ഡൽഹി പ്രക്ഷോഭം; ഞായറാഴ്ച പ്രത്യേക സുപ്രീം കോടതി സിറ്റിങ്, നേതാക്കളെ കസ്റ്റഡിയിലെടുത്തതും മെട്രോ അടച്ചതും ചോദ്യം ചെയ്ത് ഹർജികൾ

Share our post

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ സി.ജെ.പിയും പ്രതിപക്ഷ പാർട്ടികളും ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും ചെയ്തതിനെതിരെ നൽകിയ കോടതി അലക്ഷ്യ ഹർജിയിൽ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിങ് നടത്തും. അധികൃതർ ഒക്ടോബർ 9-ലെ കോടതി ഉത്തരവ് ലംഘിച്ചെന്ന് ആരോപിച്ച് അഡ്വക്കേറ്റ് ശൈലേന്ദ്ര മണി ത്രിപാഠിയാണ് സുപ്രീം കോടതിയിൽ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തത്. ഇതിനൊപ്പം നേതാക്കളെ കരുതൽ തടങ്കലിൽ വെച്ചതിനെതിരേയുള്ള ഹർജികളും പരിഗണിക്കും.

തൃണമൂൽ കോൺഗ്രസ് എംപിയും സീനിയർ അഭിഭാഷകയുമായ മേനക ഗുരുസ്വാമിയാണ് നേതാക്കളെ കരുതൽ തടങ്കലിലെടുത്തതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇത്തരം നടപടികൾ സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. തെരുവിൽ നിന്ന് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത രീതിയെയും നേതാക്കളെ വീടുകളിൽ നിന്ന് കസ്റ്റഡിയിലെടുത്തതിനെയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്.

ഡൽഹിയിലെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പൊതുഗതാഗത സംവിധാനങ്ങൾ നിയന്ത്രിതമായി അനുവദിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും അത് ലംഘിച്ച് മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തുവെന്ന് ശൈലേന്ദ്ര മണി ത്രിപാഠിയുടെ ഹർജിയിൽ ആരോപിക്കുന്നു. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ ഹർജിൾ പരിഗണിക്കുന്നത്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ഐ.എ.എസ്., ഡൽഹി പോലീസ് കമ്മീഷണർ അനുരാഗ് കുമാർ ഐ.പി.എസ്., ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) ചെയർപേഴ്സൺ ഡി. താര ഐ.എ.എസ്. എന്നിവർക്കെതിരെ കോടതി ഉത്തരവ് മനഃപൂർവ്വം ലംഘിച്ചതിന് നടപടി സ്വീകരിക്കണമെന്നാണ് ശൈലേന്ദ്ര മണി ത്രിപാഠിയുടെ ഹർജിയിലെ ആവശ്യം. അധികൃതരുടെ ഇത്തരത്തിലുള്ള നടപടികൾ തലസ്ഥാന നഗരിയിലെ ജനജീവിതത്തെ സാരമായി ബാധിക്കുകയും യാത്രക്കാർക്ക് കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തതായി ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

ജന്തർ മന്തറിലെ പ്രതിഷേധങ്ങളുടെ ഭാഗമായി 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടാൻ DMRC-യോട് ഡൽഹി പോലീസ് നിർദ്ദേശിക്കുകയും, ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനുകളിലേക്കുള്ള മെയിൽ-എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതിനെതിരെ എം.എ. ബേബി നൽകിയ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പൊതുഗതാഗത സംവിധാനങ്ങൾ നിയന്ത്രിതമായി അനുവദിക്കണമെന്ന് ഉത്തരവിട്ടിരുന്നു.

അത്യാവശ്യ പൊതുഗതാഗത സംവിധാനങ്ങൾ പൂർണ്ണമായി നിരോധിക്കുന്നത് അതിരുകടന്ന നടപടിയാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, ആവശ്യമായ മുൻകരുതലുകളോടെ ഗതാഗതം ക്രമീകരിക്കാൻ അധികൃതർക്ക് അനുമതി നൽകുകയും മെട്രോ സർവീസുകൾ പൂർണ്ണമായി തടയരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഈ നിർദ്ദേശം ലംഘിക്കപ്പെട്ടെന്നാരോപിച്ചാണ് ഹർജി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!