേക്ക് ഇരച്ചുകയറും. ഇടിയും മിന്നലും ശക്തമാകുമ്പോൾ കുഞ്ഞുമക്കളെ കെട്ടിപ്പിടിച്ചു കരയാനേ കഴിയൂ. വീട് സീൽ ചെയ്തതോടെ, ശുചിമുറി ഉപയോഗിക്കാൻപോലും അടുത്ത വീടാണ് ആശ്രയം.

ത്രോബോൾ താരമായ അശ്വതി സംസ്ഥാനത്തിനായി ഒട്ടേറെ മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. കണ്ണൂർ സർവകലാശാലയുടെ ഇന്റർകൊളീജിയറ്റ് ഫുട്ബോൾ താരവും കബഡി താരവുമായിരുന്നു. 2018ൽ ആണു വീടുനിർമാണത്തിന് കേരള ബാങ്കിൽനിന്ന് ഭർത്താവിന്റെ കുടുംബസ്വത്തായ 35 സെന്റ് പണയംവച്ച് 15 ലക്ഷം രൂപ വായ്പയെടുത്തത്. സുനിലയുടെ പേരിലായിരുന്നു വായ്പ. മരംമുറിക്കുന്ന ജോലിക്കിടെ വീണ നിധിൻ കാലൊടി‍ഞ്ഞു കിടപ്പിലായി. കോവിഡ് പ്രതിസന്ധികൂടിയായതോടെ വായ്പത്തിരിച്ചടവു മുടങ്ങി.

ബാങ്ക് പലിശ കുറച്ചെങ്കിലും ബാക്കി പണം അടയ്ക്കാനായില്ല. ഇപ്പോൾ 34 ലക്ഷം രൂപയിലധികം തിരിച്ചടയ്ക്കാനുണ്ട്. മുഖ്യമന്ത്രിയെക്കണ്ട് പരാതി പറയാൻ പലതവണ തിരുവനന്തപുരത്തു പോയെങ്കിലും കാണാൻ സാധിച്ചില്ല. യാത്രച്ചെലവിനുള്ള പണം കടംവാങ്ങി അടുത്തദിവസം വീണ്ടും തിരുവനന്തപുരത്തേക്കു പോകാനൊരുങ്ങുകയാണിവർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!