കൊട്ടിയൂർ ശക്തിഗാഥ മോഹിനിയാട്ടം അരങ്ങിലേക്ക്
കണ്ണൂർ : പ്രകൃതിയും ദൈവവും ഒന്നാകുന്ന കൊട്ടിയൂർ ഐതിഹ്യകഥ മോഹിനിയാട്ടമായി അര ങ്ങിലേക്ക്. ബർണശേരി മുദ്ര കലാക്ഷേത്രത്തിൻ്റെ നേതൃത്വത്തിൽ നാട്യകലാനിധി കലാവതിയാണ് കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിന്റെ ഐതിഹ്യത്തിന് മോഹിനിയാട്ട ആവിഷ്കാരം ഒരുക്കുന്നത്. കൊട്ടിയൂർ ശക്തി ഗാഥ എന്ന് പേരിട്ട മോഹിനിയാട്ടം നവരാത്രി ആഘോഷത്തിന്റെ ഭാഗമായി 12-ന് വൈകീട്ട് 7.30-ന് തളാപ്പ് സുന്ദരേശ്വരക്ഷേത്രത്തിൽ അരങ്ങേറും.
കൊട്ടിയൂർ പ്രദേശം ദക്ഷയാഗത്തിന് വേദിയായെന്ന ഐതിഹ്യകഥയെ സതി എന്ന സ്ത്രീ കഥാപാത്രത്തിൻ്റെ വീക്ഷണ കോണിലൂടെയാണ് മോഹിനിയാട്ടത്തിൽ അവതരിപ്പിക്കുന്നത്. സതിയുടെ പ്രണയത്തിൻ്റെയും ഭക്തിയുടെയും ത്യാഗത്തിൻ്റെയും കഥയായാണ് കൊട്ടിയൂർ ഐതിഹ്യത്തെ അരങ്ങിലെത്തിക്കുന്നത്. ദക്ഷൻ്റെ കാളിന്ദിസ്താനം മുതൽ സതിയുടെ ശിവഭക്തി, വിവാഹം, ദക്ഷയാഗം, ദക്ഷൻ്റെ അവഹേളനം, സതിയുടെ ആത്മത്യാഗം, യാഗ വിഘ്നം തുടങ്ങി ശിവൻ പ്രത്യക്ഷപ്പെട്ട് ദക്ഷൻ അജമുഖ ദക്ഷൻ ആകുന്നതുവരെയുള്ള ഐതിഹ്യ കഥാസന്ദർഭങ്ങളിലൂടെയുള്ള അതിമനോഹരമായ യാത്രയാണ് ഈ നൃത്താവിഷ്കാരം.
ഒ.എൻ.വിയുടെ ഭൂമിക്ക് ഒരു ചരമഗീതം, അമ്മ, കുമാരനാശാൻ്റെ ചണ്ഡാലഭിക്ഷുകി, ഗിരീഷ് കർണാടിൻ്റെ നാഗമണ്ഡല,കടാങ്കോട്ട് മാക്കം എന്നിങ്ങനെ സ്ത്രീപ്രാധാന്യമുള്ള നിരവധി നൃത്താവിഷ്കാരങ്ങൾ കലാവതി അരങ്ങിലെത്തിച്ചിട്ടുണ്ട്. കലാമണ്ഡലം ഗണേശനാണ് കൊട്ടിയൂർ ശക്തിഗാഥ മോഹി നിയാട്ടത്തിൻ്റെ വരികൾ രചിച്ചത്. സംഗീതവും ആലാപനവും സ്വരാഗ് മാഹി, മുദ്ര കലാ ക്ഷേത്രം വിദ്യാർഥികളായ വിഷ്ണു പ്രിയാ അജയഘോഷ്, കെ.വി. വിസ്മയ, ഉണ്ണിമായാ പ്രകാശൻ, മയൂഖാ ഷാജി, അയനാ അഖിലേഷ്, ശിവാനി ഗിരീഷ്, അശ്വികാ ഷാരോൺ, ചന്ദ്ര ബാലാ സവിത്, എ.വി. പാർവതി, എം.വി. അനിന്ദിതാ പദ്മ ബാല, ഗോപനന്ദാ രാജേഷ്, സനികാ കല്യാണി എന്നിവരാണ് അരങ്ങിലെത്തുന്നത്.
