‘ഞങ്ങള്‍ കൊലച്ചോറ് കഴിക്കാറില്ല’; അന്ന് ചന്ദ്രബോസിന്‍റെ അമ്മ പറഞ്ഞു; ചേരാനല്ലൂരും നെടുമ്പാശേരിയും നിഷാമും; കേസില്‍ സാമ്യമേറെ

Share our post

‘ഒരു ദിവസമെങ്കിലും കടപൂട്ടി മനസമാധാനത്തോടെ അച്ഛന് വീട്ടിലിരിക്കാനാകണം. അത് ആഗ്രഹിച്ചാണ് ഞാന്‍ ജോലിക്ക് പോയത്. അതെല്ലാം തകര്‍ത്തില്ലേ. ഞാന്‍ മരിച്ചുവീണാലും വേണ്ടില്ല…നീതി കിട്ടുംവരെ സമരം ചെയ്യും’, ചേരാനല്ലൂരില്‍ കേട്ട പെണ്‍മകളുടെ ശബ്ദമാണിത്. ജഡ്ജിയുടെ മകന്‍ കാറോടിക്കാനുള്ള കൊതി തീര്‍ത്തപ്പോള്‍ പൊലിഞ്ഞുപോയ തട്ടുകടക്കാരന്‍ ജയബാലകൃഷ്ണന്‍റെ മകള്‍ ഭദ്രകീര്‍ത്തി.

ഏതാണ്ട് ഇതേ സ്വരം 11വര്‍ഷം മുന്‍പ് തൃശൂരില്‍ നിന്ന് കേട്ടിരുന്നു. ജില്ലാ കോടതിയില്‍ കൊലക്കേസിന്‍റെ വിചാരണ നടക്കുകയാണ്. കോടതി ഉച്ചയ്ക്ക് പിരിഞ്ഞു. കോടതിയുടെ സമീപത്തുള്ള മില്‍മ ബൂത്തിലേക്ക് പതുക്കെ നടന്ന് നീങ്ങുകയാണ് കൊല്ലപ്പെട്ടയാളുടെ ഭാര്യയും അമ്മയും. പ്രതിയുടെ ഇളയച്ഛന്‍ പിന്നാലെ വന്നു. രണ്ടായിരം രൂപയുടെ നോട്ട് നീട്ടിയിട്ട് പറഞ്ഞു.. ‘വാ ഹോട്ടലില്‍ പോയി കഴിക്കാം. നടന്നത് നടന്നു. പോയവര്‍ ഇനി തിരിച്ചുവരുത്തുമില്ല. നമ്മള്‍ പിണങ്ങിയിരുന്നിട്ട് എന്താ കാര്യം…വാ..’. ആ നോട്ടിലേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ ആ അമ്മ പറഞ്ഞു.. ‘ഞങ്ങള്‍ കൊലച്ചോറ് കഴിക്കാറില്ല. എന്‍റെ മകന് നീതികിട്ടും വരെ ഭക്ഷണം കഴിച്ചില്ലങ്കിലും പ്രശ്നമില്ല..’, മുഹമ്മദ് നിഷാം എന്ന സമ്പന്നന്‍ ആഡംബര കാറുകൊണ്ട് ഇടിച്ച് കൊന്ന സെക്യൂരിറ്റിക്കാരന്‍ ചന്ദ്രബോസിന്‍റെ അമ്മ അംബുജാക്ഷിയുടെയും ഭാര്യ ജമന്തിയുടെയും ശബ്ദമായിരുന്നു അത്.

പണക്കൊഴുപ്പിന്‍റെ അഹങ്കാരം കൊണ്ട് ആഡംബര വാഹനമെടുത്ത് സാധാരണക്കാരെ കൊന്ന നെടുമ്പാശേരിയ്ക്കും ചേരാനല്ലൂരിനും പതിനൊന്ന് വര്‍ഷം മുന്‍പ് നടന്ന ചന്ദ്രബോസിന്‍റെ കൊലയും അന്വേഷണവുമൊക്കെയായി സാമ്യമേറെയാണ്. 

2015 ജനുവരി 29ന് പുലര്‍ച്ചെയാണ് തൃശൂരിലെ ശോഭ സിറ്റിക്ക് മുന്നില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ മുഹമ്മദ് നിഷാം ആഡംബര കാറുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയത്. നിഷാമിന്‍റെ കാറിന് വേണ്ടി ഗേറ്റിന്‍റെ ബാരിയര്‍ ഉയര്‍ത്താന്‍ അല്‍പം വൈകിയെന്നതായിരുന്നു ക്രൂരമായി മര്‍ദിച്ചുകൊല്ലാനുള്ള കാരണം. 

കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നിട്ടും ആദ്യഘട്ടത്തില്‍ പൊലീസ് പ്രതിക്കൊപ്പമായിരുന്നു. ചന്ദ്രബോസിന്‍റെ മരണ മൊഴിയെടുത്തില്ല, ആക്രമണത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചില്ല, ശാസ്ത്രീയ പരിശോധനക്ക് അയക്കേണ്ടിയിരുന്ന ചന്ദ്രബോസിന്‍റെ വസ്ത്രവും ശേഖരിച്ചില്ല. അതായത് പറ്റാവുന്ന തരത്തില്‍ ആദ്യഘട്ടത്തിലെ തെളിവുകളെല്ലാം നഷ്ടപ്പെടുത്തി.

അവിടെയും പൊലീസിന്‍റെ വഴിവിട്ട ഇടപെടല്‍ ഒതുങ്ങിയില്ല. തൃശൂര്‍ കമ്മീഷണറായിരുന്ന ജേക്കബ് ജോബ് കസ്റ്റഡിയിലിരിക്കെ  മുഹമ്മദ് നിഷാമിനെ തന്‍റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കൂടിക്കാഴ്ച നടത്തി. അന്വേഷണ ചുമതലുണ്ടായിരുന്ന പേരാമംഗലം പൊലീസിനെ ഒഴിവാക്കിയായിരുന്നു രഹസ്യകൂടിക്കാഴ്ച. കൂടിക്കാഴ്ചക്ക് രണ്ട് ദിവസം മുന്‍പ് നിഷാമിനെ കൈവിലങ്ങ് അണിയിച്ച് ശോഭാ സിറ്റിയിലെത്തിച്ച് ജേക്കബ് ജോബ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഇനിയും അങ്ങനെ നാറ്റിക്കാതിരിക്കണമെങ്കില്‍ പണം തരണമെന്ന് ആവശ്യപ്പെടാനായിരുന്നു കൂടിക്കാഴ്ചയെന്നായിരുന്നു ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ഒടുവില്‍ ജേക്കബ് ജോബിനെ സസ്പെന്‍ഡ് ചെയ്തു. 

യാദൃശ്ചികമെന്നോണം അന്നും രമേശ് ചെന്നിത്തലയായിരുന്നു ആഭ്യന്തരമന്ത്രി. ചേരാനല്ലൂരില്‍ പൊലീസിന്‍റെ വീഴ്ചയെ തള്ളിപ്പറഞ്ഞ ആഭ്യന്തരമന്ത്രി അന്നും പൊലീസിന്‍റെ വീഴ്ച അംഗീകരിച്ചു. പുതിയ കമ്മീഷണറായി ആര്‍. നിശാന്തിനി എത്തിയതോടെ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി. കേസ് നടത്തിപ്പിന് കുടുംബത്തിന്‍റെ ആവശ്യപ്രകാരം സി.പി. ഉദയഭാനുവിനെ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറുമാക്കി. 

​ചേരാനല്ലൂരില്‍ മകളാണ് അച്ഛന്‍റെ നീതിക്ക് വേണ്ടി ഇറങ്ങിയതെങ്കില്‍ നിഷാമിന്‍റെ സമ്പത്തിന്‍റെ സ്വാധീനത്തെ മറികടന്ന് ചന്ദ്രബോസിന് വേണ്ടി പോരാടിയതും സ്ത്രീകളായിരുന്നു. ചന്ദ്രബോസിന്‍റെ ഭാര്യ ജമന്തിയും അമ്മ അംബുജാക്ഷിയും. അവര്‍ക്ക് കൂട്ടായി എന്‍.ഐ.ടി. വിദ്യാര്‍ഥിനിയായിരുന്ന മകള്‍ രേവതിയും പിന്നെ ഒമ്പതാം ക്ളാസുകാരന്‍ അമല്‍ ദേവും. അവരുടെ പോരാട്ടത്തിന് കേരളത്തിന്‍റെ പിന്തുണയുമുണ്ടായിരുന്നു. 

അന്തിമവിധിയില്‍ നിഷാമിന്‍റെ പണക്കൊഴുപ്പ് ജയിച്ചില്ല. നിഷാമിനെ ജീവപര്യന്തം തടവും 24 വര്‍ഷം കഠിനതടവിനും ശിക്ഷിച്ചു. രണ്ടും രണ്ടായി അനുഭവിക്കണമെന്ന് തൃശൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി.സുധീര്‍ വിധിച്ചതോടെ കുറഞ്ഞത് 36 വര്‍ഷം ജയിലില്‍. കൂടാതെ 80 ലക്ഷം രൂപ പിഴയും. അതില്‍ 50 ലക്ഷം ചന്ദ്രബോസിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനുമായിരുന്നു നീതിയുടെ നിശ്ചയം.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!