രാവിലെ ഇതാണോ സ്ഥിരമായി കഴിക്കുന്നത്? ഒഴിവാക്കേണ്ട അഞ്ച് പ്രഭാതഭക്ഷണങ്ങൾ

Share our post

നമ്മുടെ ആരോഗ്യം നിലനിർത്തുന്നതിൽ പ്രഭാതഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. എന്നാൽ പലരും തിരക്കുകൾ കാരണം ശരിയായ രീതിയിൽ പ്രഭാതഭക്ഷണം കഴിക്കാറില്ലെന്നതാണ് വാസ്തവം.അതേസമയം, പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് അമേരിക്കൻ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും ആരോഗ്യവിദഗ്ധനുമായ ഡോ. പാൽ മണികം പങ്കുവെച്ചിട്ടുണ്ട്. സാധാരണ ആരോഗ്യകരമെന്ന് കരുതി പലരും കഴിക്കുന്ന ചില പ്രഭാതഭക്ഷണങ്ങൾ ദിവസം തുടങ്ങാനുള്ള മികച്ച തിരഞ്ഞെടുപ്പല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

പൂരിയും ഉരുളക്കിഴങ്ങ് കറിയും

പലരുടെയും പ്രിയപ്പെട്ട ഇന്ത്യൻ പ്രഭാതഭക്ഷണമാണിത്. എന്നാൽ പൂരി എണ്ണയിൽ വറുത്തതും കാർബോഹൈഡ്രേറ്റ് കൂടുതലുള്ളതുമായതിനാൽ അമിതമായ എണ്ണയുടെ ഉപയോഗത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നതിനും ഭക്ഷണശേഷം മയക്കത്തിനും കാരണമാകാം. ഉയർന്ന കലോറിയും താരതമ്യേന കുറഞ്ഞ പോഷകമൂല്യവും കണക്കിലെടുത്ത് ഇത് പതിവ് പ്രഭാതഭക്ഷണമാക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധന്റെ നിർദേശം.

വെണ്ണയും ജാമും ചേർത്ത വൈറ്റ് ബ്രെഡ്

വെണ്ണയും ജാമും ചേർത്ത വൈറ്റ് ബ്രെഡ് രുചികരമാണെങ്കിലും പോഷകമൂല്യത്തിന്റെ കാര്യത്തിൽ മികച്ച തിരഞ്ഞെടുപ്പല്ല. ഫൈബർ വളരെ കുറവായ ഇവയിൽ പഞ്ചസാരയും കൊഴുപ്പും കൂടുതലായിരിക്കും. കഴിച്ച ഉടൻ വയറുനിറഞ്ഞതായി തോന്നിയാലും അധികം വൈകാതെ വീണ്ടും വിശക്കാൻ സാധ്യതയുണ്ട്.

ഇൻസ്റ്റന്റ് നൂഡിൽസ്

പാക്കറ്റിൽ ലഭിക്കുന്ന ഇൻസ്റ്റന്റ് നൂഡിൽസിൽ റിഫൈൻഡ് കാർബോഹൈഡ്രേറ്റ്, സോഡിയം, വിവിധ അഡിറ്റീവുകൾ എന്നിവ കൂടുതലായിരിക്കാം. പ്രോട്ടീനും ഫൈബറും കുറവായതിനാൽ പ്രഭാതഭക്ഷണത്തിന് ഇത് അനുയോജ്യമായ തിരഞ്ഞെടുപ്പല്ലെന്നാണ് ഡോക്ടർ പറയുന്നത്.

പച്ചക്കറികളില്ലാത്ത ഉപ്പുമാവ്

ഉപ്പുമാവ് ആരോഗ്യകരമാണെന്ന് കരുതുന്നവരുണ്ടെങ്കിലും വെറും റവയും എണ്ണയോ നെയ്യോ ഉപയോഗിച്ച് തയ്യാറാക്കുന്ന ഉപ്പുമാവിൽ പോഷകങ്ങൾ കുറവായിരിക്കും. എന്നാൽ പച്ചക്കറികളും പയറുവർഗങ്ങളും ചേർത്ത് ഉപ്പുമാവ് തയ്യാറാക്കിയാൽ പോഷകമൂല്യം വർധിപ്പിക്കാം.

പാലിനൊപ്പം കഴിക്കുന്ന സീരിയൽ

കോൺഫ്ലേക്സ് പോലുള്ള സീരിയലുകൾ ആരോഗ്യകരമായ പ്രഭാതഭക്ഷണമായി പലരും കരുതാറുണ്ട്. എന്നാൽ ചില സീരിയലുകളിൽ പഞ്ചസാരയും റിഫൈൻഡ് കാർബോഹൈഡ്രേറ്റും കൂടുതലായിരിക്കാം. പാലിനൊപ്പം കഴിക്കുന്നതുകൊണ്ട് മാത്രം ഇവ ആരോഗ്യകരമാണെന് പറയാൻ സാധിക്കില്ലെന്നാണ് ഡോക്ടറുടെ അഭിപ്രായം.

അതിനാൽ പ്രഭാതഭക്ഷണത്തിൽ പ്രോട്ടീനും ഫൈബറും ഉൾപ്പെടുത്തുന്നതിന് പ്രാധാന്യം നൽകുന്നതാണ് ഉചിതം. പച്ചക്കറികൾ, പയറുവർഗങ്ങൾ, ധാന്യങ്ങൾ തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഭക്ഷണം കൂടുതൽ സമീകൃതമാക്കാൻ സഹായിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!