മുൻമന്ത്രി വീണ ജോർജിനെ ആക്രമിച്ച സംഭവം; കെ.എസ്.യു പ്രവർത്തകർക്ക് ക്ലീൻ ചിറ്റ്
കണ്ണൂർ: മുൻമന്ത്രി വീണ ജോർജിനെ ആക്രമിച്ചുവെന്ന കേസിൽ കെ.എസ്.യു പ്രവർത്തകർക്ക് ക്ലീൻ ചിറ്റ്. പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ല, കണ്ണൂരിൽ നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമാണെന്ന് അന്വേഷണസംഘം റിപ്പോർട്ട് ചെയ്തു. മുൻമന്ത്രിയും ഗൺമാനും സംഭവത്തെ പെരുപ്പിച്ചുകാണിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
വീണ ജോർജിനെ ആക്രമിച്ചുവെന്ന് ഗൺമാനാണ് മൊഴി നൽകിയത്. ഗൺമാൻ പിന്നീട് മൊഴിമാറ്റിയിരുന്നു. മന്ത്രിയുടെ സമ്മർദ്ദത്തിലാണ് ആക്രമിക്കാൻ ശ്രമിച്ചുവെന്ന മൊഴിനൽകിയതെന്നാണ് അന്വേഷണസംഘത്തിന് ഗൺമാൻ പിന്നീട് മൊഴി നൽകിയത്. അതേസമയം കയ്യാങ്കാളിക്കിടെ മന്ത്രിക്ക് നേരിയ പരിക്കേറ്റതായി പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരും മൊഴിനൽകിയിട്ടുണ്ട്.
2026 ഫെബ്രുവരി 26നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് മന്ത്രിയെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചുവെന്നാണ് കേസ്. ഇതിനെ അനുകൂലിച്ചുള്ള മൊഴികളുമുണ്ടായിരുന്നു. കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് യുഡിഎഫ് സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് കേസ് വീണ്ടും അന്വേഷിച്ചത്. അതിനിടെയാണ് ഗൺമാൻ മൊഴി മാറ്റിയത്. ഇതോടെ കേസ് നിലനിൽക്കാത്ത സ്ഥിതിയിലേക്കെത്തും.
