‘ചൗക്കിദാർ ചോർ ഹെ’ കേസ്; രാഹുൽ ഗാന്ധിക്ക് ആശ്വാസം; വിചാരണ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു

Share our post

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ചൗക്കിദാർ ചോർഹെ (കാവൽക്കാരൻ കള്ളനാണ്) പരാമർശം നടത്തിയതിന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ചുമത്തിയ അപകീർത്തിക്കേസിന്റെ നടപടികൾ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ക്രിമിനൽ മാനനഷ്ടക്കേസിലെ വിചാരണാ നടപടികൾ താത്കാലികമായി സ്റ്റേ ചെയ്യുകയാണെന്ന് കോടതി അറിയിച്ചു. കേസ് റദ്ദാക്കണമെന്ന രാഹുലിന്റെ ഹർജിയിൽ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരായ ഹർജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി.

ജസ്റ്റിസുമാരായ വിക്രംനാഥ്, അപരേഷ് കുമാർ സിങ് എന്നിവരടങ്ങിയ ബെഞ്ച് നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന നിർദേശത്തോടെ നോട്ടീസയച്ചു. അതുവരെ വിചാരണാ കോടതിയിലെ തുടർനടപടികൾ സ്റ്റേ ചെയ്യാനും ഉത്തരവിട്ടു. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വിയാണ് രാഹുലിനുവേണ്ടി ഹാജരായത്.

കേസ് റദ്ദാക്കണമെന്ന രാഹുലിന്റെ ആവശ്യം സെപ്റ്റംബർ എട്ടിന് ഹൈക്കോടതി തള്ളിയിരുന്നു. ബി.ജെ.പി. പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മജിസ്‌ട്രേറ്റ് കോടതി അയച്ച സമൻസും തുടർനടപടികളുമാണ് രാഹുൽ ഹൈക്കോടതിയിൽ ചോദ്യംചെയ്തത്. പരാമർശത്തിൽ ബി.ജെ.പി.യുടെയോ മറ്റേതെങ്കിലും രാഷ്ട്രീയപ്പാർട്ടിയുടെയോ പേരുപറയുന്നില്ലെന്നും തിരിച്ചറിയാൻ കഴിയുന്ന ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ടല്ല പ്രസ്താവനയെന്നും രാഹുൽ വാദിച്ചു. എന്നാൽ രജിസ്റ്റർചെയ്ത ദേശീയ രാഷ്ട്രീയ പാർട്ടിയായ ബി.ജെ.പി. വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന സംഘടനയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി രാഹുൽഗാന്ധിയുടെ വാദം തള്ളിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!