എ.ഐ. സൗജന്യമായി പഠിക്കാം, കൂടെ വൻകിട കമ്പനികളുടെ സർട്ടിഫിക്കറ്റും; പദ്ധതിയുമായി സംസ്ഥാന സർക്കാർ

Share our post

കൊച്ചി: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം നൽകുന്നതിനായി പദ്ധതി. പദ്ധതി പൂർണമായും സൗജന്യമാണ്.

തിരുവനന്തപുരം ആസ്ഥാനമായ ഐ.സി.ടി. അക്കാദമി ഓഫ് കേരളയ്ക്കാണ് പരിശീലനത്തിന്റെ ചുമതല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കൊപ്പം ഐ.ടി. കമ്പനികൾക്കും അക്കാദമിയിൽ പ്രാതിനിധ്യമുണ്ട്. ഗൂഗിൾ ഫോർ ഡിവലപ്പേഴ്സ്, ഗൂഗിൾ ഫോർ എജുക്കേഷൻ, ഇന്റൽ, ഇൻഫോസിസ് സ്പ്രിങ് ബോർഡ്, എൽ ആൻഡ് ടി എഡ്യുടെക്, അഡോബ്, മോംഗോഡിബി, സെയിൽസ്‌ഫോഴ്സ്, സെലോനിസ്, റെഡ് ഹാറ്റ്, ആമസോൺ വെബ് സർവീസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ സഹകരണവും സർട്ടിഫിക്കേഷനും പദ്ധതിയിൽ ചേരുന്നവർക്ക് കിട്ടും.

നിർമിതബുദ്ധിയിലെയും മറ്റു നൂതന സാങ്കേതികവിദ്യകളിലെയും അറിവും പ്രായോഗിക വൈദഗ്ധ്യവും ഇനി തൊഴിലുകളിൽ പ്രധാനമാണ്. കാമ്പസ് റിക്രൂട്ട്‌മെന്റിലും മറ്റും കമ്പനികൾ പ്രതീക്ഷിക്കുന്ന നൈപുണ്യം വിദ്യാർഥികൾക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. തൊഴിൽദാതാക്കൾ അംഗീകരിക്കുന്ന വിവിധ ഇൻഡസ്ട്രി സർട്ടിഫിക്കേഷനുകൾ നേടുന്നതിനുള്ള അവസരമാണ് പദ്ധതിയുടെ മുഖ്യ ആകർഷണം.

ഏറ്റവും പുതിയ എ.ഐ. ടൂളുകൾ ഉപയോഗിച്ച് ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനുള്ള ശില്പശാലകൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ഏജന്റിക് എ.ഐ., സൈബർ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിലെ ടൂളുകളും വർക്ക്‌ സ്‌പെയ്സുകളും ഫലപ്രദമായി ഉപയോഗിക്കുന്നതിന് അധ്യാപകർക്കും പരിശീലനം നൽകും.

വിദ്യാർഥികൾക്കുള്ള പരിശീലനം ആദ്യഘട്ടത്തിൽ എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയോടും കൊച്ചി സർവകലാശാലയോടും അഫിലിയേറ്റ് ചെയ്തിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കും. തുടർന്ന് സംസ്ഥാനത്തെ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിൽ 50 പേർ തയ്യാറാണെങ്കിൽ പരിശീലനത്തിന് അപേക്ഷിക്കാം. ഓൺലൈനായും നേരിട്ടും പരിശീലനമുണ്ട്. ഈ അധ്യയന വർഷം 10,000 വിദ്യാർഥികൾക്ക് പരിശീലനം നൽകുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം വൈകാതെ തിരുവനന്തപുരത്ത് നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!