വൃശ്ചികം ഒരുമാസം അകലെ; കേരളത്തിലുടനീളം കൊടുംവെയിൽ, മഴ, മഞ്ഞ്; അമ്പരപ്പിച്ച് കാലാവസ്ഥാമാറ്റം

Share our post

കോട്ടയം: വൃശ്ചികം ഒരുമാസം അകലെ നിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞെത്തി. കേരളത്തിലുടനീളം രണ്ടുദിവസമായി രാവിലെ മഞ്ഞായിരുന്നു. ഉച്ചവരെ കൊടുംവെയിൽ, ഉച്ചതിരിഞ്ഞ് ഇടിയും കനത്തമഴയും പ്രഭാതത്തിൽ മഞ്ഞും എന്ന വിചിത്രമായ അവസ്ഥയാണ്.

അന്തരീക്ഷത്തിലെ ഈർപ്പസാന്നിധ്യം കൂടിയതാണ് മഞ്ഞിന് കാരണമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. ഉച്ചവരെ പഴുത്തു നിൽക്കുന്ന ഭൂമിയിലേക്കാണ് ഉച്ചതിരിഞ്ഞ് കനത്തമഴ പെയ്യുന്നത്. രാത്രി വൈകി ഭൗമാന്തരീക്ഷത്തിൽ വീണ്ടും താപനില കുറയും. പ്രഭാതത്തിൽ തലേന്നത്തെ മഴമൂലമുള്ള ഈർപ്പം ബാഷ്പമായി ഉയരും. സൂര്യരശ്മികൾ ശക്തമാകുംമുന്നേ ഇത് തണുത്ത് അന്തരീക്ഷമാകെ ഈർപ്പംനിറയും. ഇതാണ് മൂടൽമഞ്ഞായി കാണുന്നതെന്ന് കുസാറ്റ് റഡാർ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ.എം.ജി. മനോജ് പറഞ്ഞു.

ഈ മഞ്ഞുകണ്ട് ആരും കുളിരേണ്ട

മഞ്ഞുകാലത്തെ തണുപ്പ് ഇപ്പോഴില്ല. ഡിസംബർ, ജനുവരി മാസത്തെ മഞ്ഞിനുകാരണം രാത്രി അന്തരീക്ഷ ഊഷ്മാവ് വല്ലാതെ താഴുന്നതാണ്. അതിന് നല്ല കുളിരുണ്ടാകും. അത് എല്ലാ കൊല്ലവും മലയാളി അനുഭവിക്കുന്നതുമാണ്. കാലവർഷം കഴിഞ്ഞ് കേരളമിപ്പോൾ തുലാവർഷംകാത്തിരിക്കുന്നു. ഒൗദ്യോഗികമായി തുലാപ്പെയ്ത് വന്നതായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും അതിനുസമാനമായ മഴയാണ് ഇപ്പോഴുള്ളത്.

മഴയും കനത്ത ഇടിയുമായി തുലാവർഷം നേരത്തെയെത്തി എന്ന അവസ്ഥയായി. അതിശക്തമായ ഇടി പലയിടത്തും വിനാശകാരിയായി. ഉത്സവ ആരാധകരുടെ പ്രിയപ്പെട്ട കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിവെട്ടേറ്റ് ചരിഞ്ഞത് കഴിഞ്ഞദിവസമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!