പയ്യാമ്പലം ഇനി നിര്‍ബന്ധിത മാലിന്യ വിമുക്ത പ്രദേശം; നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി

Share our post

കണ്ണൂർ: പയ്യാമ്പലം ബീച്ചും പാര്‍ക്കും പരിസരവും നിര്‍ബന്ധിത മാലിന്യ വിമുക്ത പ്രദേശമായി പ്രഖ്യാപിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ്. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമം, 2026ലെ ഖര മാലന്യ നിയന്ത്രണ നിയമം, 2026 മെയ് 18 ന് കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ്, 2026 മെയ് അഞ്ചിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായം, മുനിസിപ്പാലിറ്റി നിയമം, ഫുഡ് സേഫ്റ്റി നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി.

നിര്‍ബന്ധിത മാലിന്യ വിമുക്ത കേന്ദ്രമാകുന്നതോടെ പ്രദേശത്ത് ചപ്പുചവറുകളോ ഖര മാലിന്യമോ നിക്ഷേപിക്കുന്നത് കുറ്റകരമാവും. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ നിയമപരമായ പിഴ ചുമത്തുകയും കേസെടുക്കുകയും ചെയ്യും. ഇക്കാര്യങ്ങള്‍ പരിശോധിക്കാനും ഉത്തരവ് കൃത്യമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പ് വരുത്താനും പയ്യാമ്പലം സോണ്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് യോഗം രൂപം നല്‍കി.

ഡിടിപിസി, കണ്ണൂര്‍ കോര്‍പ്പറേഷന്‍, ജില്ലാ ശുചിത്വ മിഷന്‍, കേരള സംസ്ഥാന പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കോസ്റ്റല്‍ പോലീസ്, മറ്റ് വകുപ്പുകള്‍, ജില്ലാ കളക്ടര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഏജന്‍സികള്‍ എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് പയ്യാമ്പലം സോണ്‍ മാനേജ്മെന്റ് കമ്മിറ്റി.

പയ്യാമ്പലം ബീച്ച്, പാര്‍ക്ക്, പരിസര പ്രദേശങ്ങള്‍ എന്നിവയുടെ വൃത്തി, മാലിന്യ സംസ്‌കരണം, പുല്ല് ചെത്തല്‍, മോടി പിടിപ്പിക്കല്‍ തുടങ്ങി ശുചിത്വവുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും നേരിട്ട് പരിശോധിക്കുകയും റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യലാണ് കമ്മിറ്റി അംഗങ്ങളുടെ ചുമതല. ഈ റിപ്പോര്‍ട്ട് ആഴ്ചതോറും ക്രോഡീകരിച്ച് ഡിടിപിസി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം.

പയ്യാമ്പലം നിര്‍ബന്ധിത മാലിന്യമുക്ത കേന്ദ്രമാണെന്ന കാര്യം ബോര്‍ഡുകളിലൂടെയും അനൗണ്‍സ്‌മെന്റുകളിലൂടെയും പ്രദേശവാസികളുടെയും സന്ദര്‍ശകരുടെയും കച്ചവടക്കാരുടെയും ശ്രദ്ധയില്‍പ്പെടുത്തും. അതിനുശേഷമാകും നിയമലംഘനം കണ്ടാല്‍ നടപടികളിലേക്ക് പോവുക. പയ്യാമ്പലം സോണ്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് പുറമേ ഡിടിപിസി, കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ജില്ലാശുചിത്വ മിഷന്‍, സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പ്രത്യേക ചുമതലകള്‍ നല്‍കിയിട്ടുണ്ട്. പയ്യാമ്പലം ബീച്ചിലും പാര്‍ക്കിലും പരിസര പ്രദേശങ്ങളിലും മാലിന്യ നിക്ഷേപം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയാണ് ഉത്തരവ് ലക്ഷ്യമിടുന്നത്.

പയ്യാമ്പലം സോണ്‍ മാനേജ്‌മെന്റ് കമ്മിറ്റിക്ക് പുറമേ ഡിടിപിസി, കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ജില്ലാശുചിത്വ മിഷന്‍, സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പ്രത്യേക ചുമതലകളും നല്‍കിയിട്ടുണ്ട്. പയ്യാമ്പലം പാര്‍ക്കിന്റെ ശുചിത്വം, കൃത്യമായ മാലിന്യ ശേഖരണം, സമയബന്ധിതമായ സംസ്‌കരണം, സന്ദര്‍ശക ഇടങ്ങള്‍ തൂത്തുവാരല്‍, പുല്ല് ചെത്തല്‍, പുല്‍ത്തകിടിയുടെ സംരക്ഷണം, നിര്‍ബന്ധിത മാലിന്യ മുക്ത കേന്ദ്രമെന്ന് കാണിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, ശുചിമുറികള്‍ വൃത്തിയാക്കല്‍, സിസിടിവി ക്യാമറ സ്ഥാപിക്കല്‍, സന്ദര്‍ശകര്‍ക്കൂം പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ക്കും കൃത്യമായ നിര്‍ദ്ദേശം നല്‍കല്‍ തുടങ്ങിയവ ഡിടിപിസി നടപ്പിലാക്കണം. ഇതിനായി ഒരു നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തണം.

അനുയോജ്യമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഉറപ്പ് വരുത്തുകയും ഡിടിപിസിയുമായി ചേര്‍ന്ന് പ്രദേശത്തെ കച്ചവട കേന്ദ്രങ്ങള്‍ക്ക് ഏകീകൃത രൂപം നല്‍കുകയും പൊതു ഇടങ്ങളില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം ഉറപ്പു വരുത്തുകയുമാണ് കോര്‍പ്പറേഷന്റെ ചുമതല. ഡിടിപിസിയും കണ്ണൂര്‍ കോര്‍പ്പറേഷനും ചേര്‍ന്ന് പയ്യാമ്പലത്ത് നടത്തുന്ന ശുചിത്വ – മാലിന്യ വിമുക്ത നടപടികള്‍ക്ക് ആവശ്യമായ സാങ്കേതിക നിര്‍ദ്ദേശം ശുചിത്വ മിഷന്‍ നല്‍കണം.

പ്രദേശത്ത് പോലീസ് പെട്രോളിങ് ഉറപ്പു വരുത്തുക, നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരേ കേസെടുക്കുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുക, പയ്യാമ്പലത്ത് നോഡല്‍ ഓഫീസറെ നിയോഗിക്കുക, തുടങ്ങിയവയാണ് സിറ്റി പോലീസ് കമ്മീഷണറടെ ചുമതല. പയ്യാമ്പലം ബീച്ചിലും പാര്‍ക്കിലും പരിസര പ്രദേശങ്ങളിലും മാലിന്യ നിക്ഷേപം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയാണ് ഉത്തരവ് ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും കണ്ണൂര്‍ കോര്‍പ്പറേഷന്റെയും നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ ഒക്ടോബര്‍ രണ്ടിന് ബീച്ച് പ്രദേശത്ത് മെഗാ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ്, അസിസ്റ്റന്റ് കളക്ടര്‍ എസ് സ്വാതി, എഡിഎം കെ ബാലഗോപാലന്‍ തുടങ്ങിയവരും പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!