മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലെടുത്ത വാഹനം പുറത്തിറക്കാനെത്തിയവർ എംഡിഎംഎയുമായി അറസ്റ്റിൽ
കാസർകോട്: മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുകിട്ടാൻ ജില്ലാ പോലീസ് ആസ്ഥാനത്തെത്തിയവർ സഞ്ചരിച്ച കാറിൽനിന്ന് എംഡിഎംഎ പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. കണ്ണൂർ കാപ്പാട് കടക്കര ടെമ്പിൾ റോഡിലെ കെ.പി.ഷാനിസ് (35), കർണാടക പെനാജെ അർളപദവിലെ മുഹമ്മദ് അർഷാദ് (34) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമും കാസർകോട് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
പോലീസിനെ കണ്ടപ്പോൾ അർഷാദ് ഒരു ബാഗ് കാറിനുള്ളിലേക്ക് ഇട്ടതുകണ്ട് സംശയം തോന്നിയ പോലീസ് നടത്തിയ പരിശോധനയിലാണ് 0.240 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. നേരത്തേ നീലേശ്വരം പോലീസ് മയക്കുമരുന്ന് കേസിൽ പിടികൂടിയ വാഹനം വിട്ടുകിട്ടാനാണ് രണ്ടുപേരും വിദ്യാനഗർ പാറക്കട്ടയിലെ ജില്ലാ പോലീസ് ആസ്ഥാനത്തെത്തിയത്.
നീലേശ്വരം മയക്കുമരുന്ന് കേസിൽ പിടിച്ച വാഹനം വിട്ടുകിട്ടുന്നതിനെക്കുറിച്ച് നാർക്കോട്ടിക് സെൽ ഓഫീസിലുണ്ടായിരുന്ന ഷാനിസിന്റെകൂടി അറിവോടെയാണ് കാറിൽ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് വ്യക്തമായി. തുടർന്ന് കേസ് രജിസ്റ്റർചെയ്ത് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
