കാലിക്കറ്റ് സർവകലാശാല ഡി-ലിറ്റ് ബഹുമതി; വൈകാരികമായ കുറിപ്പുമായി സംവിധായകൻ സത്യൻ അന്തിക്കാട്
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ ഡി-ലിറ്റ് ബഹുമതിയിൽ വൈകാരിക കുറിപ്പുമായി സംവിധായകൻ സത്യൻ അന്തിക്കാട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി പോലെ പ്രശസ്തമായ ഒരു സർവകലാശാലയിൽ നിന്ന് ഇങ്ങനെയൊരു ബഹുമതിക്ക് എന്നെ തെരഞ്ഞെടുത്തിരിക്കുന്നു എന്ന അറിയിപ്പു കിട്ടിയപ്പോൾ എനിക്കതിനുള്ള അർഹതയുണ്ടോ എന്ന് ഞാനെന്റെ മക്കളോടു ചോദിച്ചു.
ഭാര്യയും മക്കൾ മൂവരും ഇതേ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിയും പിജിയുമൊക്കെ നേടിയവരാണ്. ഞങ്ങളൊക്കെ അധ്യാപകർ പഠിപ്പിച്ച പാഠങ്ങൾ പഠിച്ചിട്ടാണ് ഈ സർട്ടിഫിക്കറ്റുകൾ നേടിയത്. അച്ഛൻ വിഷയങ്ങൾ സ്വയം കണ്ടെത്തുകയും അതു പ്രേക്ഷകരുടെ മനസിൽ പതിപ്പിക്കുകയും ചെയ്ത് വിജയിച്ച ആളാണെന്നും അഭിമാനപൂർവ്വം ഈ ബഹുമതി കൈപ്പറ്റണം അവർ പറഞ്ഞു. ആ ധൈര്യത്തിലാണ് ഞാൻ ആ വേദിയിൽ നിന്നത്.
ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതാണെന്ന് അദ്ദേഹം കുറിച്ചു. തുടർന്നുള്ള തന്റെ കലാജീവിതത്തിനും വ്യക്തിജീവിതത്തിനും ഈ അംഗീകാരം വലിയ ഊർജമായിരിക്കുമെന്നും അംഗീകാരം എന്നതിനേക്കാൾ ഉപരി അനുഗ്രഹമായാണ് ഈ ബഹുമതി സ്വീകരിക്കുന്നതെന്നും സത്യൻ അന്തിക്കാട് കുറിച്ചു.
