തട്ടുകടകളും പൊരിപ്പു കടകളും ഫാസ്റ്റ്ഫുഡ് കടകളും ലക്ഷ്യം; ‘ഓപ്പറേഷൻ തെളിമ’യിൽ പിടിച്ചത് 20 ലീറ്റർ പഴകിയ എണ്ണ: എട്ട് കടകൾ പൂട്ടിച്ചു

Share our post

കൊട്ടാരക്കര : ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ നടത്തിയ ‘ഓപ്പറേഷൻ തെളിമ’ പരിശോധനയിൽ ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായും പ്രവർത്തിച്ച 8 കടകൾ അടച്ചുപൂട്ടി. പഴകിയ 20 ലീറ്റർ എണ്ണ പിടികൂടി. ഒട്ടേറെ സ്ഥാപനങ്ങൾക്ക് പിഴയിടാൻ നോട്ടിസ് നൽകി. 6 സംഘങ്ങളായി തിരിഞ്ഞ് കൊട്ടാരക്കരയുടെ വിവിധ ഭാഗങ്ങളിലായിരുന്നു പരിശോധന. തട്ടുകടകളും പൊരിപ്പു കടകളും രാത്രി പ്രവർത്തിക്കുന്ന ഫാസ്റ്റ്ഫുഡ് കടകളുമായിരുന്നു ലക്ഷ്യം.

പലഹാരങ്ങളും മാംസവും പൊരിക്കാനും വറുക്കാനും ഉപയോഗിക്കുന്ന എണ്ണയുടെ പരിശോധനയായിരുന്നു പ്രധാനം. ഇതിനായി സഞ്ചരിക്കുന്ന പരിശോധനാ സംവിധാനവും എത്തിച്ചിരുന്നു. പുലമൺ എഎൽബി. ബേക്കറി ആൻഡ് ഫ്രൂട്ട്‌സ്, ഡെയ്‌ലി ഫുഡ്‌സ്, ശ്രീദുർഗ, ഇഞ്ചക്കാട് ഹോട്ടൽ ഗ്രാൻഡ്, മൈലം ബൂസ്റ്റർ ചായ, പുലമൺ നന്മ ഫുഡ്‌സ്, കെഎസ്ഇബിക്കു സമീപം മലയാളി കഫേ, മൈലം സോങ് മം ബർഗർ എന്നീ സ്ഥാപനങ്ങളാണ് പൂട്ടിയത്.

പഴകിയ എണ്ണ ഉപയോഗിച്ചതും വൃത്തിയില്ലായ്മയും മറ്റു ക്രമക്കേടുകളും കണ്ടെത്തിയ 11 കടകൾക്ക് പിഴ ഈടാക്കാൻ നോട്ടിസ് നൽകി. ഭക്ഷ്യസുരക്ഷ ജോയിന്റ് കമ്മിഷണർ എസ്. അജി, അസി. കമ്മിഷണർ എ. സക്കീർഹൂസൈൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!