റെയിൽവേ സ്റ്റേഷനിൽ സ്വന്തമായി കട തുടങ്ങണോ? ലൈസൻസും നടപടിക്രമങ്ങളും അറിയാം

Share our post

ഡൽഹി: ട്രെയിൻ യാത്രകളിൽ റെയിൽവേ സ്റ്റേഷനുകളിലെ സ്റ്റാളുകൾ പ്രയോജനപ്പെടുത്താത്തവര്‍ ചുരുക്കമായിരിക്കും. ചായ, സ്നാക്സ്, പുസ്തകങ്ങൾ, ഐസ്ക്രീം തുടങ്ങി ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള ഒരുവിധം വസ്തുക്കൾ ഈ സ്റ്റാളുകളിൽ ഉണ്ടാകും. റെയിൽവെ സ്റ്റേഷനിൽ ആളൊഴിഞ്ഞിട്ട് നേരമില്ലെന്ന് പറയുന്നതുപോലെ ഈ കടകൾ യാത്രക്കാര്‍ക്ക് വലിയൊരു സഹായമാണ്. ഈ സ്റ്റാളുകൾ റെയിൽവേയുടെ ഉടമസ്ഥതയിലുള്ളതല്ല, മറിച്ച് സ്വകാര്യ വ്യക്തികളാണ് നടത്തുന്നത്. താൽപര്യമുണ്ടെങ്കിൽ നിങ്ങൾക്കും റെയിൽവെ സ്റ്റേഷനുകളിൽ കട തുറക്കാവുന്നതാണ്. ഇതിന് പ്രത്യേക നടപടിക്രമങ്ങളും വ്യവസ്ഥകളുമുണ്ട്. ഐആർസിടിസിയാണ് ഇത് കൈകാര്യം ചെയ്യുന്നത്. ഈ ഔട്ട്ലെറ്റുകൾക്കായി ടെൻഡറുകൾ ക്ഷണിച്ചാൽ ആര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

ഇന്ത്യൻ റെയിൽവേ, ഐആർസിടിസി വഴി, ഭക്ഷണ സ്റ്റാളുകൾ, ജനറൽ സ്റ്റോറുകൾ, ബുക്ക് സ്റ്റാളുകൾ എന്നിവയ്ക്കായി പതിവായി ടെൻഡറുകൾ ക്ഷണിക്കാറുണ്ട്. മിക്ക കടകളും ഓപ്പൺ ടെൻഡറുകളിലൂടെയോ ഇ-ലേലത്തിലൂടെയോ ആണ് അനുവദിക്കുന്നത്. ‘ഇ-പ്രൊക്യുർമെന്റ് സിസ്റ്റം’ ഓൺലൈൻ പോർട്ടലിൽ നിങ്ങൾക്ക് വിശദാംശങ്ങൾ പരിശോധിക്കാം. ഐആർസിടിസി പോർട്ടലിലെ ‘ടെൻഡർ’ അല്ലെങ്കിൽ ‘ഇ-ലേലം’ വിഭാഗങ്ങളിലൂടെയോ ബന്ധപ്പെട്ട സോണൽ റെയിൽവേയുടെ വെബ്‌സൈറ്റിലൂടെയോ ഓൺലൈൻ ഇ-ടെൻഡറുകൾ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

ലൈസൻസ് എങ്ങനെ നേടാം

ടെൻഡർ പ്രക്രിയയ്ക്ക് ശേഷം ഐആർസിടിസി നൽകുന്ന ലൈസൻസുകൾക്ക് ഒരു പ്രത്യേക സാധുത കാലയളവ് ഉണ്ടായിരിക്കും. നിയമങ്ങൾ പ്രകാരം, ഒരു ഫുഡ് പ്ലാസയ്ക്കുള്ള ലൈസൻസിന് ഒമ്പത് വർഷത്തെ കാലാവധിയാണ് ഉള്ളത്. അതേസമയം ഭക്ഷണ/പാനീയ സ്റ്റാളുകൾ അല്ലെങ്കിൽ കാറ്ററിംഗ് യൂണിറ്റുകൾക്കുള്ള ലൈസൻസുകൾക്ക് അഞ്ച് വർഷത്തേക്ക് സാധുതയുണ്ട്.

ലൈസൻസിനായി ഓൺലൈനായി അപേക്ഷിക്കണം. ഇതിനായി ഡിജിറ്റൽ സൈൻ ആവശ്യമാണ്. നിങ്ങൾ സ്റ്റാൾ തുറക്കാൻ ആഗ്രഹിക്കുന്ന സ്റ്റേഷന്റെ ടെൻഡറുകൾക്കായി തിരയുകയും ടെൻഡർ രേഖകൾ ഡൗൺലോഡ് ചെയ്യുകയും വേണം. കൂടാതെ, ഒരു നിശ്ചിത സെക്യൂരിറ്റി ഡിപ്പോസിറ്റും തുകയായി കെട്ടിവെക്കേണ്ടതുണ്ട്. അതിനുശേഷമാണ് നിങ്ങൾ ബിഡ് (ലേലത്തുക) സമർപ്പിക്കേണ്ടത്.

അപേക്ഷയ്ക്കായും ലേലത്തിൽ പങ്കെടുക്കുന്നതിനുമായി ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി, ജിഎസ്ടി രജിസ്‌ട്രേഷൻ (ബാധകമെങ്കിൽ), ഫുഡ് ലൈസൻസ് (ഭക്ഷണശാലകൾക്ക്), പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ എന്നീ രേഖകൾ ആവശ്യമാണ്. ഇതിനായുള്ള ഫീസ് തുക 40,000 മുതൽ3 ലക്ഷം വരെ ആകാം.

ടെൻഡർ നടപടികൾ പൂർത്തിയാവുകയും ഏറ്റവും ഉയർന്ന വാലിഡ് ബിഡ് അല്ലെങ്കിൽ നിശ്ചിത യോഗ്യതകൾ കണ്ടെത്തുകയും ചെയ്ത ശേഷമാണ് റെയിൽവേ ലൈസൻസ് അനുവദിക്കുന്നത്. തിരക്ക് കൂടുതലുള്ള സ്റ്റേഷനുകളുടെ ബിഡ് തുക സാധാരണയായി ഉയർന്നതായിരിക്കുമെന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!