വ്യായാമം ചെയ്യാൻ പറ്റിയ സമയം ഏതാണ്? നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്ന സമയം ഇതാണ്!

Share our post

തിരക്കേറിയ ജീവിതത്തിൽ പലരും മറന്നുപോകുന്ന ഒന്നാണ് വ്യായാമം. വ്യായാമം ചെയ്യുന്നതുകൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ ആരേയും പറഞ്ഞറിയിക്കേണ്ടതില്ല. രക്തസമ്മർദ്ദം ക്രമീകരിക്കാനും പേശിബലം വർധിപ്പിക്കാനും തുടങ്ങി മാനസികാരോഗ്യം മെച്ചപ്പെടുത്താൻ വരെ ശരീരത്തിന് വ്യായാമം കൂടിയേതീരൂ. ശരീരത്തിന്റെ സർക്കാഡിയൻ റിഥം എന്നറിയപ്പെടുന്ന ആന്തരിക ഘടികാരത്തെ കൃത്യമായി നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ് വ്യായാമം. ഉറക്കം മെച്ചപ്പെടുത്തുക, ഉന്മേഷം നൽകുക തുടങ്ങിയ ശരീരത്തിന്റെ ജൈവഘടികാരത്തെ വ്യായാമം നന്നായി സ്വാധീനിക്കുന്നുണ്ട്. എന്നാൽ വ്യായാമത്തിന് ഏതാണ് പറ്റിയ സമയമെന്നത് പലർക്കുമുള്ള സംശയമാണ്. ഹൃദയാരോ​ഗ്യം സംരക്ഷിക്കാൻ ഏത് സമയമാണ് വ്യായാമത്തിനായി തെരഞ്ഞെടുക്കേണ്ടത് എന്ന് നോക്കാം.

രാവിലെ വ്യായാമം ചെയ്താലുള്ള ​ഗുണങ്ങൾ

രാവിലെ വ്യായാമം ചെയ്താൽ ഹൃദയത്തിന് ​ഗുണങ്ങൾ പലതാണ്. പ്രത്യേകിച്ച് രാവിലെ 8 മണിക്കും 11 മണിക്കും ഇടയിലുള്ള വ്യായാമം ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ച് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഇതുവഴി സാധിക്കും. ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ ഊർജ്ജമാക്കി മാറ്റാനും ശരീരത്തിന് ഇതിലൂടെ കഴിയും. അതേപോലെ രാവിലെ പതിവായി വ്യായാമം ചെയ്യുന്ന സ്ത്രീകൾക്ക് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറവാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

വൈകുന്നേരങ്ങളിൽ വ്യായാമം ചെയ്താലുള്ള ​ഗുണങ്ങൾ

രാവിലെ 8 മണിക്കും 11 മണിക്കും ഇടയിലുള്ള വ്യായാമം പോലെ തന്നെ വൈകുന്നേരം 4 മണിക്കും 7 മണിക്കും ഇടയിലുള്ള വ്യായാമവും ഹൃദയത്തിന് നല്ലതാണ്. വൈകുന്നേരങ്ങളിൽ പേശികൾക്ക് ചൂട് കൂടുതലായതിനാൽ പരിക്കുകൾ കൂടാതെ കൂടുതൽ കഠിനമായ വ്യായാമങ്ങൾ ചെയ്യാൻ സാധിക്കും. കൂടാതെ രക്തധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കൃത്യമായി നിലനിർത്താനും സാധിക്കും. കൊളസ്ട്രോൾ, ഗ്ലൂക്കോസ് നിലകൾ ക്രമീകരിക്കുന്നതിലും ഈ സമയത്തെ വ്യായാമത്തിന് വലിയ പങ്കുണ്ട്. ജോലിത്തിരക്കുകൾക്ക് ശേഷം വൈകുന്നേരം വ്യായാമം ചെയ്യുന്നത് വഴി ആ ദിവസത്തെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഇതുവഴി സാധിക്കും.

വ്യായാമത്തിന് നിങ്ങൾ കണ്ടെത്തുന്ന സമയം ഏതുതന്നെ ആവട്ടെ, പക്ഷേ സ്ഥിരതയോടെ ചെയ്യുകയെന്നതാണ് പ്രധാനം. ദിവസം 2-3 തവണയായി 10-15 മിനിറ്റ് വേഗത്തിൽ നടക്കുന്നത് പോലും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതേപോലെ തന്നെ പ്രധാനമാണ് ഏറോബിക്, റെസിസ്റ്റൻസ് വ്യായാമങ്ങൾ ഉൾപ്പെടുത്തുന്നതും. നടത്തം, നീന്തൽ, സൈക്ലിങ് തുടങ്ങിയ ഏറോബിക് വ്യായാമങ്ങളും ഭാരമുയർത്തിയുള്ള റെസിസ്റ്റൻസ് വ്യായാമങ്ങളും ചേർത്തുകൊണ്ടുള്ള വ്യായാമം നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

നിങ്ങളുടെ ജീവിതശൈലിക്ക് അനുയോജ്യമായ സമയം തിരഞ്ഞെടുത്ത് ദിവസവും അത് പിന്തുടരുക എന്നതാണ് പ്രധാനം. ക്രമമായ വ്യായാമത്തിലൂടെ ഹൃദയത്തെയും ശരീരത്തെയും എന്നും ആരോഗ്യത്തോടെ നിലനിർത്താം.

ശ്രദ്ധിക്കുക, രക്തസമ്മർദ്ദമോ മറ്റ് ഹൃദ്രോഗങ്ങളോ ഉള്ളവർ പുതിയ വ്യായാമങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ഒരു കാർഡിയോളജിസ്റ്റിന്റെ ഉപദേശം തേടി മാത്രം ചെയ്യാൻ ശ്രമിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!