കാര്‍ മാത്രമല്ല, 17കാരന്‍ ആഡംബര ബൈക്കും ഓടിച്ചിരുന്നുവെന്ന് കണ്ടെത്തല്‍; ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ചിന്

Share our post

കൊച്ചി: ചേരാനല്ലൂരില്‍ അപകടത്തിന് കാരണമായ വാഹനം ഓടിച്ച പതിനേഴുകാരന്‍ ആഡംബര ബൈക്കും ഓടിച്ചിരുന്നുവെന്ന് കണ്ടെത്തല്‍. ബെന്‍സ് കാറിന്റെ ഉടമയായ ജഡ്ജിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആഡംബര ബൈക്കും കണ്ടെത്തിയത്. ഈ ബൈക്ക് ഉപയോഗിച്ചിരുന്നത് പതിനേഴുകാരനാണെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം. 17കാരന്‍ ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ജില്ലാ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.

പതിനേഴുകാരന്‍ ബൈക്ക് ഓടിക്കാറുണ്ടെന്നാണ് ഫ്‌ളാറ്റ് ജീവനക്കാരനും മൊഴി നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ രജിസ്‌ട്രേഷനിലും പൊലീസിന് സംശയമുണ്ട്. അതേസമയം 17കാരന്റെ ജാമ്യം റദ്ദാക്കാനുള്ള പൊലീസിന്റെ അപേക്ഷ എറണാകുളം സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചേക്കും. ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഇന്ന് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കും. പൊലീസുമായി കഴിഞ്ഞ ദിവസം കുടുംബം ചര്‍ച്ച നടത്തിയിരുന്നു. ജഡ്ജിക്കെതിരെ നടപടി എടുക്കേണ്ടത് ഹൈക്കോടതി ആണെന്ന് പൊലീസ് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. നിലവിലെ പൊലീസ് നടപടിയില്‍ തൃപ്തരാണെന്ന് ജയബാലകൃഷ്ണന്റെ കുടുംബം പ്രതികരിച്ചിരുന്നു.

ജഡ്ജിയുടെ വീട്ടില്‍ ക്രൈംബ്രാഞ്ചും പൊലീസും നടത്തിയ പരിശോധന ഏഴു മണിക്കൂര്‍ നീണ്ടിരുന്നു. ആഡംബര ബൈക്ക് കൂടാതെ ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങളും വാഹനത്തിന്റെ രേഖകളും കസ്റ്റഡിലെടുത്തിട്ടുണ്ട്. അപകട ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.

കേസ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സി ഐ ശ്യാംകുമാര്‍ കെ എസ് ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. സംഭവസ്ഥലം സന്ദര്‍ശിച്ച് എഡിജിപി പി വിജയന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിലാണ് നടപടി പ്രഖ്യാപിച്ചത്. സി ഐ ശ്യാം കുമാര്‍ കെ എസ്, എസ് എച്ച് ഒവിശ്വജിത്ത് വി എസ്. എഎസ്‌ഐ മനോജ് കെ ടി, സിപിഒ അരുണ്‍ ജോഷി എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടായത്.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂര്‍ കണ്ടെയ്‌നര്‍ റോഡില്‍ പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. അഡീഷണല്‍ ജഡ്ജിയുടെ മകന്‍ ആണ് ഇടിച്ച വാഹനം ഓടിച്ചത്. 17കാരനെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രതിഷേധവുമായി ജയബാലകൃഷ്ണന്റെ കുടുംബം രംഗത്തെത്തുകയും ചെയ്തു. ആഭ്യന്തരമന്ത്രി കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് കടുത്ത നടപടയിലേക്ക് പോലും കടന്നത്. പിന്നാലെ രാത്രി വൈകി 17കാരനെതിരെ നരഹത്യാവകുപ്പ് ചുമത്തുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!