361 രൂപയുണ്ടോ കയ്യിൽ? സ്വന്തമായി ട്രെയിൻ ഓടിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം
സ്വന്തമായി ട്രെയിന്‍ ഓടിക്കാന്‍ സാധിച്ചിരുന്നെങ്കില്‍? നെടുനീളന്‍ ഹോണ്‍ മുഴക്കി, ആ ലോക്കോപൈലറ്റ് സീറ്റില്‍ ഇരിക്കാന്‍ കഴിഞ്ഞിരുന്നെങ്കിൽ? കുഞ്ഞുനാള് മുതലേ ഒട്ടനവധി മനുഷ്യരുടെ ഉള്ളിലും മുളച്ചുപൊന്തിയ ആഗ്രഹങ്ങളിലൊന്നായിരിക്കും ഇത്. വളര്‍ച്ചയുടെ പല ഘട്ടങ്ങളിലായി ഈ ആഗ്രഹം കുഴിച്ചുമൂടിയവരും, എന്നെങ്കിലുമൊരിക്കല്‍ അവസരം ലഭിച്ചാല്‍ ഒന്ന് ശ്രമിച്ചുനോക്കാമെന്ന് കരുതിയവരും നമുക്കിടയിൽ തന്നെയുണ്ടാകും. ഒരുകാലത്തും ഇതൊന്നും നടക്കാന്‍ പോകുന്നില്ലെന്ന് കരുതി നിരാശരാകാന്‍ വരട്ടെ. കുട്ടിക്കാലം മുതല്ക്കേ അധികപേരുടേയും ഉള്ളിലുണ്ടായേക്കാവുന്ന ഈ ആഗ്രഹം നിറവേറ്റാന്‍ സൗകര്യമൊരുക്കിയിരിക്കുകയാണ് ജപ്പാനിലെ ഒരു റെയില്‍വേ മ്യൂസിയം.
ഒരു മിനി ട്രെയിനിന്റെ ലോക്കോപൈലറ്റ് സീറ്റില്‍ കയറ്റിയിരുത്തി, മതിയാവോളം ഡ്രൈവ് ചെയ്യാന്‍ അനുവദിക്കുന്ന ഒരുപാട് രാജ്യങ്ങളൊന്നുമില്ല നിലവില്‍. എന്നാല്‍, സന്ദര്‍ശകരെ മിനി ലോക്കോപൈലറ്റുമാരാക്കുന്ന ഒരു റെയില്‍വേ മ്യൂസിയമുണ്ട് ജപ്പാനില്‍. അധികപേര്‍ക്കുമറിയാത്ത ഈ സംവിധാനത്തിന്റെ സവിശേഷതകള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ജപ്പാനിലെ സൈതാമയില്‍ സ്ഥിതി ചെയ്യുന്ന റെയില്‍വേ മ്യൂസിയത്തിലാണ് ഈ സംവിധാനം. അടുത്തിടെ മ്യൂസിയം സന്ദര്‍ശിച്ച ഒരു ഇന്‍ഫ്ളുവന്‍സറാണ് മ്യൂസിയത്തിന്റെ പ്രത്യേകതകളും ലോക്കോ പൈലറ്റിങ് അവസരത്തെയും കുറിച്ചുള്ള വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. പച്ചയും നീലയും നിറത്തിലുള്ള മിനി ട്രെയിനിന്റെ ഡ്രൈവര്‍ കാബിനിനകത്ത് വിവിധ കണ്ട്രോള് പാനലുകള്‍, ത്രോട്ട് ലിവര്‍, വേഗപ്പൂട്ട്, ഹോണ്‍ അടക്കമുള്ള ബട്ടണുകള്‍ കാണാം. ഡ്രൈവര്‍ക്ക് പുറമെ മൂന്ന് അധിക യാത്രക്കാര്‍ക്ക് കൂടി സഞ്ചരിക്കാനാകുന്ന വിധത്തിലാണ് ട്രെയിന്‍ സജ്ജീകരിച്ചിരിക്കുന്നതെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലുണ്ട്.
പ്രവൃത്തിദിനങ്ങളെന്നോ അവധിദിനങ്ങളെന്നോ ഇല്ലാതെ, ദിവസവും നൂറുകണക്കിന് സന്ദര്‍ശകരാണ് സ്ഥലത്തെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നേരത്തെ ബുക്ക് ചെയ്തെങ്കില്‍ മാത്രമാണ് ട്രെയിനോടിക്കാനാകുകയെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്.
‘മ്യൂസിയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ കയറി നേരത്തെ ബുക്ക് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ബുക്ക് ചെയ്തുകഴിഞ്ഞാല്‍, 2 ദിവസത്തിനുള്ളില്‍ ജപ്പാനിലെ ഏതെങ്കിലും ഒരു 7-Eleven സ്റ്റോര്‍ വഴി നിങ്ങള്‍ അതിനുള്ള പണം അടയ്ക്കേണ്ടിവരും. അതുകൊണ്ടുതന്നെ, റിസര്‍വേഷന്‍ നടത്തി അധികം വൈകാതെ ജപ്പാനില്‍ എത്താന്‍ കഴിയുമെന്ന് ഉറപ്പുവരുത്തണം.’ അദ്ദേഹം വ്യക്തമാക്കി.
ടിക്കറ്റ് ബുക്ക് ചെയ്യാന്‍ മറ്റൊരു മാര്‍ഗം കൂടിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മ്യൂസിയത്തിന്റെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത്, ഒരു സ്ലോട്ട് ലഭിക്കുന്നതിനുള്ള നറുക്കെടുപ്പില്‍ പങ്കെടുക്കാനാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്. മ്യൂസിയത്തില്‍ എത്തിയ ശേഷമാണ് ഇത് ചെയ്യേണ്ടതെന്നും, എന്നാല്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ പ്രവേശനം ഉറപ്പാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1500 യേന്‍(904 രൂപ) ആണ് മുതിര്‍ന്നവര്‍ക്ക് മ്യൂസിയത്തിലേക്കുള്ള എന്‍ട്രന്‍സ് ഫീ. മിനി ട്രെയിനിലേക്ക് കയറാന്‍ 600 യേന്‍(361 രൂപ) അടക്കണം. ടോക്യോയില്‍ നിന്ന് എളുപ്പത്തില്‍ എത്താനാകുന്ന വിധത്തില്‍, സൈടാമയിലെ ഒമിയ വാര്‍ഡിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
