ഡ്രൈവിങ് ലൈസൻസിന് ഇനി വ്യത്യസ്ത നിറങ്ങൾ; ഇന്ത്യക്കാർക്കും വിദേശികൾക്കും വേറെ ഫോർമാറ്റ്, കേന്ദ്രത്തിന്റെ പുതിയ നിർദേശം
ന്യൂ ഡൽഹി: ഡ്രൈവിങ് ലൈസൻസ് നിയമങ്ങളിൽ മാറ്റങ്ങൾ നിർദേശിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ഇന്ത്യക്കാർക്കും വിദേശ പൗരന്മാർക്കും നൽകുന്ന ലൈസൻസുകൾക്ക് വ്യത്യസ്ത നിറങ്ങൾ ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള ഭേദഗതികളാണ് കരട് നിയമങ്ങളിൽ നിർദേശിച്ചിരിക്കുന്നത്. ലൈസൻസിൽ രക്തഗ്രൂപ്പ്, മൊബൈൽ നമ്പർ, അടിയന്തര കോൺടാക്റ്റ് നമ്പർ എന്നിവ നിർബന്ധമാക്കാനും നിർദേശമുണ്ട്.
പ്രായവും വിലാസവും തെളിയിക്കുന്ന രേഖകളുടെ ദുരുപയോഗം തടയുന്നതിനായി അംഗീകരിക്കുന്ന രേഖകളിലും മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. ആധാർ, പാസ്പോർട്ട്, വോട്ടർ തിരിച്ചറിയൽ കാർഡ്, ഇ-റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. സത്യവാങ്മൂലവും ലൈഫ് ഇൻഷുറൻസ് പോളിസിയും തെളിവായി സ്വീകരിക്കാനും കരട് നിർദേശിക്കുന്നു.
സുരക്ഷിത ഡ്രൈവിങ് ട്യൂട്ടോറിയൽ അസസ്മെന്റിൽ വിജയിക്കാൻ വേണ്ട കുറഞ്ഞ മാർക്ക് 60 ശതമാനത്തിൽനിന്ന് 75 ശതമാനമായി ഉയർത്താനും ട്യൂട്ടോറിയൽ കുറഞ്ഞത് 30 മിനിറ്റ് നീളണമെന്നും നിർദേശമുണ്ട്. ലൈസൻസുകൾ ലാമിനേറ്റ് ചെയ്തതോ പിവിസി കാർഡായോ ഫോം 7 പ്രകാരം നൽകണമെന്നും കരട് വ്യക്തമാക്കുന്നു.
ആധാർ പ്രാമാണീകരണം വഴി പൂർത്തിയാക്കുന്ന തിരഞ്ഞെടുത്ത ഓൺലൈൻ സേവനങ്ങളുടെ ഫീസ് ഒഴിവാക്കാനും പേര്, വിലാസം തുടങ്ങിയ വിവരങ്ങൾ മാറ്റുന്നതിനുള്ള അപേക്ഷകളിൽ 15 ദിവസത്തിനകം തീരുമാനമെടുക്കാനും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. നിരസിക്കുന്ന അപേക്ഷകളിൽ കാരണം വ്യക്തമാക്കണം.
