വാട്‌സ്ആപ്പും ടെലഗ്രാമും നിലച്ചേക്കാം; പുതിയ ‘സിം-ബൈൻഡിങ്’ നിർദേശവുമായി ടെലികോം വകുപ്പ്

Share our post

ജനപ്രിയ മെസേജിങ് ആപ്പുകളായ വാട്‌സ്ആപ്പ്, ടെലഗ്രാം എന്നിവ ഉപയോഗിക്കുന്നതിന് രജിസ്റ്റർ ചെയ്ത സിം കാർഡ് ഫോണിൽ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം. തട്ടിപ്പുകൾ തടയുന്നതിനായി കൊണ്ടുവരുന്ന കർശനമായ ‘സിം-ബൈൻഡിങ്’ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെയാണിത്. ആപ്പ് അധിഷ്ഠിത ആശയവിനിമയ പ്ലാറ്റ്‌ഫോമുകൾ തങ്ങളുടെ ഉപയോക്തൃ അക്കൗണ്ടുകൾ കെവൈസി പരിശോധന പൂർത്തിയാക്കിയ സിം കാർഡുകളുമായി ബന്ധിപ്പിക്കണമെന്ന് ടെലികോം വകുപ്പ് നിർദേശം നൽകി.

2026 ഡിസംബർ 31-നകം ഈ നിർദേശങ്ങൾ നടപ്പിലാക്കാനാണ് കമ്പനികൾക്ക് നൽകിയിരിക്കുന്ന സമയപരിധി. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും അക്കൗണ്ടും തമ്മിലുള്ള ബന്ധം കൂടുതൽ സുരക്ഷിതമാക്കുക, ആപ്പുകൾ ദുരുപയോഗം ചെയ്തുള്ള സാമ്പത്തിക തട്ടിപ്പുകൾ തടയുക എന്നിവയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. നിലവിൽ ഫോണിൽ സിം കാർഡ് ഇല്ലാതെ വൈ-ഫൈ മാത്രം ഉപയോഗിച്ച് വാട്‌സ്ആപ്പും ടെലഗ്രാമും പ്രവർത്തിപ്പിക്കുന്ന ഉപയോക്താക്കൾക്ക് പുതിയ മാറ്റം തിരിച്ചടിയായേക്കാം. ഏതൊക്കെ ഫോണുകളെ ബാധിക്കും? രജിസ്റ്റർ ചെയ്ത സിം കാർഡുകൾ ഇല്ലാതെ ആപ്പുകൾ ഉപയോഗിക്കുന്ന ഐഫോൺ, ആൻഡ്രോയിഡ് ഉപയോക്താക്കളെ പുതിയ മാറ്റം ബാധിച്ചേക്കാം.

എന്നാൽ ഓരോ പ്ലാറ്റ്‌ഫോമുകളും ഈ ചട്ടങ്ങൾ എങ്ങനെ പ്രാവർത്തികമാക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും നിയന്ത്രണങ്ങളുടെ വ്യാപ്തി.സിം-ബൈൻഡിങ്ങിനെ പിന്തുണയ്ക്കുന്നതിനായി ആപ്പിൾ സെപ്റ്റംബറിലെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ ഐഒഎസിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഫോണിൽ സിം കാർഡില്ലാത്ത സാഹചര്യം തിരിച്ചറിയാൻ സഹായിക്കുന്നതാണ് ഈ അപ്‌ഡേറ്റ്. ഒന്നിലധികം ഡിവൈസുകളിൽ അക്കൗണ്ട് ഉപയോഗിക്കുന്നവർ, വിദേശയാത്ര നടത്തുന്നവർ, വൈ-ഫൈയിൽ മാത്രം ഫോൺ പ്രവർത്തിപ്പിക്കുന്നവർ എന്നിവർ തങ്ങളുടെ അക്കൗണ്ട് ക്രമീകരണങ്ങൾ പരിശോധിക്കേണ്ടി വരും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!