സുപ്രിംകോടതിയിൽ 250 ജൂനിയർ അസിസ്റ്റന്റ് ഒഴിവുകൾ
സുപ്രിംകോടതിയിൽ ജൂനിയർ കോർട്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 250 ഒഴിവുണ്ട്. ബിരുദധാരികൾക്കാണ് അവസരം. തെരഞ്ഞെടുപ്പിനായുള്ള ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയ്ക്ക് കേരളത്തിൽ ഏഴ് കേന്ദ്രങ്ങളുണ്ടാകും. ശമ്പളം: 35,400 രൂപയും മറ്റ് അലവൻസുകളും യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം, മിനിറ്റിൽ 35 വാക്ക് കമ്പ്യൂട്ടർ ടൈപ്പിങ് സ്പീഡ്, കമ്പ്യൂട്ടർ പ്രാവീണ്യം.
പ്രായം: 2026 സെപ്റ്റംബർ ഒന്നിന് 18-30 വയസ്. സംവരണാർഹരായ സമുദായങ്ങളിൽപ്പെട്ടവർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവ് ലഭിക്കും. സ്വാതന്ത്ര്യസമരസേനാനികളുടെ ആശ്രിതർക്കും അഞ്ചുവർഷത്തെ ഇളവ് ലഭിക്കും.
തെരഞ്ഞെടുപ്പ്: ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷ, കംപ്യൂട്ടർ ടൈപ്പിങ് സ്പീഡ് ടെസ്റ്റ് (ഇംഗ്ലീഷ്), വിവരണാത്മക എഴുത്തുപരീക്ഷ, അഭിമുഖം എന്നിങ്ങനെ നാല് ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ്. ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷ നൂറ് മാർക്കിനായിരിക്കും. മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള ചോദ്യങ്ങളടങ്ങിയ ഈ പരീക്ഷയ്ക്ക് ഒന്നരമണിക്കൂറായിരിക്കും സമയം. നൂറ് ചോദ്യമുണ്ടാകും. ജനറൽ ഇംഗ്ലീഷ്, ജനറൽ ആപ്റ്റിറ്റ്യൂഡ്, ജനറൽ നോളജ്, ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ, ജുഡീഷ്യറി, സുപ്രിംകോർട്ട് റൂൾസ് എന്നിവ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ. ഓരോന്നിനുമുള്ള മാർക്കുൾപ്പെടെ പരീക്ഷാസംബന്ധമായ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. നവംബർ 20-നായിരിക്കും ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷ നടത്തുക. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. പരീക്ഷാകേന്ദ്രങ്ങൾ മുൻഗണനയനുസരിച്ച് തിരഞ്ഞെടുക്കാം.
അപേക്ഷാ ഫീസ്: ജനറൽ വിഭാഗക്കാർക്ക് 1500 രൂപയും എസ്സി/എസ്ടി, ഒബിസി (എൻസിഎൽ) വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് 750 രൂപയുമാണ് ഫീസ് (പുറമേ ബാങ്ക് ചാർജും). ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. ഒക്ടോബർ ഏഴുമുതൽ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ഫോട്ടോയും ഒപ്പും പത്താംക്ലാസ്, പന്ത്രണ്ടാംക്ലാസ്, ബിരുദ സർട്ടിഫിക്കറ്റുകളും സംവരണം തെളിയിക്കുന്ന (ആവശ്യമുള്ളവർ) സർട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://www.sci.gov.in സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 28 (രാത്രി 11.55 വരെ).
