എം.എൽ.എ ഫണ്ടിൽനിന്ന് കെ.എസ്.ആർ.ടി.സി. ബസ്: തുടക്കമിട്ട് പ്രവീൺകുമാർ; 40 ലക്ഷം രൂപ അനുവദിച്ചു

Share our post

കൊയിലാണ്ടി: നിയമസഭാസാമാജികരുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി. ബസ് വാങ്ങാൻ അനുമതിനൽകി സർക്കാർ ഉത്തരവ് വന്നതിനുപിന്നാലെ പദ്ധതി നടപ്പാക്കി കൊയിലാണ്ടി എം.എൽ.എ കെ. പ്രവീൺകുമാർ.

സംസ്ഥാനത്ത് ആദ്യമായി കെ.എസ്.ആർ.ടി.സി. ബസ് വാങ്ങുന്നതിനായി എം.എൽ.എ. ഫണ്ട് അനുവദിച്ചത് കൊയിലാണ്ടിയിൽനിന്നാണെന്ന് എം.എൽ.എ. അറിയിച്ചു. 40 ലക്ഷം രൂപയാണ് അനുവദിച്ചത്. ബസ് വാങ്ങുന്നതിനുള്ള തുക കളക്ടർ എം.എസ്. മാധവിക്കുട്ടിക്ക് പ്രവീൺകുമാർ കൈമാറി.

ഓരോ എം.എൽ.എ.ക്കും മൂന്നുബസുകൾവരെ വാങ്ങാൻ പ്രാദേശിക വികസനഫണ്ട് നൽകാൻ സർക്കാർ ഉത്തരവിലൂടെ അനുവദിച്ചിട്ടുണ്ട്. ബാക്കി നടപടിക്രമങ്ങൾ നടത്തേണ്ടത് കളക്ടറും ഗതാഗതവകുപ്പുമാണ്. ബസിന്റെ വലുപ്പം ഉൾപ്പെടെയുള്ള സാങ്കേതികകാര്യങ്ങൾ ഗതാഗതവകുപ്പാണ് തീരുമാനിക്കുക. ബസ് വാങ്ങാനുള്ള തുക സ്വകാര്യവ്യക്തികളിൽനിന്ന് സ്‌പോൺസർഷിപ്പായി സമാഹരിക്കുന്നതിനും എം.എൽ.എ.മാർക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് വാങ്ങുന്ന ആദ്യ കെ.എസ്.ആർ.ടി.സി. ബസ് രണ്ടുമാസത്തിനകം കൊയിലാണ്ടിയിൽ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെ. പ്രവീൺകുമാർ പറഞ്ഞു.

റൂട്ട് പിന്നീട് തീരുമാനിക്കും. ജനപ്രതിനിധികളുമായി ആലോചിച്ചായിരിക്കും റൂട്ട് നിശ്ചയിക്കുക. കൊയിലാണ്ടിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിനെ ബന്ധിപ്പിച്ചുള്ള സർവീസ് ആരംഭിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

കളക്ടറേറ്റിൽനടന്ന ഫണ്ട് കൈമാറൽ ചടങ്ങിൽ കൊയിലാണ്ടി നഗരസഭാചെയർപേഴ്സൺ യു.കെ. ചന്ദ്രൻ, കെ.പി.സി.സി. അംഗം പി. രത്‌നവല്ലി, യു.ഡി.എഫ്. നേതാക്കളായ മഠത്തിൽ നാണു, മഠത്തിൽ അബ്ദുറഹിമാൻ, വി.പി. ഭാസ്‌കരൻ, വി.പി. ഇബ്രാഹിംകുട്ടി, രാജേഷ് കീഴരിയൂർ, മുരളി തോറോത്ത്, സി. ഹനീഫ, കെ.എം. സുമതി എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!