കണ്ടുനിന്നതാണെന്ന് പോലീസുകാരൻ; ചീട്ടുകളികേസിൽ പോലീസുകാരനെ ഒഴിവാക്കി ബാക്കി അഞ്ചുപേരെ അറസ്റ്റ് ചെയ്തു, വിവാദം

Share our post

കോഴിക്കോട്: കുറ്റ്യാടിക്കടുത്ത് വേളം പള്ളിയത്തുള്ള വീട്ടിൽനിന്ന് പോലീസുകാരനടക്കമുള്ള ആറംഗചീട്ടുകളി സംഘത്തെ പോലീസ് പിടികൂടി. എന്നാൽ, പോലീസുകാരനെ ഒഴിവാക്കി ബാക്കി അഞ്ചു പേരെമാത്രം പോലീസ് അറസ്റ്റുചെയ്തത് വൻ വിവാദമായി.

ഞായറാഴ്ചയാണ് ആറംഗസംഘത്തെ കുറ്റ്യാടി എസ്.ഐ.യും സംഘവും പിടികൂടിയത്. ഈ സംഘത്തിൽനിന്ന് 27,200 രൂപയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ ഒരാൾ കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ്.

താൻ ചീട്ടുകളി കണ്ടുനിൽക്കുക മാത്രമാണ് ചെയ്തതെന്നും തന്നെ ഒഴിവാക്കണമെന്നും പോലീസുകാരൻ അറസ്റ്റുചെയ്യാനെത്തിയ കുറ്റ്യാടി സ്റ്റേഷനിലെ എസ്.ഐ.യോട് പറഞ്ഞു. തുടർന്ന് എസ്.ഐ. അഞ്ചുപേരെ അറസ്റ്റുചെയ്യുകയും പോലീസുകാരനെ വെറുതെ വിടുകയുംചെയ്തു.

അതേസമയം പോലീസുകാരനെ ഒഴിവാക്കിയത് അറസ്റ്റിലായവരുടെ അമർഷത്തിന് ഇടയാക്കി. വിഷയം നാട്ടിൽ സംസാരമാവുകയുംചെയ്തു. ഇതോടെ സംഭവത്തിൽ റൂറൽ സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം രഹസ്യാന്വേഷണം നടത്തി. കോഴിക്കോട് റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി.ക്ക് ഇതുസംബന്ധിച്ച് പ്രാഥമികാന്വേഷണ റിപ്പോർട്ട് നൽകുകയുംചെയ്തു.

ആരോപണം ശരിവയ്ക്കുന്നതായുള്ള സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി.യുടെ റിപ്പോർട്ട് റൂറൽ എസ്.പി. മെറിൻ ജോസഫിന് ലഭിച്ചതോടെ വിശദ അന്വേഷണറിപ്പോർട്ട് നൽകാൻ നാദാപുരം ഡിവൈ.എസ്.പി.യെ ചുമതലപ്പെടുത്തി. അദ്ദേഹത്തിന്റെ അന്വേഷണത്തിലും ആരോപണം ശരിവയ്ക്കുന്ന റിപ്പോർട്ടാണ് റൂറൽ എസ്.പി.ക്ക് നൽകിയിരിക്കുന്നത്. നേരേത്ത അറസ്റ്റിലായ ചീട്ടുകളിസംഘത്തിലെ അഞ്ചുപേരുെടയും മൊഴിയും അന്വേഷണത്തിന്റെ ഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ട്.

കേസിൽ പുനരന്വേഷണം നടത്താനും രണ്ടാംഘട്ടത്തിൽ പോലീസുകാരനെ ഉൾപ്പെടുത്തി അറസ്റ്റുനടപടികൾ പൂർത്തിയാക്കാനുമാണ് ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനമെന്നാണ് സൂചന.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!